ഹൈദരാബാദ്: സസ്യാഹാരിയായതിൽ അഭിമാനം കൊള്ളുന്നുവെന്ന ഫുഡ് ബ്ലോഗർ നളിനി ഉനഗറിൻ്റെ ട്വീറ്റിനെതിരെ ശക്തമായ നിലപാടുമായി നടി സ്വര ഭാസ്‌കർ. നളിനി ഉനഗർ എക്‌സിൽ അടുത്തിടെ പങ്കുവെച്ച ഫ്രൈഡ് റൈസും പനീറിൻ്റെയും ചിത്രത്തോടൊപ്പമാണ് താൻ ഒരു സസ്യാഹാരിയായതിൽ അഭിമാനിക്കുന്നുവെന്ന കുറിപ്പ് പങ്കുവെച്ചത്.
"ഞാൻ ഒരു സസ്യാഹാരിയായതിൽ അഭിമാനിക്കുന്നു. എൻ്റെ പ്ലേറ്റ് കണ്ണീരും ക്രൂരതയും കുറ്റബോധവും ഇല്ലാത്തതാണ്." എന്ന് നളിനി ഉനഗർ ട്വീറ്റ് ചെയ്‌തു. എന്നാൽ ഈ ട്വീറ്റിന് മറുപടിയുമായി സ്വര രംഗത്തെത്തി.
"സത്യസന്ധമായിട്ടും ഈ സസ്യാഹാരികളുടെ കള്ളത്തരം എനിക്ക് മനസ്സിലാകുന്നില്ല. പശുക്കിടാവിന് അമ്മയുടെ പാൽ നിഷേധിക്കുകയും പശുക്കളെ നിർബന്ധിച്ച് ഗർഭം ധരിപ്പിക്കുകയും പിന്നീട് അവയെ അമ്മയിൽ നിന്നും വേർപെടുത്തുന്നതു പോലെയാണ് നിങ്ങളുടെ ഭക്ഷണക്രമം മുഴുവനും. എന്നിട്ട് അവരുടെ പാൽ മോഷ്‌ടിക്കുകയും ചെയ്യുന്നു. നിങ്ങൾ വേരുപച്ചക്കറികൾ കഴിക്കുന്നുണ്ടോ? അത് ചെടിയെ മുഴുവൻ കൊല്ലുകയാണ് ചെയ്യുന്നത്". എന്ന് സ്വര പറഞ്ഞു.