ബോബൻ സാമുവലിന്‍റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ 'മച്ചാന്‍റെ മാലാഖ' റിലീസിനൊരുങ്ങുന്നു. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി പ്രേക്ഷകർക്കരികിൽ എത്തും. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്‌ണ എന്നിങ്ങനെ വലിയ താരനിരയുമായാണ് 'മച്ചാന്‍റെ മാലാഖ' എത്തുന്നത്.
സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഫാമിലി എന്‍റർടെയിനർ ജോണറിൽ എത്തുന്ന ചിത്രത്തിന്‍റെ നിർമാണം എബ്രഹാം മാത്യുവാണ്. അബാം മുവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാമാണ് 'മച്ചാന്‍റെ മാലാഖ' അവതരിപ്പിക്കുന്നത്. അബാം മുവീസിൻ്റെ പതിമൂന്നാമത് സിനിമ കൂടിയാണിത്.
ഏറെ സാമൂഹിക പ്രസക്തിയുള്ള പ്രമേയമാണ് ഈ ഫാമിലി എന്‍റർടെയിനർ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. സംവിധായകൻ ജക്‌സൺ ആന്‍റണിയുടേതാണ് ഈ സിനിമയുടെ കഥ. തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസുമാണ്.