കേരളം

kerala

ETV Bharat / entertainment

ഛത്രപതി ശിവാജി മഹാരാജ് ആയി ഋഷഭ്‌ ഷെട്ടി; ചിത്രം2027ല്‍

ഋഷഭ് ഷെട്ടിയുടെ പുതിയ ചിത്രത്തിന്‍റെ അപ്‌ഡേറ്റ് പുറത്ത്. ഛത്രപതി ശിവാജി മഹാരാജ ആയി ഋഷഭ് ഷെട്ടി. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്. ലോകമെമ്പാടുമുള്ള മികച്ച സാങ്കേതിക വിദഗ്‌ധരാണ് ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

SHIVAJI MAHARAJ FIRST LOOK  CHHATRAPATI SHIVAJI MAHARAJ  RISHAB SHETTY  ഋഷഭ്‌ ഷെട്ടി
Chhatrapati Shivaji Maharaj first look (ETV Bharat)

By ETV Bharat Entertainment Team

Published : Dec 3, 2024, 3:14 PM IST

ആരാധകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. താരത്തിന്‍റെ പുതിയ സിനിമ വിശേഷമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 1670കളില്‍ ഇന്ത്യന്‍ ഭരണാധികാരി ആയിരുന്ന ഛത്രപതി ശിവാജി മഹാരാജയുടെ വേഷം ചെയ്യാനൊരുങ്ങുകയാണ് ഋഷഭ് ഷെട്ടി.

ഛത്രപതി ശിവാജി മഹാരാജ ആയുള്ള ഋഷഭ് ഷെട്ടിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫസ്‌റ്റ് ലുക്കിനൊപ്പം സിനിമയുടെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുക.

ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് ആണ് ഇക്കാര്യം എക്‌സ്‌ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഛത്രപതി ശിവാജി മഹാരാജിനായി മികച്ച സാങ്കേതിക വിദഗ്‌ധര്‍ അടങ്ങിയ ഒരു ടീമാണ് ഒന്നിക്കുന്നതെന്ന് തരണ്‍ ആദര്‍ശ് പ്രതികരിച്ചു.

"ഛത്രപതി ശിവാജി മഹാരാജ് ആയി ഋഷഭ്‌ ഷെട്ടി. സന്ദീപ് സിംഗ് ചിത്രം സംവിധാനം ചെയ്യുന്നു. ദേശീയ പുരസ്‌കാര ജേതാവായ നടൻ ഋഷഭ്‌ ഷെട്ടിയുടെയും സംവിധായകൻ സന്ദീപ് സിംഗിന്‍റെയും ആദ്യ സഹകരണം പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള മികച്ച സാങ്കേതിക വിദഗ്‌ധര്‍ അടങ്ങിയ ഒരു ടീമിന്‍റെ പിന്തുണയോടെ ഭാരതത്തിന്‍റെ അഭിമാനമായ ഛത്രപതി ശിവാജി മഹാരാജ് നിരവധി ഭാഷകളില്‍ 2027 ജനുവരി 21ന് റിപബ്ലിക് ദിന വീക്കെന്‍ഡ് റിലീസായി പ്രദര്‍ശനത്തിനെത്തും." -ഇപ്രകാരമാണ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് തരണ്‍ ആദര്‍ശ് കുറിച്ചത്.

മഹത്തായ യോദ്ധാവിന്‍റെ ഇതിഹാസ ഗാഥ അവതരിപ്പിക്കുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സംവിധായകന്‍ സന്ദീപ് സിംഗ്. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് എക്‌സില്‍ കുറിക്കുകയായിരുന്നു അദ്ദേഹം.

" 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' -എന്ന സിനിമയിലൂടെ ഇന്ത്യയുടെ മഹത്തായ യോദ്ധാവിന്‍റെ ഇതിഹാസ ഗാഥ അവതരിപ്പിക്കുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ട്. ഇത് കേവലം ഒരു സിനിമയല്ല. എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ പോരാടിയ, മുഗല്‍ സാമ്രാജ്യ ശക്‌തികളെ വെല്ലുവിളിച്ച, ഭാരതീയ പൈതൃകം കെട്ടിപ്പടുക്കുന്നതില്‍ മറക്കാന്‍ കഴിയാത്ത പങ്കുവഹിച്ച ധീര യോദ്ധാവിനുള്ള സമര്‍പ്പണമാകും ഈ ചിത്രം. ലോകമെമ്പാടും 2027 ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും."- സന്ദീപ് സിംഗ് പറഞ്ഞു.

കന്നഡയില്‍ തരംഗമായ 'കാന്താര'യിലൂടെയാണ് ഋഷഭ് ഷെട്ടി പ്രേക്ഷകശ്രദ്ധ നേടുന്നത്. 'കാന്താരയുടെ പ്രീക്വലിന്‍റെ തിരക്കിലാണിപ്പോള്‍ ഋഷഭ്. അടുത്തിടെ സിനിമയുടെ ആദ്യ ട്രെയിലർ റിലീസ് ചെയ്‌തിരുന്നു. 'കാന്താര: ചാപ്‌റ്റര്‍ 1' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്‌ടോബര്‍ 2നാകും തിയേറ്ററുകളില്‍ എത്തുക. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.

അടുത്തിടെ ഒരു തെലുങ്ക് സിനിമയില്‍ താരം ഒപ്പുവച്ചിരുന്നു. പ്രശാന്ത് വര്‍മ്മയുടെ 'ജയ്‌ ഹനുമാന്‍' എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഋഷഭ്. ചിത്രത്തില്‍ ഹിന്ദു ദേവനായ ഹനുമാന്‍റെ വേഷമാകും ഋഷഭ്‌ കൈകാര്യം ചെയ്യുക.

Also Read: 'ഇത് പ്രകാശമല്ല ദർശനമാണ്' ; 'കാന്താര എ ലെജൻഡ്' ടീസറും ഫസ്റ്റ് ലുക്കും പുറത്ത്

ABOUT THE AUTHOR

...view details