1989 ജനുവരി 16. ഒരു വ്യക്‌തിക്ക് വേണ്ടി മലയാള ജനത മുഴുവൻ കണ്ണീരൊഴുക്കിയ ചരിത്ര ദിവസങ്ങളിൽ ഒന്ന്. റേഡിയോ മാധ്യമത്തിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും പ്രേം നസീറിന് പനിയാണ് എന്നൊരു വാർത്ത 1989 ജനുവരി ആദ്യവാരം മുതൽ നാം കേട്ടിരുന്നു. 1988 നവംബർ വരെ സിനിമയിൽ സജീവമായി ചുറുചുറുക്കോടെ അഭിനയിച്ചിരുന്ന ഒരു സൂപ്പർ താരത്തിന്‍റെ പനി മലയാളികൾ അക്ഷരാർത്ഥത്തിൽ മുഖവിലയ്‌ക്ക് എടുത്തിരുന്നില്ല.
എന്നാല്‍ അദ്ദേഹത്തിന്‍റെ മരണവാർത്ത കേട്ടത് മുതൽ ഓരോ ആരാധകരനും വിങ്ങിപ്പൊട്ടുന്നതിന് മുമ്പ് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു. "നിസ്സാരം ഒരു പനിയാണോ മലയാളത്തിന്‍റെ നിത്യഹരിത നായകനെ കവർന്നെടുത്തത്!" എന്ന്.. അതെ മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്‌റ്റാറും പത്‌മഭൂഷണ്‍ ജേതാവുമായ പ്രേം നസീര്‍ വിടവാങ്ങിയിട്ട് ഇന്നേയ്‌ക്ക് 36 വര്‍ഷങ്ങള്‍.
ഈ വേളയില്‍ നിത്യഹരിത നായകനെ കുറിച്ച് മലയാളത്തിലെ സീനിയർ താരങ്ങൾക്കും സംവിധായകർക്കും പറയാൻ ഏറെയുണ്ട്. ഒരു നടൻ എന്നതിലുപരി പ്രേംനസീർ എന്ന വ്യക്‌തിയെയാണ് പലരും ഉയർത്തിക്കാട്ടുന്നത്. മാതൃകാപരമായി പെരുമാറിയിരുന്ന മറ്റൊരു നടൻ മലയാളത്തിൽ അന്നും ഇന്നും ഇല്ല.
ഒരു ചിത്രം പരാജയപ്പെട്ടാൽ എത്ര തിരക്കുണ്ടെങ്കിലും പരാജയപ്പെട്ട സിനിമയുടെ നിർമ്മാതാവിന് അടുത്ത സിനിമ ചെയ്യാൻ അങ്ങോട്ട് ചെന്ന് ഡേറ്റ് നൽകും. ഒരു സിനിമ പരാജയപ്പെട്ടെന്നറിഞ്ഞാൽ ആ സിനിമയുടെ നിർമ്മാതാവ് രണ്ടാഴ്‌ച്ചയ്ക്കുള്ളില്‍ പ്രേം നസീറിനെ വിളിച്ചില്ലെങ്കിൽ അദ്ദേഹം അങ്ങോട്ട് വിളിക്കും. "സിനിമയാണ് ചിലപ്പോൾ ജയിക്കും ചിലപ്പോൾ പരാജയപ്പെടും. താനൊരു സബ്‌ജക്‌ട് റെഡിയാക്കു. ഞാൻ ഡേറ്റ് തരാം. നഷ്‌ടപ്പെട്ട പൈസ നമുക്ക് ആ ചിത്രത്തിലൂടെ തിരിച്ചു പിടിക്കാം" -ഇങ്ങനെയാവും ആ നിർമ്മാതാവിനോട് പ്രേംനസീർ പ്രതികരിക്കുക.
സെറ്റിലും നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്‍റേത്. സെറ്റിൽ എത്തുന്ന ഭക്ഷണത്തിൽ എന്തെങ്കിലും അരുചി ഉണ്ടെങ്കിലും ഒരിക്കൽ പോലും അദ്ദേഹം പരാതി പറഞ്ഞതായി ആർക്കും അറിയില്ല. മാത്രമല്ല ഒരു സിനിമയിൽ അഭിനയിക്കാമെന്ന് എഗ്രിമെന്‍റ് ചെയ്‌തു കഴിഞ്ഞാൽ പരമാവധി സ്വന്തം ചെലവുകൾ നിർമ്മാതാവിനെ കൊണ്ട് ചെലവാക്കുന്ന ശീലം അദ്ദേഹത്തിനില്ല.
പുലർച്ചെ രണ്ട് മണിവരെ ഒരു സിനിമയിൽ അഭിനയിച്ചിട്ട് രാവിലെ ആറ് മണിക്ക് മറ്റൊരു ചിത്രത്തിൽ മറ്റൊരു കഥാപാത്രമായി അദ്ദേഹം പരകായ പ്രവേശം നടത്തും. ഉച്ചവരെ ആ ചിത്രത്തിൽ അഭിനയിച്ച ശേഷം ഉച്ചയ്ക്ക് ശേഷം മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനായി മറ്റൊരു കഥാപാത്രമാകും. വൈകുന്നേരം ഏഴ് മണി മുതൽ അടുത്ത സിനിമയുടെ ഭാഗമാകും. രാത്രി 11 മണിക്ക് ശേഷം വീണ്ടും അടുത്ത ചിത്രത്തിൽ അടുത്ത കഥാപാത്രം. ഈ പ്രവർത്തി എത്ര വർഷം തുടർന്നുവെന്ന് ചോദിച്ചാൽ അദ്ദേഹത്തിന് പോലും ഉത്തരം കൃത്യമായി പറയാൻ സാധിക്കില്ല.
ഒരു ദിവസം നാലും അഞ്ചും സിനിമകളിൽ അഭിനയിച്ച ചരിത്രവും പ്രേം നസീറിനുണ്ട്. സംഘട്ടന രംഗങ്ങളിലൊക്കെ അഭിനയിച്ച് തളർന്ന് പോയാലും അതേ ദിവസം മറ്റൊരു സെറ്റിൽ എത്തുമ്പോൾ തന്‍റെ ക്ഷീണം അദ്ദേഹം പുറത്ത് പ്രകടിപ്പിക്കാറില്ല. എന്തിനിങ്ങനെ കഷ്‌ടപ്പെടുന്നു, ആർക്കുവേണ്ടി കഷ്‌ടപ്പെടുന്നു എന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിച്ചാൽ മറുപടി ഇപ്രകാരമാകും -"എല്ലാവരും എന്നെ വിശ്വസിച്ച് ഒരു കഥയും നിർമ്മാതാവിനെയും കൊണ്ട് സമീപിക്കുന്നു. എങ്ങനെയാണ് അവരോടൊക്കെ നോ പറയുക?"
മലയാള സിനിമയിൽ ഒരു കാര്യത്തിനും നോ പറയാത്ത അപൂർവ്വ വ്യക്‌തിത്വമായിരുന്നു പ്രേം നസീർ. 700ലധികം സിനിമകളിൽ നായക നടനായി അഭിനയിച്ച റെക്കോർഡ് പ്രേം നസീറിന് മാത്രം അവകാശപ്പെട്ടതാണ്. ഈ റെക്കോർഡ് അടുത്തകാലത്തൊന്നും ആർക്കും തകർക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. 100ലധികം ചിത്രങ്ങളിൽ ഷീല ആയിരുന്നു അദ്ദേഹത്തിന്‍റെ നായിക. ഒരേ നായികയുമായി നൂറിലധികം സിനിമകളിൽ നായകനായി അഭിനയിച്ച റെക്കോർഡും പ്രേം നസീറിന്‍റെ പേരിൽ തന്നെ.
വ്യൂ ഫൈൻഡറിലൂടെ കാണുമ്പോൾ അദ്ദേഹത്തിന് ദേവേന്ദ്രന്‍റെ മുഖം ആണെന്നാണ് പ്രശസ്‌ത ഛായാഗ്രഹകൻ വിൻസന്‍റ് മാഷ് പറയുക. ഈ വിവരം ഇടിവി ഭാരതിനോട് വെളിപ്പെടുത്തിയത് വിൻസന്‍റ് മാഷിന്‍റെ അസോസിയേറ്റ് ആയിരുന്ന വേണു ആണ്. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയർ സിനിമ അണിയറ പ്രവർത്തകരിൽ ഒരാളാണ് വേണു.
സിനിമയിൽ പ്രേം നസീറിന് സിഗരറ്റ് വലിക്കുന്ന രംഗം ഉണ്ടെങ്കിൽ ചുണ്ടിന്‍റെ ക്ലോസ് ഫ്രെയിം എടുക്കാൻ വിൻസന്‍റ് മാഷിന് വളരെയധികം ഇഷ്‌ടമായിരുന്നു. ഇത്രയും ഭംഗിയുള്ള ചുണ്ടുകൾ മറ്റൊരു നടന് ഇല്ലെന്നാണ് വിൻസന്‍റ് മാഷിന്‍റെ അഭിപ്രായം.
മമ്മൂട്ടി, മോഹൻലാൽ, ശങ്കർ അടക്കമുള്ള യുവനിര മലയാള സിനിമയിൽ സജീവമായിരുന്നിട്ടും കാര്യം നിസ്സാരം, തേനും വയമ്പും തുടങ്ങീ ക്ലാസിക് ചിത്രങ്ങൾ പ്രേം നസീർ മലയാളിക്ക് സമ്മാനിച്ചിരുന്നു. മറ്റുള്ള നായകന്‍മാരുടെ ചിത്രത്തിൽ അഭിനയിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ക്യാരക്‌ടർ റോളുകൾക്ക് നായക പ്രാധാന്യം ഉണ്ടായിരുന്നു. ക്യാരക്‌ടർ റോൾ ആണെങ്കിലും പ്രേം നസീറിനെയാണ് മലയാളി നായകനായി പരിഗണിച്ചിരുന്നത്. അദ്ദേഹത്തെ നായകനായി അല്ലാതെ കാണാൻ മലയാളി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
മലയാളത്തിലെ കൊമേഴ്‌ഷ്യല്‍ സിനിമകളുടെ വക്‌താവായാണ് പ്രേം നസീറിനെ ജനങ്ങൾ വിലയിരുത്തിയിരുന്നത്. ജ്വലിക്കുന്ന ചെറുപ്പക്കാരനായും കോളേജ് കുമാരനായും കാമുകനായും പൊലീസായും രാജകുമാരനായും പ്രേം നസീർ തിരശ്ശീല അടക്കി ഭരിച്ചു. സത്യൻ മാഷ് എന്ന അഭിനയകുലപതിയുടെ പ്രഭാവത്തിലാകണം പ്രേംനസീർ എന്ന നടന്‍റെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ അധികം ചർച്ച ചെയ്യപ്പെടാതെ പോയത്.
ഇരുട്ടിന്‍റെ ആത്‌മാവ് പോലെ ഗംഭീര അഭിനയ പ്രകടനങ്ങൾ കാഴ്‌ച്ചവയ്ക്കുന്ന കഥാപാത്രങ്ങളും പ്രേം നസീറിന്‍റെ പക്കൽ ഭദ്രമായിരുന്നു. മലയാളത്തിന്‍റെ ഗാനഗന്ധർവ്വൻ യേശുദാസ്, പ്രേം നസീറിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. തന്‍റെ ശബ്‌ദത്തിന്‍റെ മുഖമാണ് പ്രേംനസീർ എന്ന്. പ്രേം നസീർ തിരശ്ശീലയിൽ പാടി അഭിനയിക്കുമ്പോൾ പ്രേക്ഷകർ യേശുദാസിനെ മറക്കും.
യേശുദാസിന്‍റെ ശബ്‌ദം ഇത്രയും അനുയോജ്യനായ മറ്റൊരു നടൻ വേറെയില്ല എന്നത് വാസ്‌തവം. മുല്ലപ്പൂ പല്ലിലോ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ രംഗങ്ങൾ ശ്രദ്ധിച്ചാൽ യേശുദാസ് ആണ് പാട്ടുപാടുന്നതെന്ന് ആരും തന്നെ വിശ്വസിക്കില്ല. അഭിനയവും ശബ്‌ദവും പ്രേംനസീറിന്‍റേത് തന്നെ. എന്‍റെ ശബ്‌ദമാണ് മരിച്ച് കിടക്കുന്നത് എന്നാണ് യേശുദാസ് പ്രേം നസീറിന്‍റെ മരണശേഷം പ്രതികരിച്ചത്.
ഗാന രംഗങ്ങളിൽ മോഹൻലാലിന് മുൻപ് മനോഹരമായ പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന മറ്റൊരു നടൻ മലയാള സിനിമയ്ക്ക് ഇല്ലായിരുന്നു. പ്രേം നസീർ, സത്യൻ, മധു ഇവരായിരുന്നു 60കളിലെയും 70കളിലെയും മലയാള സിനിമയുടെ നെടുംതൂണുകൾ. സത്യൻ പൊതുവെ ഗൗരവക്കാരൻ ആണെങ്കിൽ പ്രേംനസീർ സൗമ്യനാണ്. പ്രേം നസീർ, സത്യനെ സഹോദര തുല്യനായാണ് കണ്ടിരുന്നത്.
പ്രേം നസീറിനെ കുറിച്ച് സത്യന്‍റെ മകൻ സതീഷ് സത്യൻ ഇടിവി ഭാരതിനോട് തുറന്നു പറഞ്ഞ ചില കാര്യങ്ങളുണ്ട്. ചെമ്മീൻ എന്ന ചിത്രത്തിലെ സത്യന്‍റെ കഥാപാത്രമായ പളനി സ്രാവിനെ പിടിക്കാനായി പോകുമ്പോൾ കടൽ ചുഴിയിൽ പെടുന്ന ഒരു രംഗമുണ്ട്. ആ രംഗം അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ സത്യൻ തുഴഞ്ഞു കൊണ്ടിരുന്ന വള്ളം കടൽ തിരകളിൽ തകരുകയും അദ്ദേഹം അപകടത്തിൽ പെടുകയും ചെയ്‌തു.
കടലിലേക്ക് വീണുപോയ സത്യൻ മരിച്ചു എന്ന് തന്നെയാണ് ചെമ്മീൻ സിനിമയുടെ സംവിധായകന്‍ രാമു കാര്യാട്ടും മറ്റ് അണിയറ പ്രവർത്തകരും കരുതിയിരുന്നത്. സത്യന് ലുക്കീമിയ എന്ന അസുഖം ഉണ്ടായിരുന്നതായി എല്ലാവർക്കും അറിയാം. ആറ് മാസത്തിലധികം ജീവിക്കില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതുകയും ചെയ്‌തു. ആ അസുഖത്തെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച സത്യന് എന്ത് കടൽചൂഴി. അദ്ദേഹം നീന്തി കയറി.
അപകടം സംഭവിച്ചതിനാൽ തൽക്കാലം ഷൂട്ടിംഗ് അവസാനിപ്പിച്ച് അദ്ദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് സ്വയം കാറോടിച്ചു പോന്നു. ആ യാത്രയിൽ തിരുവനന്തപുരത്തെ പള്ളിപ്പുറത്തിന് അടുത്തുവച്ച് വീണ്ടും അദ്ദേഹത്തിന് കാർ അപകടം സംഭവിക്കുന്നു. വാരിയെല്ല് പൊട്ടി. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ സത്യനെ ആദ്യം കാണാനെത്തിയത് നടൻ പ്രേം നസീർ ആയിരുന്നു. ചെന്നൈയിൽ ആറോ ഏഴോ സിനിമകളിൽ അഭിനയിച്ച് കൊണ്ടിരുന്ന സമയത്താണ് പ്രേം നസീർ എല്ലാ തിരക്കുകളും മാറ്റിവെച്ച് സത്യനെ കാണാൻ എത്തിച്ചേർന്നത്.
സത്യനെ സംബന്ധിച്ചിടത്തോളം പ്രേംനസീർ ഫോണിലൂടെ ഒന്ന് സംസാരിച്ചാലും മതിയാകും. പക്ഷേ അദ്ദേഹം സത്യനെ കാണാൻ തിരുവനന്തപുരത്തെ വസതിയിൽ എത്തി. പച്ച ഷർട്ടും വെള്ള പാന്‍റ്‌സും ധരിച്ച് അച്ഛനെ കാണാൻ എത്തിയ പ്രേം നസീറിന്‍റെ മുഖം ഇപ്പോഴും മറക്കാൻ സാധിക്കുന്നില്ലെന്നാണ് സതീഷ് സത്യൻ പറഞ്ഞത്. പ്രേംനസീർ ധരിക്കുന്ന വസ്ത്രങ്ങളോട് തനിക്ക് കടുത്ത ആരാധനയുണ്ടായിരുന്നതായും സതീഷ് സത്യൻ പറഞ്ഞു. സ്വന്തം മകനെ പോലെയാണ് മരിക്കുന്നത് വരെയും അദ്ദേഹം തന്നെ കരുതിയിരുന്നതെന്ന് സതീഷ് സത്യൻ നിറകണ്ണുകളോടെ പറഞ്ഞു.
പ്രേം നസീർ ഷൂട്ടിംഗിന് വരുമ്പോൾ സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരികയാണെങ്കിൽ കൂടെ ജോലി ചെയ്യുന്നവർക്കെല്ലാം ആ ഭക്ഷണം വിളമ്പാൻ ഒരു മടിയും കാണിച്ചിരുന്നില്ലെന്ന് അന്തരിച്ച കലാകാരി കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മറ്റുള്ളവർക്ക് സ്വന്തം കൈ കൊണ്ട് വിളമ്പി കൊടുക്കാൻ പ്രേം നസീറിന് വലിയ താല്‍പ്പര്യമായിരുന്നു. പ്രേം നസീറിനായി സെറ്റിൽ പ്രത്യേക ഭക്ഷണം ഒരുക്കേണ്ട കാര്യമില്ല. ഒരു സിനിമയുടെ സെറ്റിൽ തനിക്ക് അമിതമായ പരിഗണന നൽകുന്നതിനെ അദ്ദേഹം എതിർത്തിരുന്നു.
മതസൗഹാർദ്ദത്തിന്‍റെ ഉത്തമ ഉദാഹരണമായ വ്യക്‌തിപ്രഭാവമായിരുന്നു പ്രേം നസീർ. സ്വന്തം നാടായ ചിറയിൻകീഴിലെ ഏറ്റവും പ്രശസ്‌തമായ ശാർക്കര ദേവീക്ഷേത്രത്തിന്‍റെ പല പുനരുദ്ധാരണ പദ്ധതികൾക്കും പ്രേം നസീർ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ശാർക്കര ദേവി ക്ഷേത്രത്തിൽ പ്രേം നസീർ നടക്കിരുത്തിയ ഒരു ആന വരെ ഉണ്ടായിരുന്നു. സ്വന്തം നാടായ ചിറയിൻകീഴിൽ എത്തുമ്പോൾ നാട്ടുകാരെ കാണാൻ ഓപ്പൺ ജീപ്പിൽ സഞ്ചരിക്കുന്നത് പ്രേം നസീറിന് ഇഷ്‌ടമുള്ള കാര്യമായിരുന്നു. രണ്ട് വർഷം കൂടുമ്പോഴോ മൂന്ന് വർഷം കൂടുമ്പോഴോ ആയിരിക്കും അങ്ങനെ ഒരു അപൂർവ്വ നിമിഷം സംഭവിക്കുക. ആ ദിവസം ചിറയിൻകീഴ് ജനസാഗരമാകും.
പ്രേം നസീറിന് നടന്‍ ജയനുമായി അഗാധമായ ബന്ധം ഉണ്ടായിരുന്നു. പ്രേം നസീർ നായകനാകുന്ന സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്‌തുകൊണ്ടാണ് ജയൻ തന്‍റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ജയൻ സൂപ്പർതാരമായപ്പോൾ അദ്ദേഹം നായകനായ സിനിമകളിൽ പ്രേംനസീർ ക്യാരക്‌ടർ റോളുകൾ ചെയ്‌തിട്ടുണ്ട്. സൂപ്പർതാര പദവിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ തന്നെയാണ് പ്രേം നസീർ, ജയൻ ചിത്രങ്ങളിൽ ക്യാരക്‌ടർ റോളുകൾ ചെയ്‌തിരുന്നത്.
'കോളിളക്കം' എന്ന സിനിമയിൽ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽ പെട്ടാണ് മലയാളത്തിന്‍റെ ആദ്യ ആക്ഷൻ ഹീറോ ആയ ജയൻ വിട പറഞ്ഞത്. മദ്രാസ് ജിഎച്ചിൽ ആയിരുന്നു ജയന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം. മലയാളത്തിലെ മുൻനിര സംവിധായകനും നടന്‍മാരും അന്ന് മദ്രാസ് ജിഎച്ചിൽ എത്തിച്ചേർന്നിരുന്നു.
പ്രേം നസീർ ആ സമയത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി കേരളത്തിലാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ മകൻ ഷാനവാസ് ആ സമയത്ത് ചെന്നൈയിലുണ്ട്. അദ്ദേഹമാണ് ആശുപത്രിയിലെ കാര്യങ്ങൾ ഫോണിലൂടെ പ്രേം നസീറിനെ അറിയിച്ചത്. മുൻപ് മലയാളത്തിലെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടയിൽ ഷാനവാസ് തുറന്നു പറഞ്ഞ ഒരു കാര്യമുണ്ട്.