'പ്ലസ്‌ടു, ബോബി, കാക്കിപ്പട' എന്നി ചിത്രങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി ഷെബി ചൗഘട്ട് എത്തുന്നു. വ്യത്യസ്‌തമായ പ്രമേയങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച സംവിധായകൻ ഇത്തവണ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന സിനിമയുമായാണ് എത്തുന്നത്. റുഷി ഷാജി കൈലാസാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് (Shebi Chaughat's 'Gangs of SukumaraKurup' starring Rushi Shaji Kailas begins).
പ്രശസ്‌ത സംവിധായകൻ ഷാജി കൈലാസിന്‍റെയും മുൻ നടി ആനിയുടെയും മകനായ റുഷി ഷാജി കൈലാസിന്‍റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവിന് കൂടിയാണ് 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' സാക്ഷ്യം വഹിക്കുന്നത്. ജനുവരി 31, ബുധനാഴ്‌ചയാണ് ഈ ചിത്രത്തിന് അണിയറ പ്രവർത്തകർ തുടക്കം കുറിച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
സംവിധായകൻ ഷാജി കൈലാസ് ഭദ്രദീപം തെളിയിച്ചതോടെയാണ് പൂർണ്ണമായും ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിന് തുടക്കമായത്. പ്രകാശിനി, പ്രജീവ് സത്യവ്രതൻ, നിർമ്മാതാവ് സന്തോഷ് ദാമോദരൻ, ബിഗ് ബോസ് താരം രജത് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. റുഷി ഷാജി കൈലാസ്, സൂര്യക്രിഷ്, സിനോജ് വർഗീസ്, വൈഷ്‌ണവ് എന്നിവർ അണിനിരക്കുന്ന രംഗം ചിത്രീകരിച്ചാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
ഷെബി ചൗഘട്ടിന്‍റെ മുൻ ചിത്രങ്ങളെല്ലാം വ്യത്യസ്‌ത പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 'പ്ലസ് ടു' കാമ്പസ് ജീവിതത്തിന്‍റെ കഥയാണ് പറഞ്ഞതെങ്കിൽ 'ബോബി' തികഞ്ഞ ഒരു പ്രണയ കഥയായിരുന്നു. 'കാക്കിപ്പട'യാകട്ടെ ഒരു കുറ്റവാളിക്ക് സംരക്ഷണം നൽകേണ്ടി വരുന്ന ഏതാനും പൊലീസ് സേനാംഗങ്ങളുടെ കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. ഷെബിയുടെ നാലാമത് ചിത്രമായ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും' വേറിട്ട ഇതിവൃത്തമാണ് പ്രമേയമാക്കുന്നത് എന്നാണ് വിവരം.