മോഹൻലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തിൽ റിലീസിനൊരുങ്ങുന്ന ത്രീഡി ഫാന്‍റസി ചിത്രമാണ് 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രെഷര്‍'. 'ബറോസ്' കഥയും കഥാസന്ദർഭങ്ങളും ചിത്രീകരണ വിശേഷങ്ങളുമൊക്കെ മറ്റ് സിനിമ പ്രമോഷനുകള്‍ക്കിടെ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും 'ബറോസി'നെ കുറിച്ചുള്ള ആഴത്തിലുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിരിക്കുകയാണ് താരം. പ്രമുഖ പത്രമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് 'ബറോസ്' വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചത്.
'സിനിമ ഇന്‍റര്‍നാഷണൽ ആണ്, അതിൽ സംശയമൊന്നും വേണ്ട. ഏതു ഭാഷയിലേയ്‌ക്കും സുഗമമായി ഡബ്ബ് ചെയ്യാം. അത്തരത്തിലൊരു ആശയമാണ് ചിത്രം ചർച്ചചെയ്യുന്നത്. 2ഡിയില്‍ ചിത്രീകരിച്ച് 3ഡിയിലേയ്‌ക്ക് കൺവേർട്ട് ചെയ്യുന്ന പ്രോസസിൽ അല്ല ബറോസ് ഒരുക്കിയിരിക്കുന്നത്. 3ഡി ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരണം. 'ബറോസി'ല്‍ വിഎഫ്‌എക്‌സിന് വളരെയധികം പ്രാധാന്യമുണ്ട്. തായിലാന്‍ഡിലാണ് വിഎഫ്‌എക്‌സ് ചെയ്‌തിട്ടുള്ളത്.
ഹോളിവുഡിൽ നിന്നുള്ള കലാകാരന്‍മാരാണ് ഭൂരിഭാഗം ടെക്‌നീഷ്യന്‍മാരും. ഇപ്പോൾ സിനിമയുടെ ഫൈനൽ മിക്‌സിംഗ് നടന്നു കൊണ്ടിരിക്കുന്നു. ചിത്രത്തിൽ 'ബറോസ്' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരു മലയാള ചിത്രമായല്ല, ഒരു ഇന്ത്യൻ സിനിമയായി, അഭിമാനപൂർവ്വം വിദേശ പ്രേക്ഷകർക്ക് മുന്നിൽ കാഴ്‌ചവയ്‌ക്കാന്‍ സാധിക്കുന്ന കലാസൃഷ്‌ടിയായി സിനിമയെ മാറ്റി എടുത്തിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ചിത്രമാണിത്. എന്ന് കരുതി പ്രായത്തിൽ കുട്ടിയായവർ എന്ന അർത്ഥത്തിലല്ല.
യുഎസിലെ ഉടാഹ് എന്ന സ്ഥലത്ത് നിന്നുള്ള ഒരു ബാലികയെയാണ് ആദ്യം പ്രധാന കഥാപാത്രമായി തിരഞ്ഞെടുത്തത്. ഏകദേശം ഒരു വർഷത്തോളം ആ കുട്ടി സിനിമയുടെ ടീമിനൊപ്പം സഹകരിക്കുകയും ഡയലോഗുകൾ ഹൃദ്യസ്ഥമാക്കുകയും ചെയ്‌തു. രണ്ടുതവണ അവർ അമേരിക്കയിൽ നിന്നും ഇവിടെ എത്തിച്ചേർന്നു. പക്ഷേ കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
മൂന്നാം തവണ സിനിമയുടെ ചിത്രീകരണത്തിനായി അവർ ഇങ്ങോട്ട് എത്താൻ വിസമ്മതം പ്രകടിപ്പിച്ചു. കുട്ടിയുടെ വിദ്യാഭ്യാസവും മറ്റ് കാര്യങ്ങളുമാണ് വിലങ്ങുതടിയായത്. മാത്രമല്ല, ആ സമയത്ത് അമേരിക്കയിൽ കൊവിഡ് വാക്‌സിനെതിരെ പ്രതിഷേധിക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. ആ കമ്മ്യൂണിറ്റിയിൽ പെട്ടതാണ് ഈ കുട്ടിയുടെ കുടുംബവും. കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് ഇല്ലാത്തത് കൊണ്ട് അവർക്ക് ഇന്ത്യയിലേയ്‌ക്ക് വരാൻ സാധിച്ചില്ല.
പിന്നീട് മറ്റൊരു കുട്ടിയെ കണ്ടെത്തി ചിത്രീകരണം ആരംഭിച്ചു. ആ കുട്ടി ഒരു പകുതി ബ്രിട്ടീഷ് വംശജയാണ്. ബറോസ് എന്ന തന്‍റെ കഥാപാത്രത്തോടൊപ്പം സദാസമയവും സഞ്ചരിക്കുന്ന കമ്പ്യൂട്ടർ ജനറേറ്റഡ് കഥാപാത്രങ്ങളും ഉണ്ട്. അതൊരു പക്ഷേ ഇന്ത്യൻ സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. ഒരു കുട്ടിയും ഭൂതവും ആണ് സിനിമയുടെ പ്രധാന ആകർഷണം.
സിനിമയില്‍ സംഗീതത്തിന് വളരെ പ്രാധാന്യമുണ്ട്. അന്ന് 12 വയസുണ്ടായിരുന്ന അത്‌ഭുത സംഗീത പ്രതിഭ ലിടിയൻ നാദസ്വരത്തെ 'ബറോസി'ലേയ്‌ക്ക് ക്ഷണിക്കാൻ ആഗ്രഹം തോന്നി. പ്രായം കുറവാണെന്ന് കരുതി അവന്‍റെ കലാമേഖലയിൽ കൈകടത്താൻ പോയില്ല. എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് സിനിമയുടെ സംഗീതം ഒരുക്കാൻ അവനെ അനുവദിച്ചത്. ഇപ്പോൾ അയാൾക്ക് 16 വയസ്സുണ്ട്.
ഗ്രീസിലെ മസെഡോണിയ എന്ന സ്ഥലത്ത് വച്ചാണ് ചിത്രത്തിന്‍റെ മ്യൂസിക് വർക്കുകൾ നടന്നത്. ലിടിയൻ ഒരുക്കിയ ഗാനങ്ങൾ മിക്‌സ് ചെയ്‌തത് യുകെയിലാണ്. ലോസ് ആഞ്ചെലെസിലെ പ്രശസ്‌ത സംഗീതജ്ഞൻ മാർക്ക് കിലിയൻ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഭാഗമായ ടെക്‌നീഷ്യന്‍മാരില്‍ ഭൂരിഭാഗവും അക്കാദമി അവാർഡ് ലഭിച്ചവരും നോമിനേറ്റ് ചെയ്യപ്പെട്ടവരുമാണ്.
പോർച്ചുഗൽ നാടോടി കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ബറോസി'ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊല്ലം തങ്കശ്ശേരി ഭാഗത്തൊക്കെ സ്ഥിരമായി കേൾക്കാറുള്ള ഒരു പേരുണ്ട്, കാപ്പിരി മുത്തപ്പൻ. വിശദമാക്കിയാൽ, നമ്മുടെ കൊച്ചി 120 വർഷം പോർച്ചുഗീസുകാർ ഭരിച്ച നാടാണ്. പോർച്ചുഗീസുകാർക്ക് ഭാരതത്തിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് പറയാനാണ് കൊച്ചിയുടെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. കഥ നടക്കുന്നത് പക്ഷേ ഗോവയിലാണ്. പോർച്ചുഗീസുകാർക്ക് ലിസ്ബനെക്കാൾ പോർച്ചുഗീസുകാർക്ക് ഇഷ്‌ടമുള്ള സ്ഥലമായിരുന്നു ഗോവ. ഗോൾഡൻ ഗോവ എന്നവർ സ്നേഹത്തോടെ വിളിക്കും. ഒരു പ്രത്യേക കാലയളവിൽ, ഒരു പ്രത്യേക കടൽക്കാറ്റടിക്കും. ആ കാറ്റിൽ ഒരു കപ്പൽ ഇറക്കിയാൽ ലിസ്ബണിൽ നിന്നൊഴുകിയത് ഗോവയിൽ എത്തുമെന്ന് പോർച്ചുഗീസുകാർക്കിടയിൽ ഒരു ചൊല്ലുണ്ട്.
അങ്ങനെയെത്തിയ നിരവധി പോർച്ചുഗീസുകാർ ഗോവ ഭരിക്കുകയും, നേരായ രീതിയിലും കൊള്ളയടിച്ചും ധാരാളം സ്വത്ത് സമ്പാദിക്കുകയും ചെയ്‌തു. കുറച്ചുനാൾ കഴിയുമ്പോഴാണ് മഹാരാഷ്ട്രയിൽ നിന്നും മറാത്ത വിഭാഗത്തിന്‍റെ ആക്രമണം പോർച്ചുഗീസുകാർക്ക് നേരിടേണ്ടി വരുന്നത്. അതോടെ ഗോവ ഒഴിഞ്ഞു പോകാൻ പോർച്ചുഗീസുകാർ നിർബന്ധിതരായി. സമ്പാദിച്ച ധനമത്രയും ഒറ്റയടിക്ക് ഇവിടെനിന്ന് കൊണ്ടുപോവുക അസാധ്യം. അതുകൊണ്ടു തന്നെ ഒരു പ്രത്യേക സ്ഥലത്ത്, സമ്പാദ്യം എന്ന നിധി സൂക്ഷിക്കാൻ ആഫ്രിക്കൻ ഉടു മന്ത്രവാദത്തിന്‍റെ സഹായം തേടി. അതോടൊപ്പം സമ്പാദ്യത്തിന് കാവലായി കൂട്ടത്തിലുള്ള ഒരു അടിമയെ കൊലപ്പെടുത്തി നിധി സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന്‍റെ ചുവരിൽ പ്രതിഷ്‌ഠിക്കുന്നു. അതോടെ അടിമ ഒരു ഭൂതമായി മാറുകയും അയാൾ ഈ നിധി സംരക്ഷിച്ചു കൊള്ളുമെന്നുള്ളതും ആയിരുന്നു പോർച്ചുഗീസുകാരുടെ വിശ്വാസം.
സമാന രീതിയിലുള്ള ചില വിശ്വാസങ്ങൾ ക്രൈമിന്‍റെ അകമ്പടിയില്ലാതെ മറ്റൊരു തരത്തിൽ കുട്ടനാട് ഭാഗങ്ങളില്‍ നമ്മൾ കേട്ടിട്ടുണ്ടാകും. കുട്ടനാട്ടിൽ നിധിയില്ല, പകരം നെല്ലാണ്.
ഭൂതത്തെ കാവൽ ഇരുത്തി പോകുന്ന പോർച്ചുഗീസുകാർ തിരിച്ചുവരുന്നത് വരെ അല്ലെങ്കിൽ അവരുടെ അടുത്ത തലമുറ തിരിച്ചു വരുന്നതു വരെ ഈ നിധി ഭൂതം കാക്കും. അത്തരത്തിൽ ഒരു ഭൂതത്തിന്‍റെ കഥാപാത്രമാണ് തന്‍റേത്. നിധി അന്വേഷിച്ചു വരുന്ന ഒരു കൊച്ചു പെൺകുട്ടിയും ഭൂതവുമായുള്ള രസകരമായ നിമിഷങ്ങളുമാണ് സിനിമയുടെ അവലംബം.
ഒരുതരത്തിലുള്ള വയലൻസോ, കുടുംബ പ്രേഷകർക്ക് കണ്ടിരിക്കാനാകാത്ത രംഗങ്ങളോ ഉൾപ്പെടുത്തിയല്ല ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ സംവിധാന സംരംഭം എല്ലാവർക്കും ഒരു പുഞ്ചിരിയോടു കൂടി കണ്ടിരിക്കാനാകണം എന്നുള്ളതാണ് എന്‍റെ ആഗ്രഹം. ഇത്രയും നാളത്തെ എക്‌സ്‌പീരിയൻസ് കൊണ്ട് 'ബറോസ്' എന്ന ചിത്രം ഒരിക്കലും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. എങ്ങനെ ഷോട്ട് എടുക്കണമെന്നും, സംവിധാനം ചെയ്‌തുകൊണ്ട് തന്നെ, എങ്ങനെ അഭിനയിക്കണമെന്നും കൃത്യമായ ധാരണ ഉണ്ടായിരുന്നു.
ഇനി മോഹൻലാൽ എന്ന വ്യക്തി മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വച്ച് സിനിമ കണ്ടിട്ട്, പറഞ്ഞ കാര്യങ്ങൾ ഒന്നുമല്ലല്ലോ സിനിമയിൽ കാണിച്ചിരിക്കുന്നത്, എന്ന് എന്നോട് ചോദിക്കരുത്.' -കഥയുടെ സാരാംശം വെളിപ്പെടുത്തിയ ശേഷം മോഹൻലാൽ കൂട്ടിച്ചേർത്തു.
Also Read: വമ്പന്‍ അപ്‌ഡേറ്റ്; ബറോസ് റിലീസ് വെളിപ്പെടുത്തി മോഹന്‍ലാല്‍ - Barroz release date announced