കേരളം

kerala

ETV Bharat / entertainment

ഒരു ഷോട്ടിന് ഒരു ദിവസം...എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായി...നജീബിന്‍റെ കഥ വെള്ളിത്തിരയിലെത്തുമ്പോൾ ശരിക്കും 'ആടുജീവിതം' - The Goat Life

നജീബായി പൃഥ്വിയുടെ പരകായ പ്രവേശം; വിസ്‌മയമാകാനൊരുങ്ങി ആടുജീവിതം. ചിത്രം മാർച്ച് 28ന് തിയേറ്ററുകളിലെത്തും.

പൃഥ്വിരാജ് സുകുമാരന്‍  ആടുജീവിതം The Goat Life  ബ്ലസി Blessy  Prithviraj Sukumaran
Aadujeevitham, The Goat Life movie is ready to release

By ETV Bharat Kerala Team

Published : Mar 11, 2024, 2:49 PM IST

ആടുജീവിതത്തിന്‍റെ അനുഭവങ്ങൾ പങ്കിട്ട് അണിയറ പ്രവർത്തകർ

എറണാകുളം:ആരാധകരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. ബെന്യാമിന്‍റെ അതിപ്രശസ്‌തമായ നോവൽ ആടുജീവിതത്തെ ആസ്‌പദമാക്കി ബ്ലെസി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ബ്ലെസ്സിയും, പൃഥ്വിരാജും, എ.ആർ. റഹ്മാനും അടങ്ങുന്ന സിനിമയുടെ അണിയറ പ്രവർത്തകർ റിലീസിനോട് അനുബന്ധിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കാൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി (The Goat Life).

കഴിഞ്ഞ ഒരുപാട് വർഷങ്ങളുടെ വേദനയുടെയും കഠിനാധ്വാനത്തിന്‍റെയും ഫലമാണ് ആടുജീവിതം. കഴിഞ്ഞ 10 വർഷങ്ങളായി താൻ ഏത് വാർത്ത സമ്മേളനത്തിൽ പങ്കെടുത്താലും ആടുജീവിതത്തെ കുറിച്ചുള്ള ചോദ്യം ഉറപ്പായും ഉണ്ടാകുമെന്ന് പൃഥ്വിരാജ് സംസാരിച്ചു തുടങ്ങി.

പൃഥ്വിരാജിന്‍റെ വാക്കുകളിലേക്ക്..

'ആടുജീവിതത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് മുന്നിൽ എത്തിയതിൽ വളരെയധികം സന്തോഷം. ഈയൊരു വാർത്ത സമ്മേളനത്തിൽ എത്തിയത് തന്നെ ലൂസിഫർ ടുവിന്‍റെ ലൊക്കേഷനിൽ നിന്നാണ്. അമേരിക്കയിലാണ് ലൂസിഫർ ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്‍റെ മുഖത്ത് ഒരു ക്ഷീണം ഉണ്ടാകും. ആ ക്ഷീണം കണ്ടാരും തെറ്റിദ്ധരിക്കേണ്ട കാര്യമില്ല.

ആദ്യകാലങ്ങളിൽ ആടുജീവിതം സിനിമയെ കുറിച്ചുള്ള കാഴചപ്പാട് ഇപ്രകാരമായിരുന്നു. ആടുജീവിതം ചിത്രീകരണം എന്നെങ്കിലും തുടങ്ങുമായിരിക്കും. എന്നാൽ പിന്നീട് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ആരംഭിച്ചതിനു ശേഷം ഇത് എന്നെങ്കിലും തീരുമായിരിക്കും എന്നായി അത് മാറുകയായിരുന്നു. എന്തായാലും ശുഭ പര്യവസാനം. ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി.

ആടുജീവിതം തന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നിമിഷങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. തന്നിലെ നടൻ വളരെ ചെറുപ്പമായിരുന്നു. താനൊരു സംവിധായകൻ ആയിട്ടില്ല. വിവാഹം കഴിച്ചിട്ടില്ല താനൊരു അച്ഛനായിട്ടില്ല. ആടുജീവിതം പൂർത്തിയാകുമ്പോൾ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു. നല്ല നടനായി എന്ന് വിശ്വസിക്കുന്നു.

സംവിധായകനായി നിർമ്മാതാവായി വിതരണക്കാരനായി അങ്ങനെ അങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തന്‍റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കുവാനും സാധിച്ചു. എന്നാൽ ആടുജീവിതം വ്യക്തിപരമായി തന്‍റെ ജീവിതത്തെ സ്വാധീനിക്കുകയാണ് ഉണ്ടായത്. ഞാനെന്ന മനുഷ്യനെ മറ്റൊരാളാക്കി മാറ്റുന്നതിൽ ആടുജീവിതം ഒരു കാരണമാണ് (Aadujeevitham).

ആടുജീവിതം ചിത്രീകരണത്തിനിടയിൽ സംഭവിച്ച സംഭവ വികാസങ്ങൾ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനും മറ്റൊരു സിനിമയ്ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് താൻ ആഗ്രഹിക്കുന്നു. മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്‌തതുകൊണ്ട് തന്നെ വേണമെങ്കിൽ ഒരു സംവിധായകൻ ആണെന്നും വിശേഷിപ്പിക്കാം. തന്നിലെ സംവിധായകന് അളവല്ലാത്ത അസൂയ ഉളവാക്കുന്ന ഒരു ചിത്രമായിരിക്കും ആടുജീവിതം. ആ അസൂയ ബ്ലെസി എന്ന സംവിധായകനോടും ഉണ്ടാകും.

ഇതുപോലൊരു ചിത്രം സംവിധാനം ചെയ്യാനുള്ള അറിവോ പരിജ്ഞാനമോ തനിക്കില്ല എന്ന പൂർണ്ണ ബോധ്യവും തനിക്കുണ്ട്. ആടുജീവിതം നേരിട്ട കഷ്‌ടതകൾ മാറ്റിനിർത്തിയാൽ പോലും, നേരായ സ്ഥിതിവിശേഷത്തിൽ പോലും ഇത്തരം ഒരു പ്രോജക്‌ട് ചെയ്‌ത് പൂർത്തിയാക്കുക എന്നാൽ എളുപ്പമുള്ള സംഗതിയല്ല.

2008 കാലഘട്ടത്തിൽ ബ്ലസി ഈ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോൾ അക്കാലത്തെ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് അദ്ദേഹം. മോഹൻലാലോ മമ്മൂട്ടിയോ താനോ ആരാണെങ്കിലും അക്കാലയളവിൽ ബ്ലസ്സിക്ക് ഒപ്പം ഒരു ചിത്രം ചെയ്യാൻ മടി കാണിക്കുകയില്ല. കുടുംബത്ത് കാശുള്ളതുകൊണ്ട് ബ്ലസിക്ക് വലിയ ടെൻഷനുകൾ ഒന്നുമില്ല എന്ന് താൻ എപ്പോഴും കളിയാക്കി പറയും. അതുകൊണ്ടുതന്നെ പത്ത് പന്ത്രണ്ട് വർഷത്തോളം ഒരു സിനിമയുടെ പിന്നിൽ തന്നെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് മടിയൊന്നും ഉണ്ടാകില്ല.

പക്ഷേ സുധീർഘമായ ആടുജീവിത വഴികളിൽ ഒരുതരത്തിലുള്ള കോംപ്രമൈസിനും അദ്ദേഹം ഒരുങ്ങിയിരുന്നില്ല. ഒരു സംവിധായകന്‍റെ സൃഷ്‌ടി ഏതറ്റം വരെയും സഞ്ചരിച്ച് പൂർണ്ണതയിൽ എത്തിക്കുന്ന അൾട്ടിമേറ്റ് ബെഞ്ച് മാർക്ക് ആണ് ആടുജീവിതം. ഇതിനപ്പുറം ഒരു സംവിധായകനും തന്‍റെ സിനിമയോട് അർപ്പണബോധം കാണിക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല.പ്രിഥ്വിരാജ് പറഞ്ഞു.

ഇതുപോലൊരു ചിത്രം തന്‍റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു എ.ആർ. റഹ്മാന്‍റെ പ്രതികരണം. കേരളത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട ഒരു പുസ്‌തകം സിനിമയാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട വസ്‌തുതകൾ ഉണ്ടെന്ന് സംവിധായകൻ ബ്ലസി പറഞ്ഞു (Prithviraj Sukumaran).

ബ്ലസിയുടെ വാക്കുകള്‍...

'ഒരിക്കലും ആടുജീവിതം എന്ന പുസ്‌തകത്തിന്‍റെ ഡോക്കുമെന്‍റേഷൻ മാത്രമായി ചിത്രം ഒരുങ്ങരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. ആടുജീവിതം തന്‍റെ കാഴ്‌ചപ്പാടിലൂടെ പറയുവാനാണ് ശ്രമിച്ചിട്ടുള്ളത്. 43 അധ്യായങ്ങളുള്ള നോവലിന്‍റെ അന്തസത്ത ചോരാതെ സിനിമ ഭാഷ്യം സൃഷ്‌ടിക്കുമ്പോൾ മിനിമം 10 മണിക്കൂറെങ്കിലും ദൈർഘ്യം ഉണ്ടാവുക സ്വാഭാവികമാണ്. സിനിമയുടെ ഫസ്റ്റ് കട്ട് കോപ്പി പോലും മൂന്നര മണിക്കൂർ ഉണ്ടായിരുന്നു. പക്ഷേ തിയേറ്ററിൽ അത്രയും സമയം ജനങ്ങളുടെ സമയം കവർന്നെടുക്കുക നല്ല പ്രവണതയല്ല. അതുകൊണ്ടാണ് ദൈർഘ്യം പിന്നെയും കുറച്ചത്.

പക്ഷേ എല്ലാ കഷ്‌ടപ്പാടുകളും ഒപ്പിയെടുത്ത സിനിമയുടെ പൂർണ്ണരൂപം മറ്റേതെങ്കിലും മാധ്യമത്തിലൂടെ കുറച്ചു ദിവസങ്ങൾക്കുശേഷം പുറത്തുവിടും. അല്ലെങ്കിൽ അത് പൃഥ്വിരാജ് എന്ന നടൻ അനുഭവിച്ച കഷ്‌ടപ്പാടുകളെ പൂർണ്ണമായും ജനങ്ങളിൽ എത്തിക്കാൻ സാധിക്കില്ല.

താൻ ഓർക്കുന്നു മരുഭൂമിയിലൂടെ നജീബിന്‍റെ കഥാപാത്രം ഓടുന്ന ഒരു രംഗമുണ്ട്. ഒരു കല്ലിൽ തട്ടി രാജു താഴെ വീഴുന്നു. മരുഭൂമിയിൽ എവിടെയാണ് പാറക്കല്ലെന്നു ചിന്തിക്കാൻ സമയം ലഭിച്ചില്ല. ഒരുപക്ഷേ രാജുവിന്‍റെ അഭിനയം ആയിരിക്കുമെന്ന് കരുതി ആദ്യം പ്രതികരിച്ചതുമില്ല. എഴുന്നേറ്റുനിന്ന് രാജു ദേഷ്യ ഭാവം പ്രകടിപ്പിച്ചപ്പോഴാണ് സംഗതി സീരിയസ് ആണെന്ന് ബോധ്യപ്പെട്ടതും.

ഒരു സഹ സംവിധായകൻ കഥാപാത്രത്തിന്‍റെ പൊസിഷൻ മാർക്ക് ചെയ്യാൻ കൊണ്ടിട്ട പാറയായിരുന്നു അത്. എടുത്തുമാറ്റാൻ മറന്നുപോയി. ഇത്തരത്തിലുള്ള പല രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പൂർണരൂപം ജനങ്ങളിൽ എത്തിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട് '.

ചിത്രീകരണത്തിനിടെയുണ്ടായ ചില അനുഭവങ്ങള്‍..

'ഒരു പ്രത്യേക ലൈറ്റിൽ ഒരു ഷോട്ട് എടുക്കുന്നതിന് മണിക്കൂറുകൾ ചിലവഴിച്ച് ചിത്രീകരിച്ച ദിവസങ്ങളുമുണ്ട്. ഇത്രയധികം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ഒരു ദിവസം ഒരു ഷോട്ട് മാത്രം എടുക്കാൻ തീരുമാനിച്ച ബ്ലസിയുടെ സിനിമയോടുള്ള അഭിനിവേശത്തെ മാനിക്കുന്നു (Blessy and Prithviraj Sukumaran’s survival drama 'The Goat Life' is ready to release).

ട്രെയിലറിൽ കാണുന്ന ഒട്ടകത്തിന്‍റെ കണ്ണുകളിൽ നജീബിന്‍റെ പ്രതിബിംബം തെളിയുന്ന രംഗം ഛായഗ്രഹകന്‍റെ സൃഷ്‌ടിയാണ്. അവിടെയുള്ള ഒട്ടകങ്ങളോട് ചിത്രീകരണം പൂർത്തിയാകുന്നതോടെ ഇണങ്ങുവാൻ സാധിച്ചിരുന്നു. ഒരു ഷോട്ട് എടുക്കുന്നതിനിടെ ഒരു ഒട്ടകം പ്രകടിപ്പിച്ച പ്രവർത്തി ഒട്ടകത്തിന്‍റെ കൂടി റിയാക്ഷൻ എടുക്കുന്നതിന് സംവിധായകനെ പ്രേരിപ്പിച്ചു. തമാശയ്ക്ക് പറഞ്ഞതല്ല. നാലോ അഞ്ചോ ദിവസമെടുത്താണ് ആ രംഗം ചിത്രീകരിച്ചത് പോലും. ഒട്ടകം പറഞ്ഞാൽ പറഞ്ഞതുപോലെ അഭിനയിക്കണമെന്നില്ലല്ലോ.

കൊവിഡ് കാലത്തെ കഷ്‌ടപ്പാടും ശാരീരിക ക്ഷമത നഷ്‌ടപ്പെട്ടതും തന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നു. ഇതിന്‍റെ സൈഡ് എഫക്‌ട് ഇപ്പോൾ കുഴപ്പമൊന്നുമില്ലെങ്കിലും വരുംകാലത്തിൽ നേരിടേണ്ടി വരുമോ എന്ന് ഭയപ്പെടുന്നു'.പൃഥ്വിരാജ് പറഞ്ഞു നിർത്തി.

ABOUT THE AUTHOR

...view details