കേരളം

kerala

ETV Bharat / entertainment

"വിവര ശേഖരണം അശാസ്ത്രീയം, സീരിയൽ മേഖലയിലെ സ്ത്രീകള്‍ക്കായി അവര്‍ എന്ത് ചെയ്‌തു"; വനിത കമ്മീഷനെതിരെ കിഷോര്‍ സത്യ

സീരിയൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചാണ് വനിത കമ്മീഷന്‍ ചിന്തിക്കേണ്ടതെന്നും എന്നാല്‍ അതേക്കുറിച്ച് പ്രായോഗിക തലത്തിൽ അവർ എന്തെങ്കിലും ചെയ്‌തതായി അറിവില്ലെന്നും കിഷോര്‍ സത്യ പറയുന്നു..

SERIAL BAN  SERIAL CENSORSHIP  കിഷോര്‍ സത്യ  സീരിയല്‍ നിരോധനം
Kishor Satya (ETV Bharat)

By ETV Bharat Entertainment Team

Published : Nov 21, 2024, 5:22 PM IST

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമെന്ന നിര്‍ദേശം വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി മുന്നോട്ടുവച്ചിരുന്നു. മെഗാ സീരിയലുകൾ സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ പകർന്നു നൽകുന്നു എന്ന വസ്‌തുതയുടെ അടിസ്ഥാനത്തിലാണ് സീരിയല്‍ മേഖലയിൽ സെൻസറിംഗ്, ടെലികാസ്‌റ്റ് ചെയ്യുന്ന എപ്പിസോഡുകളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം സംസ്ഥാന വനിത കമ്മീഷൻ മുന്നോട്ടുവച്ചത്.

വനിത കമ്മീഷന്‍റെ ഈ പ്രസ്‌താവനയിൽ നിരവധി സീരിയല്‍ താരങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതിനെതിരെ ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്‌മയും ശക്‌തമായി പ്രതികരിച്ചു. വിഷയത്തില്‍ ആത്‌മയുടെ വൈസ് പ്രസിഡന്‍റും നടനുമായ കിഷോർ സത്യ ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ്.

സീരിയലുകളെ കുറിച്ച് വനിത കമ്മീഷൻ പ്രതിപാദിച്ച ഓരോ വിഷയത്തെ കുറിച്ചും കിഷോർ സത്യ തന്‍റെ അഭിപ്രായം വ്യക്‌തമാക്കി. സീരിയലുകളിൽ സെൻസർഷിപ്പ് കൊണ്ടുവരണം എന്ന വനിത കമ്മീഷന്‍റെ നിർദേശത്തെ കുറിച്ചാണ് കിഷോർ സത്യയുടെ ആദ്യ പ്രതികരണം.

"സീരിയലുകൾ സെൻസർ ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ ഒരിക്കലും വനിത കമ്മീഷന് ആകില്ല. നിർദേശം നൽകിയാലും സെൻസറിംഗ് എന്ന് പറയുന്നത് കേന്ദ്രസർക്കാരിന്‍റെ കീഴിൽ വരുന്ന നിയമമാണ്. മാത്രമല്ല സിനിമ പോലെ സീരിയലുകൾ പ്രായോഗിക തലത്തിൽ സെൻസർ ചെയ്യുക ഒരിക്കലും സാധ്യമായ കാര്യമല്ല.

എങ്കിലും വനിത കമ്മീഷന്‍റെ ശ്രദ്ധയിലേക്കായി ചില കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ. ഷൂട്ട് ചെയ്‌തുവരുന്ന സീരിയൽ എപ്പിസോഡുകളിൽ അവരുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഒരു സെൻസറിംഗ് നടത്തുന്നുണ്ട്. മാത്രമല്ല ചിത്രീകരണത്തിൽ പാലിക്കപ്പെടേണ്ട ചില മാനദണ്ഡങ്ങളെ കുറിച്ചും ചാനലുകൾ കർശനമായ ചില നിർദേശങ്ങൾ സീരിയലിന്‍റെ അണിയറ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.

ഈ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ അമിതമായ ഇന്‍റിമേറ്റ് സീനുകളോ, അല്‍പ്പ വസ്ത്ര ധാരികളായ സ്ത്രീകളെയോ സീരിയലുകളിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. അങ്ങനെ സംഭവിക്കുന്നുമില്ല. ഒരു പുരുഷന് സ്ത്രീയെ "എടി" എന്ന് വിളിക്കാൻ പോലും ചാനൽ നിർദേശ പ്രകാരം സാധ്യമല്ല."-കിഷോർ സത്യ പറഞ്ഞു.

വനിത കമ്മീഷൻ സീരിയലുകൾക്ക് എതിരായ വിവര ശേഖരണം നടത്തിയതിനെ കുറിച്ചും നടന്‍ സംസാരിച്ചു. വനിത കമ്മീഷന്‍റെ വിവര ശേഖരണം അശാസ്ത്രീയമാണെന്നാണ് കിഷോര്‍ സത്യ പറയുന്നത്.

"ഇതിനെ കുറിച്ചൊന്നും വനിത കമ്മീഷന് ധാരണയില്ലെന്ന് തോന്നുന്നു. 13നും 19 വയസ്സിനും ഇടയിലുള്ള 400ൽ അധികം ആളുകളില്‍ നിന്നാണ് വനിത കമ്മീഷൻ സീരിയലുകൾക്ക് എതിരായ വിവര ശേഖരണം നടത്തിയതെന്ന് അറിയാൻ സാധിച്ചു. ഈ പ്രായത്തിലുള്ളവർ സീരിയലുകൾ കാണുന്നുണ്ടോ എന്നുപോലും സംശയമാണ്. സീരിയലിലെ കുറിച്ച് അഭിപ്രായം പറയാൻ യോഗ്യതയുള്ളവർ, സീരിയലുകളുടെ സ്ഥിരം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ വനിത കമ്മീഷന്‍റെ വിവര ശേഖരണം അശാസ്ത്രീയമാണെന്ന് പറയേണ്ടതായി വരും.

സീരിയൽ എപ്പിസോഡുകളുടെ എണ്ണം 30ലേക്ക് ചുരുക്കണമെന്ന് ഒരു നിർദേശവും വനിത കമ്മീഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി. ഒരു ജനാധിപത്യ രാജ്യത്തിൽ അത്തരം നിർദേശങ്ങൾ ഒന്നും വിലപ്പോകില്ല. സീരിയലുകളുടെ ആശയങ്ങളിൽ പ്രശ്‌നങ്ങളുണ്ട്. അത് സമ്മതിച്ചു തരേണ്ട ഒരു കാര്യം തന്നെ. പക്ഷേ അത് എന്തുകൊണ്ടെന്ന് കൂടി നിങ്ങൾ ചിന്തിക്കണം.

പത്തും ഇരുപതും അൻപതും എപ്പിസോഡുകൾ മാത്രം ടെലികാസ്‌റ്റ് ചെയ്‌ത ശേഷം നിന്ന് പോകുന്ന സീരിയലുകൾ ഇവിടെയുണ്ട്. അതിന് കാരണം ആ സീരിയൽ കാണാൻ പ്രേക്ഷകർ തയ്യാറാകുന്നില്ല എന്നുള്ളത് കൊണ്ടാണ്. യൂട്യൂബിലും ഫേസ്ബുക്കിലും ഒക്കെ ഒരു വീഡിയോ എത്രപേർ കണ്ടെന്ന് നമുക്ക് തൽസമയം അറിയാൻ സാധിക്കും. എന്നാൽ ഒരു സാറ്റ്‌ലൈറ്റ് ചാനലിൽ ഒരു പരിപാടി എത്ര പേർ കണ്ടെന്ന് മനസ്സിലാക്കുന്നത് ബാർക്കെന്ന സംവിധാനത്തിന്‍റെ അടിസ്ഥാനത്തിലാണ്.

ബാർക്ക് ഒരു ഏജൻസിയാണ്. ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ മാപ്പ് ചെയ്‌ത് എല്ലാ വ്യാഴാഴ്‌ച്ചയും ബാർക്ക് അതാത് ചാനലിലേക്ക് പരിപാടികളുടെ റേറ്റിംഗ് എത്രയുണ്ടെന്നുള്ള ഒരു റിപ്പോർട്ട് സമർപ്പിക്കും. ടോക്‌സിക്ക് റിലേഷൻഷിപ്പും, അമ്മായിയമ്മ പോരുമൊക്കെ ചർച്ചചെയ്യുന്ന സീരിയലുകൾക്ക് മികച്ച ബാർക്ക് റേറ്റിംഗാണ് ലഭിക്കുന്നത്. ഗുണനിലവാരമുള്ള പല സീരിയലുകളും കാഴ്‌ച്ചക്കാരില്ലാതെ കഷ്‌ടപ്പെടുന്നു."-കിഷോർ സത്യ പറഞ്ഞു.

സീരിയൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് അവർക്ക് സുരക്ഷ ഉറപ്പാക്കുകയാണ് വനിത കമ്മീഷന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സീരിയൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രായോഗിക തലത്തിൽ വനിത കമ്മീഷന്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും നടന്‍ പറഞ്ഞു.

"ഇതൊരു ബിസിനസ് ആണെന്ന് കൂടി നിങ്ങൾ മനസ്സിലാക്കണം. പ്രേക്ഷകർക്ക് എന്താണ് ആഗ്രഹം അത് നൽകുക. ജനങ്ങളാണ് ഇവിടെ സീരിയലുകളെ സെൻസർഷിപ്പ് ചെയ്യേണ്ടത്. ഒരു സീരിയലിൽ നിങ്ങള്‍ ഈ പറയുന്ന പ്രശ്‌നങ്ങളൊക്കെ കാണുന്നുണ്ടെങ്കിൽ അത് കാണാതിരിക്കുക. സ്വാഭാവികമായും അതിന്‍റെ സംപ്രേഷണം മുടങ്ങും.

വനിത കമ്മീഷൻ ചെയ്യേണ്ടത് സീരിയൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചാണ്. വർഷങ്ങളായി അത്തരം വിഷയത്തെ കുറിച്ച് ചില പ്രസ്‌താവനകൾ വരുന്നതല്ലാതെ പ്രായോഗിക തലത്തിൽ അവർ എന്തെങ്കിലും ചെയ്‌തതായി അറിവില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനും അവർക്കൊപ്പം നിൽക്കാനും ആത്‌മ എന്ന സംഘടന എന്നും മുന്നിലുണ്ട്.

ബഹുമാന്യ മന്ത്രി കെബി ഗണേഷ് കുമാർ ആണ് ഞങ്ങളുടെ പ്രസിഡന്‍റ്. സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും സെറ്റുകളിൽ അവർക്ക് വേണ്ട പ്രാഥമിക ആവശ്യങ്ങൾ ഉറപ്പുവരുത്താനും അവരുടെ പരാതികൾ കേൾക്കാനുമുള്ള നടപടികളൊക്കെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുൻപേ ആത്‌മയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്."-കിഷോർ സത്യ പറഞ്ഞു.

Also Read: മെഗാ സീരിയൽ നിരോധനം, വനിത കമ്മീഷൻ എന്തറിഞ്ഞിട്ടാണ്? ദിനേശ് പണിക്കർ പ്രതികരിക്കുന്നു

ABOUT THE AUTHOR

...view details