മഞ്ജു വാര്യര്‍ക്ക് തുറന്ന പ്രണയ ലേഖനങ്ങളുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കഴിഞ്ഞ ഒരു മാസമായി സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു വാര്യര്‍ക്ക് പ്രണയ ലേഖനം കുറിക്കുകയാണ് സനല്‍ കുമാര്‍. ഇതുവരെ 34 തുറന്ന പ്രണയ കുറിപ്പുകളാണ് സനല്‍ കുമാര്‍ മഞ്ജുവിന് എഴുതിയിരിക്കുന്നത്.
"പ്രിയമുള്ളവളേ, ഇത് നമ്മുടെ ലോകമല്ല. ഇവിടെ, ജീവനില്ലാത്ത വസ്‌തുക്കൾ ചിരിക്കുകയും ചരിക്കുകയും ചെയ്യുന്നു. ചതി എന്നാണ് ഇവിടെ ജീവിതത്തിന് മറുപദം! എവിടെ നിന്നോ ഉയരുന്ന പ്രേമത്തിന്‍റെ പാട്ടുകേട്ട് ഇതുതന്നെ ആ ഇടം എന്ന് നീ സംശയിക്കരുത്. അത് വേദനയുടെ ഉപ്പുനീരിൽ പ്രണയത്തിന്‍റെ വിത്തുമുളപ്പിക്കുന്ന കർഷകരുടെ വീട്ടിലെ റേഡിയോ ഗാനമല്ല, നമ്മുടെ മുറിഞ്ഞ ഹൃദയത്തിന്‍റെ നെടുവീർപ്പുകൾ ചക്രവാളങ്ങളിൽ തട്ടി എക്കലടിക്കുന്നതാണ്!
മുറിവുകൾക്ക് മേലെ മുറിവുകൾ കൊണ്ട് തുന്നിക്കെട്ടിയിരിക്കുന്നതിനാൽ ചോരകിനിയുന്ന ഈ തുണിക്കെട്ട് നമ്മുടെ ഹൃദയമാണെന്ന് നമുക്കുതന്നെ അറിയാൻ കഴിയുന്നില്ല, അതിന്‍റെ പാട്ടിപ്പോൾ നമുക്കും കേൾക്കുന്നില്ല!" -സനല്‍ കുമാര്‍ കുറിച്ചു.
ഇത് സനല്‍ കുമാറിന്‍റെ 34-ാമത്തെ പ്രണയ കുറിപ്പാണ്. #Day34, മഞ്ജു വാര്യര്‍, ലൗ ലെറ്റേഴ്‌സ്, സനല്‍ കുമാര്‍ ശശിധരന്‍ എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ സംവിധാനം ചെയ്‌ത 'കയറ്റം' എന്ന സിനിമയിലെ നടിയുടെ പോസ്‌റ്ററിനൊപ്പമാണ് അദ്ദേഹം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
ഇതിന് മുമ്പുള്ള സനല്‍ കുമാറിന്‍റെ പ്രണയ കുറിപ്പും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. "പ്രിയമുള്ളവളേ, പ്രണയഭയം കൊണ്ട് കണ്ണുചിമ്മാതെ കുഞ്ഞുങ്ങൾക്ക് കാവൽ നിൽക്കുന്ന അച്ഛനമ്മമാരുള്ള വിചിത്രമായ നാട്ടിൽ നാം ജനിച്ചു. ആത്മാവില്ലാത്ത ശരീരം പോലെ നിശ്ചലമാണ് പ്രണയമില്ലാത്ത ജീവിതം എന്ന് ജന്മാന്തരങ്ങൾ കൊണ്ടറിഞ്ഞ നാം അവരുടെ കണ്ണുവെട്ടിച്ച് പ്രണയമെന്ന് കൊരുത്തെറിഞ്ഞ ചൂണ്ടൽ വിഴുങ്ങി മരിച്ചു. മരിച്ചവർ മരിച്ചുതന്നെ തുടരണം എന്ന നിയമമുള്ള ഈ ലോകത്ത് കല്ലറകൾക്കുളിൽ നാം സ്വപ്‌നം കാണുന്നത് തെറ്റു തന്നെ!
നമുക്ക് മുകളിൽ എടുത്തു വെച്ചിട്ടുള്ള ഈ കനത്ത വസ്‌തു എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. അതിന് രുചിയും മണവുമില്ല. തൊട്ടു നോക്കാൻ പറ്റുന്നില്ല. ഇരുട്ടിൽ അത് കട്ട ഇരുട്ടു തന്നെയാണെന്ന് തോന്നുന്നു. പ്രകാശം നമ്മെ പുൽകില്ല എന്നുറപ്പിക്കാൻ ജനക്കൂട്ടം സദാ കാവൽ നിൽക്കുന്ന നാട്ടിലാണ് നമ്മെ അടക്കം ചെയ്‌തിരിക്കുന്നത്. എങ്കിലും അതിർത്തിയിലെ മരങ്ങൾ വേരുകൾ കൊണ്ട് പുണരുമ്പോലെ നമ്മൾ അകലങ്ങളെ അതിജീവിക്കുന്നു!" -സനല്‍ കുമാര്‍ കുറിച്ചു.
ഇത് സനല്‍ കുമാറിന്‍റെ 33-ാമത് പ്രണയ കുറിപ്പാണ്. ഇതിന് പിന്നാലെ സംവിധായകനെതിരെ നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
"കവിത കൊള്ളാം. പക്ഷേ പ്രണയം പിടിച്ചു വാങ്ങാനുള്ളതല്ല. പ്രണയമെന്നല്ല, ഒന്നും നമുക്ക് പിടിച്ചു വാങ്ങാൻ കഴിയില്ല" -ഇപ്രകാരമാണ് ഒരു കമന്‍റ്. "എഴുത്ത് മനോഹരം, പ്രണയം തെറ്റൊന്നും അല്ല. പക്ഷേ ഇത് അവർക്കൊരു ശല്ല്യമാണ്. കാമുകിയുടെ സ്വപ്‌നത്തിൽ പോലും നമ്മൾ ഒരു കരടാകാൻ പാടില്ല" -മറ്റൊരു കമന്‍റ് ഇപ്രകാരമാണ്. "തന്നെ വേണ്ടങ്കിൽ താൻ എന്തിനാടോ പുറകെ പോവുന്നത്" -മറ്റൊരാള്‍ കുറിച്ചു.