ആഗോള തലത്തിൽ ഏറെ നിരൂപക പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന സിനിമയുടെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സൗഹൃദം, സ്വത്വം, പ്രതിരോധശേഷി, മാനുഷിക ബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ പ്രമേയങ്ങൾ മനോഹരമായി അവതരിപ്പിച്ച ചിത്രം റിലീസിനൊരുങ്ങുകയാണ്.
റിലീസിന് മുന്നോടിയായുള്ള പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ നിരവധി പ്രമുഖർ ഒത്തുച്ചേർന്നു. സിനിമയുടെ സംവിധായകയായ പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിന്‍റെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളുമായി സംവദിച്ചു.
സിനിമയ്‌ക്ക് വേണ്ടിയുള്ള കലാപരമായ തിരഞ്ഞെടുപ്പുകൾ, ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ് ഇന്ത്യൻ സിനിമയിലേക്ക് കൊണ്ടുവരുന്ന അതുല്യമായ ആഖ്യാന ശൈലി, നിർമ്മാതാക്കളുടെ കാഴ്‌ച്ചപ്പാട്, സങ്കീർണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ അഭിനേതാക്കളുടെ അനുഭവങ്ങൾ എന്നിവയെല്ലാം ഈ സംവാദത്തിന്‍റെ ഭാഗമായി. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവർ തങ്ങളുടെ പ്രകടനങ്ങളുടെ വെല്ലുവിളികളെ കുറിച്ചും അതിന് ലഭിച്ച ഫലത്തെയും കുറിച്ച് മനസ്സ് തുറന്നു.
മഹേഷ് നാരായണൻ, പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്‌മി, ഗായത്രി അശോക്, സന്ധ്യ ബാലചന്ദ്രൻ, റിയാസ് സലിം, അതുല്യ ആശാദം, റാണി ഹരിദാസ്, ലെൻഡ്രിക് കുമാർ, സരിൻ ഷിബാബ്, ശീതൾ ശ്യാം, വിഷ്‌ണു രാഘവ്, നിമിഷ ഹക്കിം, അനഘ നാരായണൻ തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖർ സ്ക്രീനിംഗിൽ പങ്കെടുത്തു.