സിജു വിൽസൻ, നമൃത എന്നിവരെ കേന്ദ കഥാപാത്രങ്ങളാക്കി ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്‌ത പുഷ്‌പക വിമാനം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്. റയോണ റോസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിച്ച ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നത് രാജ്‌കുമാർ സേതുപതി ആണ്. റീമിക്‌സായി ഒരുക്കിയ 'കാതൽ വന്തിരിച്ചു' എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്.
ഇളയരാജ ഈണം നൽകിയ ഗാനത്തിന്‍റെ ഒറിജിനൽ പതിപ്പിന് വരികൾ രചിച്ചത് പാഞ്ചു അരുണാചലമാണ്. രാഹുൽ രാജ് റീമിക്‌സ് ചെയ്‌തിരിക്കുന്ന ഈ ഗാനത്തിന് അഡിഷണൽ വരികൾ രചിച്ചത് അനൂപ് കൃഷ്‌ണൻ മണ്ണൂരാണ്. സ്റ്റാൻഡ് അപ് കോമേഡിയനായ സിദ്ദിഖ് റോഷനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ രാഹുൽ രാജാണ്.
പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉല്ലാസ് കൃഷ്‌ണ ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ്. പ്രണയം, സൗഹൃദം, അതിജീവനം എന്നീ പ്രമേയങ്ങള്‍ക്ക് പ്രാധാന്യം നൽകിയാണ് പുഷ്‌പക വിമാനം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.