ആരാധകര്‍ കാത്തിരുന്ന ആ വിവാഹം നടന്നു. താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂർണ സ്‌റ്റുഡിയോയിൽ ബുധനാഴ്‌ച്ച രാത്രി 8:13നായിരുന്നു വിവാഹം. പരമ്പരാഗത ചടങ്ങുകളോടും ആചാരങ്ങളോടും കൂടി നടന്ന വിവാഹത്തില്‍ തെലുങ്ക് പാരമ്പര്യത്തിന്‍റെ അതിശയകരമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിച്ചത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. നടനും നാഗ ചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഒപ്പം വിവാഹാശംസകള്‍ നേര്‍ന്ന് ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ വിവാഹം തങ്ങളുടെ കുടുംബത്തിന് വളരെ അർത്ഥവത്തായ നിമിഷമാണെന്നാണ് നാഗാർജുന അക്കിനേനി പ്രതികരിച്ചത്.
കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സ്നേഹ വലയത്തിൽ, അന്നപൂർണ സ്‌റ്റുഡിയോയിൽ നാഗ ചൈതന്യയും ശോഭിതയും അവരുടെ യാത്ര ആരംഭിക്കുന്നത് തന്‍റെ ഹൃദയത്തിൽ വളരെയധികം അഭിമാനവും നന്ദിയും നിറയ്ക്കുന്നുവെന്നും നാഗാർജുന പറഞ്ഞു.
"പ്രിയപ്പെട്ട നാഗ ചൈതന്യയ്‌ക്ക് അഭിനന്ദനങ്ങൾ. ഒപ്പം പ്രിയപ്പെട്ട ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നീ ഇതിനോടകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടു വന്നു.
കുടുംബം, ബഹുമാനം, ഐക്യം എന്നിവയ്‌ക്ക് വേണ്ടിയാണ് എന്‍റെ പിതാവ് നിലകൊണ്ടത്. അവയ്‌ക്കൊപ്പം സ്നേഹം, പാരമ്പര്യം, ഐക്യം എന്നിവയുടെ ആഘോഷമാണ് ഈ വിവാഹം. അക്കിനേനി നാഗേശ്വര റാവു ഗാരുവിൻ്റെ ജന്‍മശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.