മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്‌ത് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ടർബോ മെയ് 23-ന് തിയേറ്ററുകളിൽ. ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നടൻ മമ്മൂട്ടിയും അണിയറ പ്രവർത്തകരും കൊച്ചിയിൽ മാധ്യമങ്ങളുമായി സംവദിച്ചു. ടർബോ ജോസിന്‍റെ കഥാപാത്രത്തെ കുറിച്ച് ചർച്ച ചെയ്‌ത കാലം മുതൽ കൗതുകം എന്ന വസ്‌തുത തങ്ങളിൽ ഉണ്ടായിരുന്നു എന്ന് സംവിധായകൻ വൈശാഖ് പ്രതികരിച്ചു.
ഇത്തരത്തിലുള്ള അച്ചായൻ കഥാപാത്രം ആക്ഷന്‍റെ പശ്ചാത്തലത്തിൽ മമ്മൂക്ക ഇതിന് മുമ്പും ചെയ്‌തിട്ടുണ്ട്. അതേ പശ്ചാത്തലത്തിൽ മറ്റൊരു കഥാപാത്രമായി എത്തുമ്പോൾ മമ്മൂക്ക ടർബോ ജോസിനെ എപ്രകാരമാണ് ഉൾക്കൊള്ളാൻ പോകുന്നതെന്നുള്ള എക്സൈറ്റ്‌മെന്‍റ് ഞാനും മിഥുന്‍ മാനുവൽ തോമസും പലപ്പോഴും പരസ്‌പരം ചർച്ച ചെയ്‌തു.
സിനിമയുടെ ചർച്ചാവേളയിൽ പല സീനുകളും ഡയലോഗുകളും മിഥുൻ, മമ്മൂക്ക ഇങ്ങനെയായിരിക്കും അവതരിപ്പിക്കാൻ പോകുന്നതെന്നുള്ള രീതിയിൽ അഭിനയിച്ചുകാണിക്കുമായിരുന്നു. പക്ഷേ എനിക്ക് ഉറപ്പായിരുന്നു ഇത്തരത്തിൽ ഒന്നും ആയിരിക്കില്ല മമ്മൂക്ക ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ പോകുന്നത് എന്ന്. പുതിയ കാലഘട്ടത്തിലെ അഭിനയ രീതികൾ അനുസരിച്ച് മമ്മൂട്ടി എന്ന നടൻ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന രീതി സിനിമയുടെ ചിത്രീകരണം നടന്ന 104 ദിവസങ്ങളിലും ഞാൻ ആസ്വദിച്ച ഘടകങ്ങളിൽ ഒന്നാണ്.
ടർബോയുടെ ഇതുവരെ പുറത്തിറങ്ങിയ പ്രമോഷണൽ വീഡിയോകളിലൂടെ സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് മാധ്യമപ്രവർത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കഥാപാത്രത്തെയും സിനിമയെയും പ്രേക്ഷകർ ഏറ്റെടുത്തെങ്കിൽ കൂടുതലൊന്നും പറയാനില്ലാതെ സ്ഥലം വിടുകയാണെന്ന് തമാശ രൂപേണ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ചുതുടങ്ങിയത്.