നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസോസിയേറ്റ് ഡയറക്‌ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്‌തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തനൊടുവിലായിരുന്നു വിവാഹം.
ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
വിവാഹ റിസെപ്‌ഷന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. "അങ്ങനെ സുരേഷിന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ ഇവിടെ ആരംഭിക്കുക ആണ് സൂർത്തുക്കളെ" -എന്ന അടിക്കുറിപ്പോടു കൂടിയാണ് ഇരുവരുടെയും വിവാഹ റിസെപ്‌ഷനിടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ രാജേഷും ദീപ്‌തിയും ഒന്നിച്ച് പ്രവര്‍ത്തിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ രാജേഷ് മാധവന്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഈ സിനിമയിലൂടെയാണ് രാജേഷ് മാധവന്‍ ജനപ്രിയ നടനായി മാറുന്നത്. അതേസമയം സിനിമയില്‍ അസോസിയേറ്റ് ഡയറക്‌ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്‌തി കാരാട്ട്.
കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയായ രാജേഷ് മാധവന്‍ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. അപ്രതീക്ഷിതമായാണ് നടന്‍ സിനിമയിലേയ്‌ക്ക് എത്തുന്നത്. സജിന്‍ ബാബു സംവിധാനം ചെയ്‌ത 'അസ്‌തമയം വരെ' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയാണ് രാജേഷ് സിനിമയില്‍ തുടക്കം കുറിക്കുന്നത്.
തിരക്കഥ എഴുത്തില്‍ താല്‍പ്പര്യമുള്ള രാജേഷ്, സുഹൃത്ത് രവി ശങ്കറിനൊപ്പം ദിലീഷ് പോത്തനോട് കഥ പറയാന്‍ ചെന്നതാണ് നടന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് 'മഹേഷിന്‍റെ പ്രതികാര'ത്തില്‍ രാജേഷിന് ചെറിയൊരു വേഷം ദിലീഷ് നല്‍കിയിരുന്നു. ഇതോടെ രാജേഷിന്‍റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു.
ശേഷം ദിലീഷ് പോത്തോന്‍റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തില്‍ അസിസ്‌റ്റന്‍റ് ഡയറക്‌ടറായി ജോലി ചെയ്‌തു. കൂടാതെ പല സിനിമകളിലും കാസ്‌റ്റിംഗ് ഡയറക്‌ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം നേടിയ 'തിങ്കളാഴ്‌ച്ച നിശ്ചയം' എന്ന സിനിമയ്‌ക്കും രാജേഷ് കാസ്‌റ്റിംഗ് നിര്‍വ്വഹിച്ചിരുന്നു. വിനീത് വാസുദേവനൊപ്പം ചേര്‍ന്നാണ് രാജേഷ് ഈ സിനിയുടെ കാസ്‌റ്റിംഗ് നിര്‍വ്വഹിച്ചത്.
പിന്നീട് 'കനകം കാമിനി കലഹം', '18 പ്ലസ്', 'നീലവെളിച്ചം', 'മിന്നല്‍ മുരളി' തുടങ്ങി നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ സംവിധാനം ചെയ്‌ത 'സുരേശന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്ന സിനിമയില്‍ രാജേഷ് നായകനായും വേഷമിട്ടിരുന്നു. 'പെണ്ണും പൊറാട്ടും' എന്ന സിനിമയിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ രാജേഷ്.
Also Read: കീര്‍ത്തി സുരേഷിന്‍റെ വിവാഹത്തിന് തുടക്കം.. ആദ്യ ചിത്രം പുറത്ത് Keerthy Suresh wedding preparations