ഈ പ്രണയ ദിനത്തില്‍ (ഫെബ്രുവരി 14) തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'പൈങ്കിളി'. റിലീസ് ചെയ്‌ത് മൂന്ന് ദിവസം പിന്നിടുമ്പോഴും ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. സിനിമയിലെ ആദ്യ പ്രമോഷണൽ വീഡിയോയായി റിലീസ് ചെയ്‌ത 'ഹാര്‍ട്ട് അറ്റാക്ക്' ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ജസ്‌റ്റിൻ വർഗീസിന്‍റെ മികവാര്‍ന്ന സംഗീതവും മികച്ച മേക്കിംഗുമാണ് ഗാനത്തെ ജനപ്രിയമാക്കിയത്. പ്രണയ പരവശനായി അനശ്വരയുടെ കഥാപാത്രത്തിന് പിന്നാലെ വായുവിൽ ഒഴുകി നടക്കുന്ന സജിൻ ഗോപുവിന്‍റെ കഥാപാത്രമായ സുകു കാഴ്‌ച്ചക്കാരിൽ കൗതുകം സൃഷ്‌ടിച്ചിരുന്നു.
എങ്ങനെയാണ് സുകു വീടിനുള്ളിലും ഉമ്മറത്തും ഒഴുകി നടക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്? ഇത്തരം ഒരു സംശയം ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയ ദിവസം മുതൽ സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗാനത്തിന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ശ്രീജിത്ത് ബാബു. സിനിമയിലെ 'ഹാർട്ട് അറ്റാക്ക്' ഗാനത്തിന് പിന്നിലെ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു.
"സജിൻ ഗോപുവിന്‍റെ കഥാപാത്രമായ സുകുവിന് അനശ്വരയുടെ കഥാപാത്രത്തോട് പ്രണയം തോന്നി തുടങ്ങുമ്പോഴാണ് ഹാർട്ട് അറ്റാക്ക് എന്ന ഗാനത്തിന്‍റെ പ്രസക്‌തി. സുകുവിന് പ്രണയം തോന്നിയാൽ അയാൾക്ക് ചുറ്റുമുള്ളവരെല്ലാം നൃത്തം ചെയ്യുമെന്ന് അയാൾ സങ്കൽപ്പിക്കും. പഴയ ചിന്താഗതിയിൽ ക്രിഞ്ച് ഡയലോഗുകൾ പറയുന്നത് സുകുവിന്‍റെ സ്വഭാവ വിശേഷതയാണ്. സുകുവിന്‍റെ കഥാപാത്രത്തിന്‍റെ വീടിന് മുന്നിലും ഉള്ളിലുമാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്," ശ്രീജിത്ത് ബാബു പറഞ്ഞു.
എന്നാൽ ഹാർട്ട് അറ്റാക്ക് ഗാനം ഇപ്രകാരമല്ല ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. "അനശ്വരയുടെ കഥാപാത്രത്തെ പിന്തുടരുന്ന തരത്തിൽ വീട്ടിലും, കവലയിലും, സുകുവിന്‍റെ ജോലിസ്ഥലമായ പ്രിന്‍റിംഗ് പ്രസിലും ഗാനത്തിന്‍റെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നു. വളരെ വൈഡായ രീതിയിൽ ഒരുപാട് സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന തരത്തിലാണ് ആ ഗാനം ഒരുക്കാൻ പ്ലാൻ ചെയ്‌തത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സുകുവിന്‍റെ വീടിന്‍റെ ലൊക്കേഷനിൽ മാത്രം ഗാനം ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു," സംവിധായകന്‍ പറഞ്ഞു.
ഒരു വീടിന് ചുറ്റും മാത്രം ഗാനം ചിത്രീകരിക്കുമ്പോൾ എന്തെങ്കിലും പോരായ്‌മ സംഭവിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. "അങ്ങനെ ഒരു ഭയം ഉള്ളിൽ വച്ചാണ് ഹാർട്ട് അറ്റാക്ക് എന്ന ഗാനം ഷൂട്ട് ചെയ്‌തത്. എന്നാൽ ഗാനം ചിത്രീകരിച്ച ഫൈനൽ ഔട്ട് കണ്ടപ്പോൾ ആ സംശയം മാറി. വലിയ വിഎഫ്‌എക്‌സിന്‍റെ പിന്തുണ ഇല്ലാതെയാണ് ആ ഗാനം ചിത്രീകരിച്ചിരിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന രംഗത്തിൽ ഉടനീളം കുമിളകൾ കാണാം. ഇതേക്കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തി. "കണ്ടിന്യൂറ്റി നഷ്‌ടപ്പെടാതെ വീടിനുള്ളിലും പുറത്തും ഫ്രെയിം നിറയെ കുമിളകൾ ഉണ്ടായിരുന്നു. വിഎഫ്‌എക്‌സ് ഉപയോഗിച്ച് കുമിളകൾ സൃഷ്‌ടിച്ചിട്ടില്ല. ബബിൾ ഗൺ ഉപയോഗിച്ച് സിനിമയുടെ ആർട്ട് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ സൃഷ്‌ടിച്ചതാണ് ആ മനോഹാരിത," സംവിധായകന്‍ വ്യക്‌തമാക്കി.