ലൂസിഫറിന് ശേഷം പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് പൃഥ്വിരാജ് - മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന എമ്പുരാനായി. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും പ്രേക്ഷകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് എമ്പുരാന്‍റെ സംവിധായകനും നടനുമായ പൃഥ്വിരാജ്.
നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാന്‍റെ ഹൈദരാബാദിലെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. അടുത്ത ഷെഡ്യൂള്‍ ഇനി തിരുവനന്തപുരത്താണ്. എമ്പുരാന്‍റെ ചിത്രീകരണം ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക് എന്നാണ് പൃഥ്വിരാജ് ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഒപ്പം നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്കുള്ള മറുപടിയും താരം നല്‍കിയിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് എമ്പുരാനില്‍ നിന്നും പിന്‍മാറിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
സിനിമയുടെ ഷൂട്ടിംഗ് അപ്‌ഡേറ്റില്‍ ലൈക്ക പ്രൊഡക്ഷന്‍സിനെ ടാഗ് ചെയ്യുകയും പോസ്‌റ്റ് ലൈക്ക പ്രൊഡക്ഷന്‍സ് റീ ഷെയര്‍ ചെയ്യുകയും ചെയ്‌തു. എമ്പുരാന്‍റെ നിര്‍മ്മാണത്തില്‍ നിന്നും ലൈക്ക പ്രൊഡക്ഷന്‍സ് പൂര്‍ണ്ണമായും പിന്‍മാറിയെന്നും, ഇതുവരെ ചെലവാക്കിയ മുഴുവന്‍ തുകയും ലൈക്ക തിരികെ ആവശ്യപ്പെട്ടു എന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് പൃഥ്വിരാജ് തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ നല്‍കിയിരിക്കുന്നത്.
അതേസമയം എമ്പുരാന്‍റെ ചിത്രീകരണം 100 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഹൈദരാബാദിന് മുമ്പ് ഗുജറാത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ രംഗങ്ങളാണ് ഗുജറാത്തില്‍ ചിത്രീകരിച്ചത്. തിരുവനന്തപുരത്തെ ഷെഡ്യൂളിന് ശേഷം ദുബൈ അടക്കമുള്ള വിദേശ ലൊക്കേഷനുകളിലാകും ചിത്രീകരണം.
2019 മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ റിലീസ്. 2025ല്‍ ഇതേ ദിവസം രണ്ടാം ഭാഗമായ എമ്പുരാനും റിലീസ് ചെയ്യുമെന്നാണ് സൂചന. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ആദ്യ ഭാഗത്തിലെ താരങ്ങള്‍ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. സിനിമയ്‌ക്ക് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നു.
Also Read: "1400 കിലോമീറ്റര്‍ ദൂരത്തേയ്‌ക്ക് എമ്പുരാനെ കൊണ്ടു പോയി", 100 ദിവസങ്ങള്‍ പിന്നിട്ട് ചിത്രം - Empuraan Shooting Update