'കങ്കുവ' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടൻ സൂര്യ കേരളത്തിലെത്തി. നടൻ കൊച്ചി എയർപോർട്ടിലെത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വലിയ ജനക്കൂട്ടമാണ് താരത്തെ കാണാനായി വിമാനത്താവളത്തില്‍ എത്തിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് കങ്കുവയുടെ കേരളത്തിലെ പ്രമോഷൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം ലുലു മാളിൽ വെച്ചാണ് കൊച്ചിയിലെ പ്രമോഷൻ പരിപാടി നടക്കുക.
27 വർഷമായി ജനങ്ങളുടെ സ്നേഹം ഇടതടവില്ലാതെ ലഭിക്കുന്നതുകൊണ്ടാണ് ഒരു നടൻ എന്നുള്ള രീതിയിൽ നിലനിൽക്കുന്നതെന്ന് സൂര്യ പറഞ്ഞു. കരിയറിന്‍റെ ഉയർച്ച താഴ്‌ചയിലും ജനങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹത്തിന് കുറവ് വന്നിട്ടില്ല. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത്രയധികം ജനങ്ങളുടെ സ്നേഹം ലഭിക്കുന്നതിന് എന്ത് പുണ്യമാണ് ഞാൻ കഴിഞ്ഞ ജന്മത്തിൽ ചെയ്‌തതെന്ന് അറിയില്ല. സൂര്യ വികാരാധിതനായി സംസാരിച്ചു. മലയാളി പ്രേക്ഷകരുടെ സ്നേഹം ജീവിതത്തിലെ അനുഗ്രഹമായാണ് കാണുന്നത്.
ഈ സിനിമയിൽ കൂടെ ജോലി ചെയ്‌തവരെ പടയാളികൾ എന്ന് വിശേഷിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അതിൽ 90% ആൾക്കാരും മലയാളികളാണ് എന്നുള്ളത് തന്നെ സന്തോഷിപ്പിക്കുന്നതായും സൂര്യ തുറന്നു പറഞ്ഞു.
ഞാൻ ആദ്യമായി കാണുന്നത് ത്രീഡി ചിത്രം മലയാള സിനിമയായ 'മൈഡിയർ കുട്ടിച്ചാത്തൻ' ആണ്. ഇപ്പോഴും ആ സിനിമയിലെ രംഗങ്ങൾ എന്‍റെ മനസ്സിൽ ഉണ്ട്. മലയാള സിനിമ അത്തരം മുന്നേറ്റങ്ങൾ ഒക്കെ വർഷങ്ങൾക്കു മുമ്പ് ചെയ്‌തു കഴിഞ്ഞു. കരിയറിൽ ഒരു ത്രീഡി സിനിമ ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തിന്‍റെ പരിസമാപ്‌തിയാണ് 'കങ്കുവ' സൂര്യ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'കങ്കുവ'യിലെ കഥാപാത്രമായി മാറുന്നതിന് വലിയ കഷ്ടപ്പാടുണ്ടായിരുന്നു. ദിവസവും രാവിലെ അഞ്ചുമണിക്ക് മേക്കപ്പ് ആരംഭിച്ചാൽ മാത്രമാണ് എട്ടുമണിക്ക് ആദ്യ ഷോട്ട് എടുക്കാൻ സാധിക്കുകയുള്ളൂ. ഏകദേശം 100 ദിവസത്തോളം ഈ സമാന രീതി തുടരേണ്ടതായി വന്നു. സൂര്യ വെളിപ്പെടുത്തി. സിനിമയോടുള്ള ഇഷ്ടക്കൂടുതൽ കാരണം ഏതുതരത്തിലുള്ള കഷ്ടപ്പാടിലൂടെ കടന്നു പോകുന്നതും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് സൂര്യ പറയുകയുണ്ടായി.
ഏകദേശം 3000 ത്തോളം ആൾക്കാർ കങ്കുവ സിനിമയുടെ പിന്നണിയിൽ ഉണ്ട്. അവരുടെയൊക്കെ ആത്മസമർപ്പണത്തിന്റെ ഫലമാണ് ചിത്രം. പതിനാലാം തീയതിയാണ് ചിത്രം നിങ്ങളിലേക്ക് മുന്നിലേക്ക് എത്തുക.