മഹാനടനില്ലാതെ മലയാള സിനിമ 53 വർഷങ്ങൾ പിന്നിടുന്നു. മരിച്ചിട്ടും പകരക്കാരൻ ഇല്ലാതെ സത്യൻ മാഷിന്‍റെ സിംഹാസനവും ഒഴിഞ്ഞു തന്നെ. എല്ലാ കൊല്ലവും പോലെ തിരുവനന്തപുരം എൽഎംഎസ് പള്ളിപ്പറമ്പിലെ സെമിത്തേരിയിൽ ദൈവത്തിന്‍റെ മടിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന അച്ഛനെ കാണാൻ ആ രണ്ട് മക്കളുമെത്തി.
ജീവൻ സത്യനും സതീഷ് സത്യനും. അച്ഛന്‍റെ നിത്യശാന്തിക്ക് വേണ്ടി പ്രാർഥിച്ചു. പൂക്കൾ അർപ്പിച്ചു. കണ്ണിൽ ഈറനണിഞ്ഞു. മലയാള സിനിമയെ ഭാരത ദേശത്തിന്‍റെ മുഴുവന്‍ അഭിമാനമാക്കി വളർത്തിയ മനുഷ്യൻ ഒരു ഓർമ്മ പ്രാർഥനയ്ക്ക് ശേഷം വീണ്ടും മയക്കത്തിലേക്ക്. ആരെങ്കിലും തന്നെ ഓർക്കുന്നുണ്ടാകുമോയെന്ന് പോലും ചിന്തിക്കാനാകാതെ. അതങ്ങനെയാണ് മരിച്ചാൽ എപ്പോഴും ഓർക്കാൻ സ്വന്തം ചോര മാത്രം.
സത്യന്‍ മാഷിനെ കുറിച്ച് മലയാളത്തിന്‍റെ പ്രിയ താരം കവിയൂർ പൊന്നമ്മയുടെ വാക്കുകളാണിപ്പോള്‍ ഈ സാഹചര്യത്തില്‍ ഓര്‍മ്മ വരുന്നത്. 'ലൊക്കേഷനിലേക്ക് വരുമ്പോൾ മാഷ് ഫുൾ വൈറ്റ് ആൻഡ് വൈറ്റ് ആണ്. ഒരു വൈറ്റ് ഫിയറ്റ് ആണ് വാഹനം. എല്ലാവർക്കും അറിയുന്നത് പോലെ ഡ്രൈവറെ ഒന്നും വച്ചിട്ടില്ല. വണ്ടി സ്വന്തമായി ഓടിക്കും.
അതിപ്പം സ്വന്തം ചികിത്സയ്ക്ക് പോലും തിരുവനന്തപുരത്തുനിന്ന് ചെന്നൈ വരെ വണ്ടിയോടിച്ച ആളാണ്. വണ്ടി ലൊക്കേഷനിൽ എത്തിയാൽ ഡോർ തുറന്ന് ഒരു കാൽ പുറത്തുവച്ച് ഡോറിൽ കൈ വച്ച് രൂക്ഷമായ ഒരു നോട്ടമുണ്ട്. സെറ്റ് വർക്ക് ചെയ്യുന്നവരും ലൈറ്റ് പണി ചെയ്യുന്നവരും സംവിധായകൻ അടക്കം പിന്നെ ഒരു ഓട്ടമാണ്. നേരെ മേക്കപ്പ് റൂമിലേക്ക് കയറി വരും.
മേക്കപ്പ് ചെയ്യാതിരിക്കുന്ന തന്നെ നോക്കി എന്താ മേക്കപ്പ് ചെയ്‌തില്ലേയെന്ന് ഉറച്ച സ്വരത്തിൽ ഒരു ചോദ്യമാണ്. താങ്കൾ എത്തിയിട്ട് ചെയ്‌താൽ മതിയെന്ന് പറഞ്ഞു. ആ പെട്ടന്നാകട്ടെ. ഒറ്റ പോക്ക്. സൗമ്യതയോടെ സംസാരിക്കാനറിയില്ലെന്ന് തോന്നുന്നു. ഉള്ളിൽ സ്നേഹമുണ്ട് പ്രകടിപ്പിക്കില്ല. അത് അങ്ങനെയൊരു മനുഷ്യൻ'.
മലയാളത്തിന്‍റെ പ്രിയ സംവിധായകൻ സേതുമാധവനോട് കയർത്ത മറ്റൊരു സംഭവം കൂടിയുണ്ട്. അത് പറയുന്നതിന് മുമ്പ് സത്യൻ മാഷ് നടി ശാരദയോട് എപ്പോഴും പറയുന്ന ഒരു വാചകം കേൾക്കുക തന്നെ വേണം. 'സത്യൻ മരിക്കുന്നെങ്കിൽ അത് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ വച്ച് സംഭവിക്കും. അല്ലാതെ മരണത്തിന് കീഴടങ്ങാൻ സത്യനെ കിട്ടില്ല'. 'വാഴ്‌വേ മായം' എന്ന ചിത്രത്തിന്‍റെ സെറ്റിൽ തലകറങ്ങി വീഴുമ്പോഴായിരുന്നു താനൊരു രോഗിയായെന്ന് സത്യം മാസ്റ്റർ ആദ്യം മനസിലാക്കുന്നത്.