ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന നയന്‍താര- വിഘ്നേഷ് ശിവന്‍ വിവാഹത്തിന്‍റെ ഡോക്യൂമെന്‍ററി ഒടുവില്‍ ഒ.ടി.ടിയില്‍ എത്തുകയാണ്. നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് ഡോക്യുമെന്‍ററി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും അതിന്‍റെ വീഡിയോ ഇതുവരെ ഇവര്‍ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ഡോക്യുമെന്‍ററിക്ക് വേണ്ടി കാത്തിരുന്നത്. നെറ്റ്ഫ്ലിക്‌സിലൂടെ നവംബര്‍ 18 നാണ് ഡോക്യൂമെന്‍ററി പ്രദര്‍ശനത്തിന് എത്തുക.
നയന്‍താരയും വിഘ്നേഷ് ശിവനും 2022 ജൂണിലാണ് വിവാഹിതരായത്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ വന്‍ താരനിര തന്നെ ഈ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന് മാത്രമായിരുന്നു ചടങ്ങിന്‍റെ വീഡിയോ പകര്‍ത്താനുള്ള അവകാശം ഉണ്ടായിരുന്നത്.
സംവിധായകൻ ഗൗതം മേനോനാണ് നെറ്റ്ഫ്ലിക്‌സിന് വേണ്ടി ഈ വിവാഹം ഡോക്യുമെന്‍ററി ഒരുക്കിയത്. 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍' എന്നു പേരിട്ടിരിക്കുന്ന ഈ വിവാഹത്തിന്‍റെ ട്രെയിലർ നെറ്റ്ഫ്ലിക്‌സ് പുറത്തു വിട്ടിരുന്നു. ഇരുവരുടെയും പ്രണയ യാത്രയും വിവാഹവും പിന്നാമ്പുറ കാഴ്‌ചകളെല്ലാം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കും.