കേരളം

kerala

ETV Bharat / entertainment

എട്ട് വർഷങ്ങൾക്കിപ്പുറവും 'പ്രേമം' തരംഗം; റീ-റിലീസിനും അതേ ആവേശം - പ്രേമം

ചില സിനിമകൾ കാലത്തിനും ആശയങ്ങൾക്കും അതീതമാണ്.. അത്തരത്തിലുള്ളൊരു മലയാള ചലച്ചിത്രമായ 'പ്രേമം' വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് റീ-റിലീസിനെത്തിയിരിക്കുന്നു.

Premam re release  Premam movie  Nivin Pauly  പ്രേമം  പ്രേമം റീ റിലീസ് നിവിൽ പോളി
Premam re release

By ETV Bharat Kerala Team

Published : Feb 13, 2024, 6:57 PM IST

2015ലെ ഓണക്കാലത്തിന് പ്രേമത്തിന്‍റെ നിറമായിരുന്നു.. കണ്ടവര്‍ കണ്ടവര്‍ പ്രചാരകരായതോടെ സംഭവം വൻ ഹിറ്റ്. തീയേറ്ററുകളിൽ നീണ്ട ക്യൂ. ടിക്കറ്റ് കിട്ടാനില്ല. ഇതിനിടെ പ്രേമത്തിന്‍റെ പകര്‍പ്പ് സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ നിന്നും ചോര്‍ത്തിയ വിവാദവും.. അങ്ങനെ മൊത്തം പ്രേമതരംഗം..

പ്രേമം തരംഗം

അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം എട്ട് വർഷങ്ങൾക്ക് ഇപ്പുറവും റിലീസ് ദിനത്തിലെ അതേ ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വീണ്ടും പ്രദർശനത്തിന് എത്തിയ ചിത്രം വർഷങ്ങൾക്ക് മുൻപ് ആദ്യമായി തീയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനം കവർന്നത് എങ്ങനെയാണോ അതേ ഒരു അനുഭവം തന്നെയാണ് റീ-റിലീസിങ് സമയത്തും (Premam re-release). വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് തുടർച്ചയായ എട്ട് വർഷങ്ങളിലേത് പോലെ തന്നെ ചിത്രം ഈ വർഷവും പ്രദർശനത്തിന് എത്തുന്നത്.

റീ-റിലീസിനെത്തി പ്രേമം

കേരളത്തിലും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും റീ-റിലീസിന് എത്തിയ ചിത്രം ഹൗസ്‌ഫുൾ ഷോകളുമായിട്ടാണ് പ്രദർശനം തുടരുന്നത്. ഏകദേശം അൻപതോളം സ്ക്രീനുകളിലാണ് ചിത്രം റീ-റിലീസ് ചെയ്‌തിരിക്കുന്നത്. 2015ൽ തീയേറ്ററുകളിൽ എത്തിയ പ്രേമം മലയാള സിനിമ ചരിത്രത്തിൽ കലക്ഷൻ റെക്കോർഡുകൾ ഭേദിച്ചിരുന്നു. ചിത്രം കോടികൾ വാരിക്കൂട്ടുകയും ചെയ്‌തിരുന്നു.

പ്രേമം ചിത്രം

ചിത്രം യുവാക്കൾക്കിടയിൽ ഒരു പുതിയ തരംഗം തന്നെ സൃഷ്‌ടിച്ച് കൾട്ട് ക്ലാസിക് പദവി നേടിയെടുത്തു. യുവാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്നതായിരുന്നു പ്രേമത്തിൻ്റെ പ്രമേയം. ഭാഷാപരമായും സാംസ്‌കാരികപരമായുമുള്ള തടസങ്ങൾ ബാധിക്കാതെ ചിത്രം തമിഴ്‌നാട്ടിലും വിജയം കൊയ്‌തു. തമിഴ്‌നാട്ടിൽ 200 ദിവസം ചിത്രം പ്രദർശനം പൂർത്തീകരിച്ചിരുന്നു.

നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻ്റെ കൗമാരം മുതൽ മുന്നോട്ടുള്ള ജീവിതവും ഓരോ കാലഘട്ടത്തിലും വന്നു ചേരുന്ന പ്രണയത്തിൻ്റെ മനോഹര കാഴ്‌ചകളുമാണ് ചിത്രത്തിൽ. ഒരു കഥാപാത്രത്തിൻ്റെ പല കാലഘട്ടങ്ങളിലുള്ള വ്യത്യസ്‌തമായ ലുക്കുകളിൽ എത്തുകയെന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളവും ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ജോർജിൻ്റെ കൗമാരവും കോളജ് ലൈഫും പിന്നീട് വരുന്ന കാലഘട്ടവുമെല്ലാം ഏറെ തന്മയത്വത്തോടെ താരം അവതരിപ്പിച്ചു. നിവിൻ പോളി എന്ന നടന്‍റെ ഏറ്റവും മികച്ച ചിത്രങ്ങൾ എന്ന നിലയിൽ ഉയർത്തിക്കാണിക്കാവുന്ന ഒരു സിനിമയാണ് പ്രേമം.

മലർ മിസ്സായി എത്തിയ സായി പല്ലവി പ്രേക്ഷകരുടെ പ്രിയ താരമായി. പ്രേക്ഷകർക്ക് ഇമോഷണലായിട്ടുള്ള ഒരു അടുപ്പം കൊണ്ടുവരുവാൻ മലർ മിസ്സിൻ്റെ റോളിന് സാധിച്ചു. പ്രണയത്തിലെ ഏറ്റകുറച്ചിലുകൾ അതിൻ്റെ പൂർണതയിൽ രസകരമായ രീതിയിൽ ചിത്രം അവതരിപ്പിച്ചിരിക്കുന്നു. തലമുറകളുടെ വ്യത്യാസമില്ലാതെ എല്ലാത്തരം പ്രേക്ഷകരും ഇന്നും പ്രേമത്തെ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്.

മലയാള സിനിമയുടെ ട്രേഡ് മാർക്കായി അടയാളപ്പെടുത്തിയ ചിത്രത്തെ പ്രേമം വീണ്ടും തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയപ്പോൾ അത് പലർക്കും ഈ മനോഹര ചിത്രത്തിൻ്റെ ബിഗ് സ്ക്രീനിലെ കാഴ്‌ചകൾ വീണ്ടും ആസ്വദിക്കുവാനുള്ള അവസരമായി. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണവും അന്നത്തെ തലമുറ ഏറ്റെടുത്ത ട്രെൻഡുകളും എല്ലാം കൊണ്ടും സമ്പന്നമായ ഈ അൽഫോൺസ് പുത്രൻ മാജിക് ദൃശ്യചാരുതയാർന്ന കാലങ്ങൾക്ക് അതീതമായ ഒരു ചലച്ചിത്രാനുഭവമാണ്.

ABOUT THE AUTHOR

...view details