ഓണം എന്നാല്‍ മലയാളിക്ക് ആഘോഷമാണ്. ഓണത്തിനായി പലരും പലതും കണക്കുക്കൂട്ടി വയ്ക്കും. സിനിമ മേഖലയിലും ഈ സ്ഥിതി വ്യത്യസ്‌തമല്ല. ഇത്തവണ യുവാക്കളുടെയും കുടുംബങ്ങളുടെയും തള്ളിക്കയറ്റം തിയേറ്ററുകളില്‍ ഉണ്ടാവുമോയെന്നാണ് സിനിമ പിന്നണി പ്രവര്‍ത്തകരും തിയേറ്ററുടമകളും ഉറ്റുനോക്കുന്നത്. കാരണം ഹേമ കമ്മറ്റി റിപ്പോര്‍ട്ടും ആരോപണങ്ങളുടെ പെരുമഴയുമൊക്കെയായി മലയാള സിനിമയുടെ പ്രതിഛായയ്ക്ക് കോട്ടം തട്ടിയോ എന്ന ചര്‍ച്ച സജീവമാണ്.
ഇതിനിടെയാണ് ഓണത്തിന് ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തുന്നത്. ഇതു മാത്രമല്ല സൂപ്പര്‍ താരങ്ങളുടെ ഒരു ചിത്രം പോലും ഇത്തവണ ഓണത്തിന് റിലീസിനായി എത്തുന്നുമില്ല. സിനിമ വിവാദവും മറ്റും ഒരു തരത്തിലും തിയേറ്റര്‍ പ്രേക്ഷകരെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് സിനിമ പിന്നണി പ്രവര്‍ത്തകരും തിയേറ്റര്‍ ഉടമകളും. നാലു ചിത്രങ്ങളാണ് ഓണം റിലീസായി തിയേറ്ററില്‍ എത്തുന്നത്. 75 കോടി രൂപയിലേറെയാണ് പുതിയ നാലു സിനിമകളുടെ മുതല്‍ മുടക്ക്.
ത്രിബിള്‍ റോളില്‍ ടൊവിനോ : വമ്പന്‍ മുതല്‍മുടക്കോടെ വരുന്ന ജിതിന്‍ ലാലിന്‍റെ ടൊവിനോ തോമസ് ചിത്രം 'അജയന്‍റെ രണ്ടാം മോഷണം'. ടൊവിനോ തോമസ് മൂന്ന് റോളില്‍ എത്തുന്ന ചിത്രമാണിത്. ത്രി ഡി രൂപത്തിലാണ് ബഹുഭാഷ റിലീസായി ചിത്രം എത്തുന്നത്. പ്രണയവും ആക്ഷനും ഫാന്‍റസിയുമെല്ലാം നിറഞ്ഞ ത്രില്ലര്‍ വഴയില്‍ കഥപറയുന്ന ചിത്രമാണിത്. ടൊവിനോയുടെ അന്‍പതാം സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്.
കടല്‍ ആക്ഷന്‍ രംഗങ്ങളില്‍ വിസ്‌മയിപ്പിക്കാന്‍ പെപ്പെ :ആന്‍റണി വര്‍ഗിസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്‌ത സിനിമയാണ് 'കൊണ്ടല്‍'. കടല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ് കടലില്‍ വച്ച് ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ആണ്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളോടൊപ്പം വൈകാരികമായി സ്വാധീനിക്കുന്ന ഒരു കഥാപരിസരവും ചിത്രത്തിനുണ്ടെന്നാണ് സൂചന.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്. നടി ഉഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ആസിഫ് അലിയുടെ സസ്പെന്‍സ്-മിസ്‌റ്ററി : ഗുഡ്‌വില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച് കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാന്‍ ചെയ്യുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ഫാമിലി ഇമോഷന്‍സിന് പ്രാധാന്യം നല്‍കുന്ന സസ്പെന്‍സ്-മിസ്‌റ്ററി സിനിമയാണിത്.