സിനിമാ പ്രേമികളുടെ ഇഷ്‌ട ദമ്പതികളാണ് തെന്നിന്ത്യന്‍ താരങ്ങളായ സൂര്യയും ജ്യോതികയും. പ്രേക്ഷകര്‍ക്ക് ഓര്‍ത്തു വയ്‌ക്കാന്‍ ഒത്തിരി ചിത്രങ്ങളാണ് ഈ ജോഡികള്‍ സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ വിവാഹത്തോടെ ജ്യോതിക സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ജ്യോതിക തനിക്കും കുടുംബത്തിനു നല്‍കിയ പിന്തുണയെ കുറിച്ചും ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറിയതിനെ കുറിച്ചും തുറന്നു പറയുകയാണ് സൂര്യ.
കോവിഡിന് ശേഷമാണ് സൂര്യയും കുടുംബവും ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറുന്നത്. അതിന്‍റെ യഥാര്‍ത്ഥ കാരണമാണ് ഇപ്പോള്‍ സൂര്യ തുറന്നു പറഞ്ഞത്.
18ാം വയസില്‍ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. കഴിഞ്ഞ 27 വര്‍ഷം ജ്യോതിക ചെന്നൈയില്‍ ആയിരുന്നു. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വര്‍ഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം. അതിനാലാണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്ന് സൂര്യ പറഞ്ഞു.
മാത്രമല്ല എല്ലാ സൗകര്യങ്ങളും തനിക്ക് മാത്രം ലഭിച്ചാല്‍ പോരാ അത് ജ്യോതികയ്ക്കും ലഭിക്കണം. കുട്ടികള്‍ക്ക് സ്‌കൂള്‍ സൗകര്യവും കൂടുതല്‍ അവസരങ്ങളും മുംബൈയില്‍ ആണുള്ളത്. ഒരു മാസത്തില്‍ പത്തു ദിവസം ഫോണ്‍ കോള്‍ പോലും എടുക്കാതെ മുംബൈയില്‍ മക്കളോടൊപ്പം മുംബൈയില്‍ സമയം ചെലവഴിക്കുന്നതില്‍ സന്തോഷം കണ്ടെത്താറുണ്ടെന്നും സൂര്യ പറഞ്ഞു.
സൂര്യയുടെ വാക്കുകള്‍
"18ാം വയസിലാണ് ജോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വര്‍ഷത്തോളം അവള്‍ ചെന്നൈയില്‍ ജീവിച്ചു. 18 വര്‍ഷം മാത്രം മുംബൈയില്‍ താമസിച്ച അവള്‍ 27 വര്‍ഷവും ചെന്നൈയിലായിരുന്നു ചെലവഴിച്ചത്. അവള്‍ എന്നോടും എന്‍റെ കുടുംബത്തോടൊപ്പവും ഉണ്ടായിരുന്നു. അവള്‍ അവളുടെ കരിയര്‍ ഉപേക്ഷിച്ചു. അവളുടെ സുഹൃത്തുക്കള്‍, അവളുടെ ബന്ധുക്കള്‍, അവളുടെ ബാന്ദ്രയിലെ ജീവിത ശൈലി, എല്ലാം ഉപേക്ഷിച്ച് അവള്‍ ചെന്നൈയില്‍ താമസിച്ചു.
എന്നോടും എന്‍റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതില്‍ അവള്‍ സന്തോഷവതിയായിരുന്നു. ഇപ്പോള്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്‌ത്രീക്കും ആവശ്യമാണ്. അവള്‍ക്ക് അവളുടെ കുടുംബം, സുഹൃത്തുകള്‍, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിലും സ്‌ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് കരുതുന്നു. അവളുടെ മാതാപിതാക്കളില്‍ നിന്നും അവളുടെ ജീവിത ശൈലിയില്‍ നിന്നും അവള്‍ ചെയ്യാന്‍ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നതെന്തിനാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ ഈ മാറ്റം വരുത്താന്‍ പോകുന്നത്. എന്തിന് എനിക്ക് മാത്രം ലഭിക്കണം അതായിരുന്നു എന്‍റെ ചിന്ത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജ്യോതികയ്ക്ക് മിക്കപ്പോഴും പ്രതിസന്ധികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഞാന്‍ മിക്കപ്പോഴും പേരെടുത്ത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ പുതുമുഖ സംവിധായകര്‍ക്കൊപ്പമാണ് ജ്യോതിക പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുള്ളത്. മുംബൈയിലേക്ക് മാറിയതോടെ ശ്രീകാന്ത് ശൈതാന്‍, ഡബ്ബ കാര്‍ട്ടല്‍, കാതല്‍ തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. ഒരു അഭിനേതാവെന്ന നിലയില്‍ അവളുടെ വളര്‍ച്ച കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്.
എന്‍റെ കുട്ടികള്‍ ഐബി സ്‌കൂളിലാണ് പഠിച്ചത്. ചെന്നൈയില്‍ രണ്ട് ഐബി സ്‌കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നമ്മുടെ കുട്ടികള്‍ നന്നായി പഠിക്കുന്നത് നമുക്ക് അഭിമാനമുള്ള കാര്യമാണ്. അവര്‍ എല്ലാത്തിലും മികവ് പുലര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുംബൈയില്‍ ധാരാളം ഐബി സ്‌കൂളുകളും നല്ല അവസരങ്ങളുമുണ്ട്. അങ്ങനെ അവര്‍ മുംബൈയിലേക്ക് താമസം മാറി. ഞാന്‍ ചെന്നൈയിക്കും മുംബൈയ്ക്കും ഇടയില്‍ ബാലന്‍സ് ചെയ്‌തു പോകുന്നു. ഞാന്‍ മാസത്തില്‍ 20 ദിവസം മാത്രമേ ജോലി ചെയ്യുകയുള്ളു. 10 ദിവസം ഞാന്‍ ഒന്നും ചെയ്യുന്നില്ല. ഫോണ്‍ കോളുകള്‍ എടുക്കുകയോ ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയോ ഇല്ല. മുംബൈയില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ സൈലന്‍റായി ഇരിക്കും. എന്‍റെ മകളെ പാര്‍ക്കില്‍ കൊണ്ടുപോകാനും ഐസ്ക്രീം വാങ്ങിക്കൊടുക്കുവാന്‍ കൊണ്ടുപോകാനും ഒരുഡ്രൈവിന് കൊണ്ടുപോകാനും എന്‍റെ മകനെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടു പോകാനും ഞാന്‍ സമയം കണ്ടെത്തും.
എന്‍റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്‍റെ കുടുംബം മുംബൈയില്‍ വരുമ്പോള്‍ ഞങ്ങള്‍ എല്ലാം കൂടി ഒരുമിച്ച് പുറത്തു പോകും. ഷോപ്പിങ്ങിന് പോകും സാധനങ്ങള്‍ വില പേശി വാങ്ങും രണ്ടിടത്തും കുട്ടികള്‍ സന്തോഷമായി സമയം ചെലവഴിക്കും. അവരുടെ കുട്ടിക്കാലം വളരെ വിലപ്പെട്ടതാണ്. എന്‍റെ കുട്ടികള്‍ക്കും നല്ലൊരു കുട്ടിക്കാലം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് സ്‌ട്രീറ്റില്‍ കൂടി നടക്കാന്‍ കഴിയണം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കഴിയണം. മുംബൈയിലേക്ക് അവര്‍ക്ക് അതെല്ലാം കഴിയുന്നുണ്ട്", സൂര്യ പറഞ്ഞു.
Also Read:തുണിക്കടയില്‍ ജോലിക്ക് പോയി, അമ്മയുടെ കടം വീട്ടാനായി സിനിമയിലേക്ക്; നടനായതിനെ കുറിച്ച് സൂര്യ