വീണ്ടും പ്രണയിച്ച് മോഹന്‍ലാലും ശോഭനയും.. ജേക്‌സ് ബിജോയുടെ അതിമനോഹര സംഗീതം.. എംജി ശ്രീകുമാറിന്‍റെ സ്വരമാധുര്യം.. ഗ്രാമീണ ഭംഗിയില്‍ നൊസ്‌റ്റാള്‍ജിയ ഉണര്‍ത്തി തുടരും സിനിമയിലെ കണ്‍മണിപ്പൂവേ ഗാനം..
മോഹല്‍ലാല്‍ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രമാണ് 'തുടരും'. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'കണ്‍മണിപൂവേ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബികെ ഹരിനാരായണന്‍റെ അതിമനോഹര വരികള്‍ക്ക് ജേക്ക്‌സ് ബിജോയുടെ മാസ്‌മരിക സംഗീതം കൂടിയായപ്പോള്‍ 'തുടരും' ഗാനം വേറെ ലെവല്‍.
മോഹന്‍ലാല്‍, ശോഭന എന്നിവരുടെ കഥാപാത്രങ്ങളും അവരുടെ കുടുംബവുമാണ് ഗാനരംഗത്തില്‍. നടന്‍ മോഹന്‍ലാലും ഗാനം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ഗാനം ആരാധകര്‍ ഏറ്റെടുത്തു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലിന്‍റെ പോസ്‌റ്റിന് കമന്‍റ് ചെയ്‌തിട്ടുണ്ട്. മോഹന്‍ലാലിന്‍റെ പോസ്‌റ്റിന് താഴെ ലൗ ഇമോജിയാണ് തരുണ്‍ മൂര്‍ത്തി പങ്കുവച്ചത്.
നിരവധി രസകരമായ കമന്‍റുകളാണ് പോസ്‌റ്റിന് താഴെ വന്നിരിക്കുന്നത്. "അധോലോക നായകൻ ഖുറേഷി അബ്രാമിൽ നിന്ന് ടാക്‌സി ഡ്രൈവർ ഷണ്‍മുഖം ആവാൻ അയാൾക്ക് കോസ്റ്റ്യൂം മാറ്റി മുഖത്ത് ഒരു സ്‌മൈല്‍ ഫിറ്റ് ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ!" -ഇപ്രകാരമാണ് ഒരാളുടെ കമന്‍റ്. " രാവിലെ ഹെലികോപ്‌റ്ററില്‍ വന്നിറങ്ങുന്ന ലാലേട്ടന്‍.. വൈകിട്ട് അംബാസിഡര്‍ കാര്‍ ഡ്രൈവറായ ലാലേട്ടന്‍.. വേണേല്‍ ഇനിയും സിംപിളാവാം" -മറ്റൊരാള്‍ കുറിച്ചു.
"തരുണ്‍ നമ്മള്‍ ഉദ്ദേശിച്ച ആളല്ല.. ഇതില്‍ എന്തോ ഒന്ന് മറഞ്ഞിരിപ്പുണ്ട്. കാത്തിരുന്ന് കാണൂ", "കാര്യങ്ങൾ ഇത്രത്തോളം ആയ സ്‌ഥിതിക്ക് ഞാൻ സത്യം തുറന്നു പറയാൻ പോവുകയാണ്. ഈ സിനിമയാണ് എനിക്ക് ആദ്യം കാണാൻ ആഗ്രഹം, എമ്പുരാനേക്കാൾ", "മികച്ച ഗാനം, മികച്ച സിനിമ, മോഹന്‍ലാല്‍ ശോഭന കോമ്പിനേഷന്‍.. ആശംസകള്‍", "കേട്ടു.. ലാലേട്ടന്‍ എക്‌സട്രാഓര്‍ഡിനറി. എന്തൊരു മനോഹര ഗാനമാണ്, ഗാന രംഗങ്ങളും", "ഗംഭീരം... മികച്ചൊരു ഫീല്‍ ഗുഡ് ചിത്രം പ്രതീക്ഷിക്കുന്നു..", "ഗംഭീര ഗാനം, ആശംസകള്‍", "നല്ല ഗാനം" -ഇങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.
സിനിമയില്‍ ശോഭനയാണ് മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷം ശോഭന നായികയായി തിരികെയെത്തുന്ന ചിത്രം കൂടിയാണ് 'തുടരും'. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.