മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്‌ത 'ഡൊമനിക് ആൻഡ് ദി ലേഡിസ് പേഴ്‌സ്' ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചിത്രത്തെ ഏറ്റെടുത്ത് വിജയപ്പിച്ച പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തുന്നതിനായി മമ്മൂട്ടി, ഗൗതം വാസുദേവ് മേനോന്‍ ഉള്‍പ്പെടെ സിനിമയുടെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടിരുന്നു.
'ഡൊമനിക് ആൻഡ് ദി ലേഡിസ് പേഴ്‌സ്' റിലീസിന് മുമ്പ് എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയില്ല എന്നതിനുള്ള കാരണം പറഞ്ഞുകൊണ്ടാണ് ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് പനിയായതിനാലാണ്, റിലീസിന് മുമ്പ് സിനിമയെ കുറിച്ച് സംസാരിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ എത്താതിരുന്നതെന്ന് താരം പ്രതികരിച്ചു.
"പ്രേക്ഷകർക്ക് ചിത്രം ഇഷ്‌ടപ്പെട്ടെന്നറിഞ്ഞു. അതുകൊണ്ടാണ് ഇപ്പോഴും പനി ഉണ്ടെങ്കിലും ആ ചൂടോടെ എല്ലാവരെയും ഒന്ന് കണ്ടുകളയാമെന്ന് തീരുമാനിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് നിലവില്‍ 200 സ്ക്രീനുകളിൽ പ്രദർശനം തുടരുന്ന ചിത്രം 225 സ്ക്രീനുകളിലേക്ക് വ്യാപിപ്പിച്ചു," മമ്മൂട്ടി പറഞ്ഞു.
ചടങ്ങില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രതികരിച്ചു. മമ്മൂട്ടിക്ക് യോജിക്കുന്ന തരത്തിലുള്ള ലൗ സ്‌റ്റോറി കഥകൾ തന്‍റെ പക്കൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി സമ്മതിക്കുകയാണെങ്കിൽ ഉടൻ തന്നെ അതിലൊരു കഥ സിനിമയാകുമെന്നും ഗൗതം വാസുദേവ് മേനോൻ വ്യക്‌തമാക്കി. കഥ പറഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ വളരെ പെട്ടെന്ന് ചിത്രീകരണം ആരംഭിക്കാനും ചിത്രം നിര്‍മ്മിക്കാനും മമ്മൂട്ടി കമ്പനി തയ്യാറായെന്ന് അറിയിച്ചതായി ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
മമ്മൂട്ടിയോട് ഡൊമിനിക്കിന്‍റെ കഥ പറഞ്ഞ വിശേഷവും അദ്ദേഹം പങ്കുവച്ചു. "ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്ന സിനിമയുടെ കഥ മമ്മൂട്ടിയോട് ഒരൊറ്റ ദിവസം കൊണ്ട് പറഞ്ഞ് ഇഷ്‌ടപ്പെടുത്തിയതാണ്. രണ്ട് മണിക്കൂർ കൊണ്ട് തിരക്കഥയുടെ ഏകദേശം രൂപം മമ്മൂട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. തിരക്കഥ കേൾക്കുന്നതിനിടയിൽ മമ്മൂട്ടി ഒന്നുരണ്ട് സംശയങ്ങൾ ചോദിച്ചു. ആ സംശയങ്ങൾക്കുള്ള ഉത്തരം നൽകിയപ്പോൾ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു," ഗൗതം വാസുദേവ് മേനോൻ വേദിയിൽ പറഞ്ഞു.
സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌ത ഷൈൻ ടോം ചാക്കോയും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ലാലേട്ടന്‍റെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹത്തിന്‍റെ സിനിമകൾ കണ്ടാണ് സിനിമയിലേക്ക് കടന്നുവന്നതെന്നും നടന്‍ പറഞ്ഞു.
"ലാലേട്ടന്‍റെ കടുത്ത ആരാധകനാണെങ്കിലും ഏറ്റവും കൂടുതൽ അഭിനയിക്കാൻ അവസരം ലഭിച്ചത് മമ്മൂട്ടിയോടൊപ്പമാണ്. അഭിനയിച്ച് തുടങ്ങിയപ്പോൾ എനിക്ക് മമ്മൂട്ടിയോടുള്ള ഇഷ്‌ടം കൂടി. അങ്ങനെയൊരു ഇഷ്‌ടത്തിന്‍റെ പുറത്താണ് ചെറിയൊരു വേഷമായിട്ട് പോലും ഡൊമനിക്കിലേക്ക് ക്ഷണിച്ചപ്പോൾ വന്ന് അഭിനയിച്ചത്," ഷൈൻ ടോം ചാക്കോ പറഞ്ഞു.