എറണാകുളം:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരമാണ് നടൻ സുരേഷ് കൃഷ്‌ണ. കൺവിൻസിങ് സ്‌റ്റാർ, ചീറ്റിങ് സ്‌റ്റാർ എന്നീ ടാഗ് ലൈനുകളോടെ സുരേഷ് കൃഷ്‌ണ അഭിനയിച്ച സിനിമയിലെ അദ്ദേഹത്തിന്‍റെ ചില രംഗങ്ങൾ നമ്മുടെയൊക്കെ യഥാർഥ ജീവിത മുഹൂർത്തങ്ങളുമായി കൂട്ടിയിണക്കിയാണ് ട്രോളുകളുടെ ചാകര.
ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇതിനൊക്കെ തുടക്കം. ഒരാളെ വെടിവച്ച് കൊന്നശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച മോഹൻലാൽ കഥാപാത്രത്തിനോട് നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക് ഞാൻ വക്കീലുമായി വരാമെന്നും പറഞ്ഞ് തോക്ക് കയ്യിൽ വച്ച് കൊടുത്ത ശേഷം രക്ഷപ്പെടുന്ന സുരേഷ് കൃഷ്‌ണയുടെ കഥാപാത്രത്തിന്‍റെ പ്രവർത്തി സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കൾ നമ്മുടെയൊക്കെ ജീവിതത്തിൽ തരുന്ന നല്ല ഒന്നാന്തരം പണി ഇങ്ങനെയാണ് എന്നതാണ് ട്രോളിന്‍റെ സാരാംശം.
കൃത്യമായി പറഞ്ഞാൽ രണ്ട് വർഷം മുമ്പാണ് ക്രിസ്ത്യൻ ബ്രദേഴ്‌സിലെ രംഗം സോഷ്യൽ മീഡിയയിൽ ട്രോൾ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ വീണ്ടും രംഗം ശ്രദ്ധിക്കപ്പെട്ടതോടെ സുരേഷ് കൃഷ്‌ണ ചതിയനായ കഥാപാത്രമായി അഭിനയിച്ചിട്ടുള്ള പല സിനിമകളുടെയും രംഗങ്ങൾ വെട്ടിയെടുത്ത് തുലാവർഷ മഴ പോലെ ഇന്‍റർനെറ്റിൽ പെയ്‌തിറങ്ങി.
നീ കുപ്പിയെടുക്ക്, ഞാൻ ജി പേ ചെയ്യാം, എല്ലാത്തിനും ഞാനുണ്ട് കൂടെ എന്നീ ടൈറ്റിലുകളും ഒപ്പം സുരേഷ് കൃഷ്‌ണയുടെ ഒരു ചിരിക്കുന്ന മുഖവും. ഒപ്പം സുരേഷ് കൃഷ്‌ണ അഭിനയിച്ച പല ചതിയൻ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളും ഇന്‍റർനെറ്റ് ലോകം ഇപ്പോൾ ഭരിക്കുകയാണ്.
തന്‍റെ കഥാപാത്രങ്ങൾ വച്ചുള്ള ട്രോളുകൾക്ക് ആദ്യമായി പ്രതികരിച്ച് നടൻ സുരേഷ് കൃഷ്‌ണ:ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന തനിക്കെതിരെയുള്ള ട്രോളുകളോട് ഒരുതരത്തിലുമുള്ള വിരോധ മനോഭാവവും തനിക്കില്ലെന്ന് നടൻ സുരേഷ് കൃഷ്‌ണ ഇടിവി ഭാരതിനോട് പ്രതികരിച്ചു. ഞാൻ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമാണ് ഇപ്പോൾ ട്രോളുകൾക്ക് കാരണമാകുന്നത്. ഒരിക്കലും അതൊരു പരസ്യമായ കളിയാക്കൽ ആണെന്ന് കരുതുന്നില്ല. തന്നെ ഇതുവരെയും ഒരു ട്രോളിലൂടെയും ബോഡി ഷേമിങ് നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ട്രോളുകൾക്ക് സ്വാഗതം പറയുന്നുവെന്ന് സുരേഷ് കൃഷ്‌ണ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ അധികം ആക്‌ടീവായ ഒരാൾ അല്ല താൻ. കഴിഞ്ഞ ദിവസം മുതലാണ് സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഫോണിൽ ഓരോരോ ലിങ്കുകൾ അയച്ച് തരുന്നത്. ആ രീതിയിൽ കണ്ട എല്ലാ ട്രോളുകളും ആസ്വദിക്കുകയും അതിലെ തമാശ ഉൾക്കൊണ്ട് ചിരിക്കുകയും ചെയ്‌തു. ഏതോ ഒരു ചിത്രത്തിലെ ഞാൻ അഭിനയിച്ച രംഗം കുറച്ചധികം വിദേശികളെ കൂടെ ഗ്രാഫിക്‌സിൽ ഉൾപ്പെടുത്തി എഡിറ്റ് ചെയ്‌ത് ചേർത്തൊരു ട്രോൾ നന്നായി ആസ്വദിച്ചു.