ഹൈദരാബാദ്:വരാനിരിക്കുന്ന മലയാള ചിത്രം ആടുജീവിതത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. പ്രമോഷനുമായി ബന്ധപ്പെട്ട് താരമിപ്പോള്‍ ഹൈദരാബാദിലാണുള്ളത്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മാര്‍ച്ച് 28ന് വെള്ളിത്തിരയില്‍ എത്തും.
വര്‍ഷങ്ങളായുള്ള ബ്ലെസിയുടെയും പൃഥ്വിയുടെയും കഠിന പ്രയത്നമാണ് വരാനിരിക്കുന്ന ചിത്രത്തില്‍ പ്രതിഫലിക്കുക. ചിത്രത്തിന് ഓസ്‌കാര്‍ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് നടന്‍ പൃഥ്വിരാജ് പ്രമോഷന്‍ വേളയില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ കൂടുതല്‍ സന്തുഷ്‌ടരാകുമെന്നും താരം പറഞ്ഞു. അത്തരത്തിലൊരു അംഗീകാരം തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ചിത്രം ആഗോളതലത്തില്‍ ബ്ലോക്ക്ബസ്‌റ്റര്‍ ആകുന്നതാണോ അക്കാദമി അവാര്‍ഡ് നേടുന്നതാണോ പ്രധാനം എന്ന് ചോദിച്ചാല്‍ അക്കാദമി അവാര്‍ഡ് രണ്ടാമതാകും.
വര്‍ഷങ്ങളായുള്ള പ്രയത്നം സിനിമയായി തീയേറ്ററുകളിലെത്തുന്നത് കാണാന്‍ നിരവധി ആരാധകരാണ് ആവേശത്തോടെ കാത്തിരിക്കുന്നത്. എന്നിരുന്നാലും ചിത്രത്തിന്‍റെ പ്രമോഷനും തകൃതിയായി തന്നെ നടക്കുന്നുണ്ട്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളില്‍ ഒന്നാണ് ആടുജീവിതം.
ചിത്രീകരണത്തിനുള്‍പ്പെടെ സിനിമയുടെ സാമ്പത്തിക ചെലവുകളെ കുറിച്ചും താരം പ്രമോഷന്‍ വേളയില്‍ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന മുഴുവന്‍ പണവും സിനിമ നിര്‍മിക്കാനായി ചെലവഴിച്ചു. അതാണ് സത്യമെന്ന് താരം പറഞ്ഞു.
മലയാളത്തില്‍ വളരെ ചെലവേറിയ ചിത്രമാണിത്. ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലില്‍ നിന്ന് രൂപാന്തരപ്പെടുത്തിയ ഈ ചിത്രം അതിജീവനത്തിന്‍റെ തീവ്ര കഥ പറയുന്നു. ബെന്യാമിന്‍റെ നോവലിലെ നജീബ് മുഹമ്മദായി പൃഥ്വിരാജ് വേഷമിടുമ്പോള്‍ അത് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
2009 മുതലാണ് ബ്ലെസിയും പൃഥ്വിരാജും നോവലിനെ സിനിമയായി ചിത്രീകരിക്കാന്‍ തീരുമാനിച്ചതും തിരക്കഥയുടെ ജോലികള്‍ ആരംഭിച്ചതും. എന്നാല്‍ മുന്നോട്ട് പോകുന്നതിന് സാമ്പത്തിക പരിമിതികള്‍ ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് 2015ല്‍ ജിമ്മി ജീൻ-ലൂയിസും സ്‌റ്റീവൻ ആഡംസും നിര്‍മാതാക്കളായി ഒപ്പം ചേര്‍ന്നതാണ് പുതിയ വഴിത്തിരിവായത്.
ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വന്നതോടെ കാഴ്‌ചക്കാര്‍ ഏറെ ആവേശത്തിലാണ്. ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ പുനഃസൃഷ്‌ടിച്ച വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. വിഷ്യല്‍ റൊമാന്‍സിന്‍റെ ബാനറിലാണ് ആടുജീവിതമൊരുങ്ങുന്നത്. കെ എസ് സുനിലാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.