ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണെന്നും, ഇതെല്ലാം പരിചിതമാണെന്നും സ്വര ഭാസ്‌കര്‍. മലയാള സിനിമയിലെ വനിത താരങ്ങളുടെ സംഘടനയായ വിമണ്‍ ഇൻ സിനിമാ കളക്‌ടീവിന് (ഡബ്ല്യുസിസി) അഗാധമായ നന്ദിയും പിന്തുണയും അറിയിക്കാനും സ്വര ഭാസ്‌കര്‍ മറന്നില്ല.
മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടുന്ന സമീപകാല ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു താരം. ഒരു നീണ്ട കുറിപ്പ് ഇൻസ്‌റ്റഗ്രാംമില്‍ പങ്കുവെക്കുകയായിരുന്നു താരം. കമ്മിറ്റിയുടെ കണ്ടെത്തലുകൾ വായിച്ച് തന്‍റെ 'ഹൃദയം തകർന്നു' എന്നാണ് സ്വര ഭാസ്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
'ഒടുവിൽ ഞാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് വായിക്കാൻ തുടങ്ങി. മറ്റെന്തിനേക്കാളും മുമ്പ്, ലൈംഗികാതിക്രമങ്ങൾക്കും അക്രമങ്ങൾക്കും എതിരെ നിരന്തരം ശബ്‌ദം ഉയർത്തുന്ന വിമണ്‍ ഇൻ സിനിമാ കളക്‌ടീവിലെ (ഡബ്ല്യുസിസി) ധീരരായ സ്ത്രീകൾക്ക് ആലിംഗനവും നന്ദിയും അറിയിക്കുന്നു. ഡബ്ല്യുസിസിയാണ് സിനിമയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ, ഒരു വിദഗ്‌ധ സമിതി പരിശോധിക്കണമെന്നും ഹേമ കമ്മിറ്റി പരിഹാരങ്ങൾ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടത്.
ലൈംഗിക പീഡനവും അക്രമവും അനുഭവിച്ച എല്ലാ സ്ത്രീകളും പരസ്‌പരം കൈകോർത്ത് പിടിച്ച് സാന്ത്വനമേകി. നിങ്ങളാണ് ഹീറോസ്. വലിയ അധികാര സ്ഥാനങ്ങളിലുള്ള ആളുകൾ ഇതിനകം ചെയ്യേണ്ട ജോലിയാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങളോട് ബഹുമാനവും ഐക്യദാർഢ്യവും.
കമ്മിറ്റിയുടെ കണ്ടെത്തലുകൾ വായിക്കുന്നത് ഹൃദയഭേദകമാണ്. പരിചിതമാണ് എന്നതിനാൽ തന്നെ, കൂടുതൽ ഹൃദയഭേദകമാണ്. റിപ്പോർട്ടുകളിലെ വിശദാംശങ്ങൾ അതുപോലെ ആണെന്നല്ല, എന്നാൽ സ്ത്രീകൾ സാക്ഷ്യപ്പെടുത്തിയ ആ സാഹചര്യം എല്ലാവർക്കും പരിചിതമാണ്.