ബോക്‌സോഫിസിൽ 200 കോടിയും കടന്ന്, മലയാള സിനിമയിൽ ചരിത്രനേട്ടം കുറിച്ച സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ചിദംബരത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും ഉയർന്ന തിയേറ്റർ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി കഴിഞ്ഞു. ഫെബ്രുവരി 22ന് പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്‌സ്' ഇപ്പോഴും വിവിധയിടങ്ങളിൽ പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ ഈ സിനിമയിലെ ഏറെ ശ്രദ്ധേയമായ ഒരു വീഡിയോ ഗാനം അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'കുതന്ത്രതന്ത്രമന്ത്രമൊന്നും' എന്ന് ആരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് യൂട്യൂബിൽ റിലീസ് ചെയ്‌തത്. സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്ന ഈ റാപ്പ് പാടിയിരിക്കുന്നത് വേടനാണ്.
നേരത്തെ പുറത്തിറങ്ങിയ സുഷിനും വേടനും അണിനിരന്ന വേർഷനും യൂട്യൂബിൽ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിലെ വീഡിയോ ഗാനവും ലക്ഷക്കണക്കിന് കാഴ്‌ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി സംവിധായകന്‍ ചിദംബരം സിനിമയുടെ തുടക്കത്തിൽ തന്നെ ഉപയോഗിച്ച ഗാനമാണിത്. തിയേറ്ററുകളിൽ ഓളം സൃഷ്‌ടിക്കാൻ ഈ ഗാനത്തിന് കഴിഞ്ഞിരുന്നു.
കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും കർണാടകയിലും 'മഞ്ഞുമ്മൽ ബോയ്‌സ്' തരംഗമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയത്. അമേരിക്കയിൽ ഒരു മില്യൻ ഡോളർ കലക്ഷൻ (ഏകദേശം 8 കോടി രൂപ) നേടിയ ആദ്യ മലയാള സിനിമയായും മഞ്ഞുമ്മൽ ബോയ്‌സ്' മാറി.
പറവ ഫിലിംസിന്‍റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ എന്നിവർക്കൊപ്പം ഗോകുലം മുവീസും ചേർന്ന് നിർമിച്ച ഈ സിനിമ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലെ ഗുണ കേവിലേക്ക് ടൂർ പോകുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. യഥാർഥ കഥയെ ആസ്‌പദമാക്കി സർവൈവൽ ത്രില്ലറായി ഒരുക്കിയ 'മഞ്ഞുമ്മൽ ബോയ്‌സി'ൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ALSO READ:200 കോടി ക്ലബിൽ 'മഞ്ഞുമ്മൽ ബോയ്‌സ്'; മലയാളത്തിൽ ഇതാദ്യം, ചരിത്രനേട്ടം
ചിദംബരത്തിന്‍റെ സംവിധാന മികവിനൊപ്പം അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനും ഷൈജു ഖാലിദിന്‍റെ ഛായാഗ്രാഹണവും സുഷിൻ ശ്യാമിന്‍റെ സംഗീതവും എല്ലാം കയ്യടി നേടിയിരുന്നു. വിവേക് ഹർഷനാണ് ഈ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചത്.