തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ടെലിവിഷന്‍ സിരീസാണ് 'സിറ്റാഡല്‍: ഹണി ബണ്ണി'. ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പം അഭിനയിച്ച സിരീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 7നാണ് റിലീസിനെത്തിയത്. സിരീസിന്‍റെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന്‍റെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ സാമന്തയും വരുണ്‍ ധവാനും പങ്കെടുത്തിരുന്നു.
റാപ്പിഡ് ഫയര്‍ റൗണ്ടില്‍ തന്‍റെ എക്‌സിനെ കുറിച്ചുള്ള ഒരു വെളിപ്പടുത്തല്‍ നടത്തിയിരിക്കുകയാണ് സാമന്ത. ഉപയോഗശൂന്യമായി താന്‍ ഏറ്റവും കൂടതല്‍ പണം ചെലവഴിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. തന്‍റെ എക്‌സിന് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാനായി താന്‍ ഒരുപാട് പണം ചെലവഴിച്ചെന്നാണ് സാമന്തയുടെ വെളിപ്പെടുത്തല്‍.
ഏറ്റവും കൂടുതല്‍ പണം വെറുതെ ചെലവഴിച്ചത് എന്തിന് വേണ്ടിയായിരുന്നു എന്ന വരുണ്‍ ധവാന്‍റെ ചോദ്യത്തിനായിരുന്നു സാമന്തയുടെ മറുപടി. "എന്‍റെ എക്‌സിന് നല്‍കിയ വിലയേറിയ സമ്മാനങ്ങള്‍" -ഇപ്രകാരമാണ് സാമന്ത മറുപടി നല്‍കിയത്.
എന്തായിരുന്നു ആ സമ്മാനമെന്നും, അതിന് എത്ര പണം മുടക്കിയെന്നും വരുണ്‍ ധവാന്‍ വീണ്ടും ചോദിച്ചപ്പോള്‍ സാമന്ത ചിരിച്ച് കൊണ്ട് "കുറച്ചധികം" എന്ന മറുപടിയില്‍ ആ സംഭാഷണം അവസാനിപ്പിച്ചു. വരുണും സാമന്തയും തമ്മിലുള്ള ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.