പ്രഭാസ് ആരാധകരുടെ നാളുകളേറെയായുള്ള കാത്തിരിപ്പിന് വിരാമം. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന 'കൽക്കി 2898 എഡി'യിലെ 'ഭൈരവ ആന്തം' അണിയറ പ്രവർത്തകർ 'റിലീസ് ചെയ്‌തു. പ്രഭാസും ഗായകനും നടനുമായ ദിൽജിത് ദോസഞ്ചും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ പാട്ടിന്.
നോർത്ത് ഇന്ത്യൻ - സൗത്ത് ഇന്ത്യൻ ബ്ലെൻഡ് ആണ് ഈ ഗാനമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ദിൽജിത് ദോസഞ്ചും വിജയ് നരേനും ചേർന്നാണ് 'ഭൈരവ ആന്തം' ആലപിച്ചിരിക്കുന്നത്. കുമാറിന്‍റെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. പ്രഭാസിന്‍റെ ഭൈരവ എന്ന കഥാപാത്രത്തിന് കൃത്യമായ അടയാളം രേഖപ്പെടുത്തുന്ന ഗാനമാണിത്. പ്രഭാസ് ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരുപാട് മുഹൂർത്തങ്ങളും ഗാനരംഗത്തിൽ അണിയറ പ്രവർത്തകർ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നാഗ് അശ്വിൻ സംവിധാനം ചെയ്‌തിരിക്കുന്ന 'കൽക്കി' ജൂണ്‍ 27ന് റിലീസിനെത്തും. കേരളത്തിൽ ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസ് ആണ് ഈ ചിത്രം വിതരണത്തിനെത്തിക്കുക. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയുമായാണ് 'കൽക്കി' എത്തുന്നത്. കൂടാതെ ആനിമേറ്റഡ് സീരീസ് പുറത്തുവിട്ട ആദ്യ ഇന്ത്യൻ സിനിമയുമാണ് 'കൽക്കി 2898 എഡി'.
ദീപിക പദുകോൺ നായികയാകുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ അമിതാഭ് ബച്ചനും കമൽ ഹാസനും സുപ്രധാന വേഷങ്ങളിലുണ്ട്. മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന, സഹസ്രാബ്‌ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് 'കൽക്കി'യുടെ ഇതിവൃത്തമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ 'കൽക്കി' ഒരു ടൈം ട്രാവൽ ചിത്രമായിരിക്കില്ലെന്ന് അണിയറക്കാർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ALSO READ:അല്ലു അർജുൻ്റെ 'പുഷ്‌പ 2' റിലീസിൽ മാറ്റം; പുതിയ തീയതി പ്രഖ്യാപിക്കാൻ നിർമാതാക്കൾ