മലയാളത്തിലെ യുവ എഴുത്തുകാരൻ സേതുനാഥ് പ്രഭാകറിന്‍റെ 'പേര് ശ്രീരാമൻ' എന്ന പുതിയ നോവലിന്‍റെ പ്രകാശനം നടന്നു. എഴുത്തുകാരനായ ടി ഡി രാമകൃഷ്‌ണൻ, സിനിമ സംവിധായകൻ ജിയോ ബേബി എന്നിവരാണ് പ്രകാശന കർമം നിർവഹിച്ചത്. കവി ശ്രീജിത്ത് അരിയല്ലൂർ ആമുഖ പ്രഭാഷണം നടത്തി. ടി ഡി രാമകൃഷ്‌ണനിൽ നിന്നും ജിയോ ബേബി പുസ്‌തകം ഏറ്റുവാങ്ങി.
എഴുത്തുകാരനും ചിത്രകാരനുമായ സേതുനാഥ് പ്രഭാകറിന്‍റെ രണ്ടാമത്തെ നോവലാണ് 'പേര് ശ്രീരാമൻ'. 'ഭ്രൂണം' ആയിരുന്നു ഇദ്ദേഹത്തിന്‍റെ ആദ്യ നോവൽ. 2001-ൽ ആണ് 'ഭ്രൂണം' പ്രസിദ്ധീകരിച്ചത്.
കോതമംഗലം സ്വദേശിയാണ് സേതുനാഥ് പ്രഭാകർ. ബറോഡയിൽ ചിത്രകല പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ഗുജറാത്തിൽ ദ്വാരകയ്‌ക്ക് അടുത്തുള്ള ജൈന ക്ഷേത്രത്തിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൂടാതെ ആരാധന ദാമിലെ ആർട്ട് ഗ്യാലറിയിലുള്ള മുഴുവൻ ചിത്രങ്ങളും ഇദ്ദേഹത്തിന്‍റേതാണ്. മാതൃഭൂമി, കലാകൗമുദി, കുങ്കുമം, സമകാലിക മലയാളം തുടങ്ങിയ വാരികകളിൽ ഇദ്ദേഹത്തിന്‍റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2009ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സേതുനാഥ് പ്രഭാകർ മെൽബണിലെ പ്രധാന ഗ്രൂപ്പ് എക്‌സിബിഷനിൽ പങ്കെടുത്ത് വരികയാണ്. ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി 'പ്രൈഡ് ഓഫ് ഓസ്‌ട്രേലിയ' എന്ന ഇദ്ദേഹത്തിന്‍റെ പോർട്രൈറ്റ് സീരീസ് വിക്ടോറിയൻ പാർലമെന്‍റിൽ പ്രദർശിപ്പിക്കപ്പെട്ടു. അതേ വർഷം തന്നെ ഒമാന്‍റെ 47-ാമത് നാഷണൽ ഡേയിൽ മസ്‌കറ്റിൽ ഫൈൻ ആർട്‌സ് ഓഫ് ഒമാൻ ചിത്രപ്രദർശനം നടത്തി.
ഇന്ത്യൻ മിത്തോളജിയെയും ഗാന്ധിജിയെയും അവലംബിച്ചു കൊണ്ടുള്ള കണ്ടംപററി സീരീസ് ആണ് പുതിയ പെയിന്‍റിങ്ങുകൾ. ഇപ്പോഴിതാ ഒരു ഇടവേളക്കുശേഷം വീണ്ടും എഴുത്തിൽ സജീവമായിരിക്കുകയാണ് സേതുനാഥ് പ്രഭാകർ.