ന്യൂഡൽഹി: ബോളിവുഡിൽ ചുവടുവെയ്‌ക്കാനൊരുങ്ങി 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ എ ചിദംബരം. ഫാൻ്റം സ്റ്റുഡിയോയുമായി സഹകരിച്ചാണ് വരാനിരിക്കുന്ന ഈ പ്രോജക്റ്റ്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ഫാൻ്റം സ്റ്റുഡിയോയും ചിദംബരവും ചേർന്നാണ് ഈ വാർത്ത പങ്കുവെച്ചത്.
തൻ്റെ ഹിന്ദിയിലേക്കുളള അരങ്ങേറ്റം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ലായെന്നും സംവിധായകൻ ഇടിവി ഭാരതിനോട് പറഞ്ഞു. പ്രശസ്‌ത തെലുഗു പ്രൊഡക്ഷൻ ബാനറായ മൈത്രി മൂവി മേക്കേഴ്‌സുമായി ചിദംബരം കൈകോർക്കുന്നതായി വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ അല്ലു അർജുൻ നായകനായ പുഷ്‌പയുടെ നിർമ്മാതാക്കളുമായി താൻ സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.