ഷെയിൻ നാഗം നായകനായി പുതിയ ചിത്രം വരുന്നു. മലയാളം, തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം സ്‌പോർട്‌സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഒരു മാസ് എന്‍റർടെയിനർ സിനിമയായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഷെയിനിന്‍റെ കരിയറിലെ 25-ാമത് ചിത്രം കൂടിയാണിത്. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
നവാഗതനായ ഉണ്ണി ശിവലിംഗം ആണ് ഈ പേരിടാത്ത ഈ ചിത്രത്തിന്‍റെ സംവിധായകൻ. എസ്‌ടികെ ഫ്രെയിംസിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ബിനു അലക്‌സാണ്ടർ ജോർജും ചേർന്നാണ് നിർമ്മാണം. എസ്‌ടികെ ഫ്രെയിംസിന്‍റെ 14-ാമത് ചിത്രമാണിത്.
നിരവധി സംവിധായകരെ മലയാള സിനിമയ്‌ക്ക് നൽകിയ നിർമാതാവാണ് സന്തോഷ് ടി കുരുവിള. ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെയും ഒരു പുതുമുഖ സംവിധായകനെ മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് അദ്ദേഹം. സന്തോഷ് ടി കുരുവിള നിർമിച്ച 'മഹേഷിന്‍റെ പ്രതികാര'ത്തിലൂടെയാണ് ദിലീഷ് പോത്തൻ സംവിധായകനാകുന്നത്. 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, 'ആർക്കറിയാം' എന്ന ചിത്രത്തിലൂടെ സംവിധായകൻ സനു ജോൺ വർഗീസ്, 'നീരാളി' സിനിമയുടെ സംവിധായകൻ അജോയ് വർമ്മ, 'പെണ്ണും പൊറാട്ടും' സിനിമയിലൂടെ രാജേഷ് മാധവൻ എന്നിവർ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത് സന്തോഷ് ടി കുരുവിളയുടെ ചിത്രങ്ങളിലൂടെയാണ്.
ഷെയിൻ നിഗത്തിന്‍റെ 25-ാമത് ചിത്രം വരുന്നു (ETV Bharat) രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്‌ത "ന്നാ താൻ കേസുകൊട്" എന്ന ഹിറ്റ് ചിത്രമാണ് എസ് ടി കെ ഫ്രെയിംസിന്‍റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌ത സിനിമ. രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന "പെണ്ണും പൊറാട്ടും" ആണ് ഉടൻ റിലീസിനെത്തുന്ന ചിത്രം.
അതേസമയം പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമിച്ച 'തങ്കം' എന്ന സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്‌ടറായിരുന്നു ഉണ്ണി ശിവലിംഗം. തൃശൂർ സെന്‍റ് തോമസ് കോളജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ച ശേഷം ഒരുക്കിയ 'മാൾട്ടൽ' (Maltal), 'യാവാൻ' (Yaavan) എന്നീ ഷോർട്ട് ഫിലിമുകളായിരുന്നു ഉണ്ണി ശിവലിംഗത്തിന് സിനിമയിലേക്കുള്ള വഴി ഒരുക്കിയത്.
തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് പുതിയ ചിത്രത്തിൽ അണിനിരക്കുക. കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നതെന്നാണ് വിവരം. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനുകൾ പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ്. ഉടൻ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്‍റെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. ഷെയിൻ നിഗത്തിന്‍റെ ഇതുവരെയുള്ള കരിയറിലെ വേറിട്ട വേഷമാകും ഈ സിനിമയിലേതെന്നാണ് സൂചന.
ALSO READ:ആമിര്‍ ഖാന് പകരം പൃഥ്വിരാജ്…? രാജമൗലി - മഹേഷ് ബാബു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സൂപ്പര്‍ താരമെത്തുമെന്ന് റിപ്പോര്‍ട്ട്