തെന്നിന്ത്യന്‍ സൂപ്പർസ്‌റ്റാര്‍ അല്ലു അർജുൻ നായകനാകുന്ന 'പുഷ്‌പ 2: ദ റൂൾ' എന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആഗോള തലത്തില്‍ വലിയ ചലനമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ അഞ്ചിന് ലോകെമെമ്പാടുമുള്ള തിയേറ്ററുകളില്‍ ബ്രഹ്മാണ്ഡ റിലീസായാണ് ചിത്രം എത്തുന്നത്.
പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. 'പുഷ്‌പ 2': ദി റൂളി'ന്‍റെ ട്രെയിലര്‍ റെഡിയാണെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നുമാണ് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
"കാത്തിരിപ്പ് അവസാനിക്കുന്നു. പുഷ്‌പരാജ് ഭരണം ഏറ്റെടുത്തു. ആഗോള തലത്തില്‍ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങിയിരിക്കുന്ന 'പുഷ്‌പ2': ദി റൂള്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുന്നതെപ്പോഴാണെന്ന് തീരുമാനിച്ചു", എന്നാണ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്. മാത്രമല്ല 'പുഷ്‌പ 2'വിന്‍റെ ഏറ്റവും പുതിയ വിവരം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
പുഷ്‌പ 2: റൂൾ ഇന്ത്യയുടെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിൽ, പട്‌ന, കൊൽക്കത്ത, ചെന്നൈ, കൊച്ചി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വിപുലമായ പ്രമോഷണൽ കാമ്പെയ്ൻ നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്.
നവംബർ 15 ന് പ്രേക്ഷകർക്ക് ലഭ്യമാകുന്ന ജനപ്രിയ ടോക്ക് ഷോയായ എന്‍ ബി എസ് അൺസ്റ്റോപ്പബിളിൽ അല്ലു അർജുൻ പ്രത്യക്ഷപ്പെടുന്നതോടെയാണ് കാമ്പെയ്ൻ ആരംഭിക്കുന്നത്. ഇപ്പോഴിതാ ട്രെയിലറിന്‍റെ പുതിയ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിലെ നായകനായ അല്ലു അര്‍ജുന്‍. ഇന്ന് വൈകിട്ട് 4.05നാണ് ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ട്രെയിലർ റിലീസ് തീയതി വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് 'പുഷ്‌പ 2: ദ റൂൾ' നിർമ്മാതാക്കൾ രാവിലെ സൂചന നൽകിയിരുന്നു. നവംബർ 17 ന് വൈകുന്നേരം 6.03 ന് പാട്‌നയില്‍ നടക്കുന്ന പ്രൗഢ ഗംഭീരമായി ചടങ്ങിലായിരിക്കും 'പുഷ്‌പ 2'വിന്‍റെ ട്രെയിലര്‍ ലോഞ്ച് നടക്കുക. ഈ ചടങ്ങില്‍ മുഴുവന്‍ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആയിരിക്കും പുറത്തുവിടുമെന്നാണ് സൂചന. അധോലോകത്തിന്‍റെ ഏറ്റവും വലിയ ശക്തിയായി അല്ലു അര്‍ജുന്‍റെ കഥാപാത്രം മാറുന്നത് കാണിക്കുമെന്നാണ് കരുതുന്നത്.