എറണാകുളം:ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27ന് തീയേറ്ററുകളിലെത്തും. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ്റെ ടീസർ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്‌തത്. തീ ഐറ്റം എന്നാണ് സോഷ്യൽ മീഡിയയിൽ ടീസറിന് ലഭിക്കുന്ന പ്രശംസ.
ആഗോള നിലവാരത്തിലുള്ള വിഷ്വലുകളിലും മേക്കിങ് ക്വാളിറ്റിയിലും എമ്പുരാൻ വ്യത്യസ്‌ത പുലർത്തിയിട്ടുണ്ട്. ലൂസിഫർ എന്ന ചിത്രത്തെ ആസ്‌പതമാക്കി തന്നെയാണ് ടീസറിൻ്റെ ആരംഭം. ലൂസിഫറിൻ്റെ കഥാന്ത്യം വെളിവാകുന്ന മോഹൻലാൽ കഥാപാത്രമായ അബ്രാം ഖുറേഷിയാണ് പിന്നീട് ടീസറിൽ നിറഞ്ഞുനിൽക്കുന്നത്. ടീസറിൻ്റെ അവസാനഘട്ടത്തിൽ പൃഥ്വിരാജിൻ്റെ കഥാപാത്രത്തെയും വെളിപ്പെടുത്തുന്നുണ്ട്.
തിയേറ്ററുകളിൽ ഒരു മോഹൻലാൽ ചിത്രം ആഘോഷമായിട്ട് വർഷങ്ങളായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാൻ്റെ ടീസർ ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷക്കകളിൽ മങ്ങലേൽപിക്കില്ലെന്ന് സാരം. ടീസറിൻ്റെ വരവോടെ ചിത്രത്തിൻ്റെ ഹൈപ്പ് പതിന്മടങ്ങായിരിക്കുകയാണ്.
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും മുരളി ഗോപിയുടെതാണ്. മലയാളം തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലായി ഒരേസമയം ചിത്രം പുറത്തിറങ്ങും.
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന സിൽവർ ജൂബിലി ചിത്രം കൂടിയാണ് എമ്പുരാൻ. എമ്പുരാൻ എന്ന സിനിമയുടെ ടീസർ ലോഞ്ചും ആശിർവാദ് സിനിമാസ് 25 വർഷം പൂർത്തിയാക്കുന്ന ആഘോഷച്ചടങ്ങും കഴിഞ്ഞദിവസം കൊച്ചിയിൽ സംഘടിപ്പിച്ചു. ചടങ്ങിൽ മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥിയായി എത്തിച്ചേർന്നത്.
ടീസർ ലോഞ്ചിന് മുമ്പ് മോഹൻലാൽ വേദിയിൽ പ്രസംഗിക്കുകയുണ്ടായി. ആശിർവാദ് സിനിമാസിന്‍റെ യാത്ര 25 വർഷം പിന്നിട്ടതിൽ മോഹൻലാൽ ചടങ്ങിൽ സന്തോഷം രേഖപ്പെടുത്തി. 34 സിനിമകൾ ആശിർവാദ് സിനിമാസിലൂടെ സമ്മാനിക്കാൻ സാധിച്ചു. അതിനുപുറമേ നിരവധി പേർക്ക് തൊഴിലും നൽകി. ഇക്കാരണങ്ങൾ കൊണ്ട് ആശിർവാദ് സിനിമാസിൻ്റെ ഭാഗമായതിൽ സന്തോഷവാനാണെന്നാണ് മോഹൻലാൽ പറഞ്ഞത്.