കേരളം

kerala

ETV Bharat / entertainment

മൃതദേഹം കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം, പട്ടാള ഉദ്യോഗസ്ഥരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; വാഴ്ത്തപ്പെടണം മോഹിത് ശർമയെ

മേജർ മുകുന്ദ് വരദരാജനെ പോലെയും മേജർ സന്ദീപ് ഉണ്ണികൃഷ്‌ണനെ പോലെയും വാഴ്ത്തപ്പെടണം മോഹിത് ശർമയെ. മോഹിത് ശര്‍മ യഥാർത്ഥ നായകനാണെന്നും ജനങ്ങൾ പൊതുവെ പാടി പുകഴ്ത്താത്ത കർമ്മമേഘലയാണ് പട്ടാള ജീവിതമെന്നും മേജര്‍ രവി

MOHIT SHARMA  MAJOR RAVI  മേജര്‍ രവി  മോഹിത് ശർമ
Major Ravi remembering Major Mohit Sharma (ETV Bharat)

By ETV Bharat Entertainment Team

Published : Nov 11, 2024, 10:27 AM IST

മേജർ മുകുന്ദ് വരദരാജന്‍റെ യഥാർത്ഥ ജീവിതകഥയെ ആസ്‌പദമാക്കി കഴിഞ്ഞയാഴ്‌ച്ച പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രമാണ് 'അമരൻ'. രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്‌ത ചിത്രം മേജർ മുകുന്ദ് വരദരാജന്‍റെ യഥാർത്ഥ ജീവിതകഥയോട് 100% നീതിപുലർത്തുന്നുണ്ട്.

റിയൽ ലൈഫ് ഹീറോകളായ പട്ടാളക്കാരുടെ ജീവിതത്തെ ആസ്‌പദമാക്കി ധാരാളം ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം സിനിമകളെ പ്രേക്ഷകർ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്‌ത ഇത്തരം പട്ടാളക്കാരുടെ കർമ്മനിരതയുടെ കഥകൾ ഏതെങ്കിലും ഒരു മാധ്യമം വഴി ജനങ്ങളിലേയ്‌ക്ക് എത്തേണ്ടത് പ്രാധാന്യമുള്ള കാര്യമാണ്.

മാധ്യമങ്ങളുടെ അതിപ്രസരവും സോഷ്യൽ മീഡിയയും സ്വജീവൻ തൃണവത്‌ക്കരിച്ച് ശത്രുക്കൾക്കെതിരെ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന പട്ടാളക്കാരുടെ ജീവിത കഥകൾ ഇക്കാലത്ത് ജനങ്ങളിലേയ്‌ക്ക് കൃത്യമായി എത്തിക്കുന്നുണ്ട്. എന്നാൽ ശത്രുക്കളുമായി ഏറ്റുമുട്ടി വീരമൃതു വരിച്ച എത്രയോ പട്ടാളക്കാർ ഇന്നും ജനങ്ങൾക്ക് അജ്ഞരാണ്.

സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും സജീവമല്ലാതിരുന്ന ഒരു കാലത്തും യഥാർത്ഥ ജീവിതത്തിൽ നായകന്‍മാരായ ധാരാളം പട്ടാളക്കാർ ഭാരത ദേശത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്‌തിട്ടുണ്ട്. അങ്ങനെയൊരു പട്ടാളക്കാരനാണ് മോഹിത് ശർമ. സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവിയാണ് മോഹിത് ശർമയെ കുറിച്ച് ഇടിവി ഭാരതിനോട് വെളിപ്പെടുത്തുന്നത്.

ജനങ്ങൾ പൊതുവെ പാടി പുകഴ്ത്താത്ത കർമ്മമേഘലയാണ് പട്ടാള ജീവിതം. നിങ്ങൾ മാധ്യമങ്ങളിലൂടെ അറിയുന്ന ഒന്നോ രണ്ടോ പട്ടാളക്കാർ അല്ല രാജ്യത്തിന് വേണ്ടി ദിവസവും രക്‌തം ചീന്തി വീരമൃത്യു വരിക്കുന്നതെന്ന് മേജർ രവി. രാജീവ് ഗാന്ധി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ താനായിരുന്നുവെന്നും മേജർ രവി വെളിപ്പെടുത്തി.

"1991 ലാണ് രാജീവ് ഗാന്ധി അസാസിനേഷൻ സംഭവിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്നത്തെ കാലത്ത് ഇപ്പോഴത്തെ പോലെ മാധ്യമങ്ങൾ സജീവമായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യം അന്നുണ്ടായിരുന്നു എങ്കിൽ മാധ്യമങ്ങളിലൂടെ ദിവസവും എന്‍റെ മുഖം നിങ്ങൾക്ക് കാണാമായിരുന്നു.

അന്വേഷണത്തിന്‍റെ പുരോഗതി, ആരെയൊക്കെ അറസ്‌റ്റ് ചെയ്‌തു എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായ ഇടവേളകളിൽ ജനങ്ങളിലേയ്‌ക്ക് എത്തും. 1991ൽ സ്ഥിതി അങ്ങനെയല്ല. ഞാനായിരുന്നു അന്വേഷണം ഉദ്യോഗസ്ഥൻ എന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്ക് അറിയുക പോലുമില്ല. മൂന്ന് മാസത്തെ ഞങ്ങളുടെ പരിശ്രമങ്ങൾ വേണ്ടവിധത്തിൽ ജനങ്ങളിലേയ്‌ക്ക് അക്കാലത്ത് എത്തിയിട്ടില്ല. ഇത്തരത്തിൽ നിരവധി പട്ടാളക്കാരുടെ ജീവിതം പാടി പുകഴ്ത്താത്ത വസ്‌തുതയാണ്."-മേജര്‍ രവി പറഞ്ഞു.

മോഹിത് യഥാർത്ഥ നായകൻ ആണെന്നും, 12 തീവ്രവാദികളെ വെടിവെച്ച് കൊന്ന ആദ്യ പാര കമാന്‍ഡന്‍റ് ഓഫീസറാണ് അദ്ദേഹമെന്നും മേജര്‍ രവി പറയുന്നു. മോഹിത് ശർമ്മയുടെ ശവശരീരം കണ്ടെടുത്ത പട്ടാള ഉദ്യോഗസ്ഥരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

"2008 മുംബൈ താജ് ഹോട്ടൽ അറ്റാക്ക്. 26/11 എന്ന സംഭവം അരങ്ങേറിയതിന്‍റെ തൊട്ടടുത്ത മാസം ഡിസംബറിൽ കുപ്പുവാര എന്ന സ്ഥലത്ത് മോഹിത് ശർമ എന്ന ഫസ്‌റ്റ് പാര കമാൻഡന്‍റ് ഓഫീസർ 12 തീവ്രവാദികളെ വെടിവെച്ച് കൊന്നൊരു സംഭവം ഉണ്ടായിരുന്നു. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് മോഹിത് ശർമ എന്ന ഓഫീസറുടെ ഡെഡ് ബോഡി പട്ടാളക്കാർ കണ്ടെടുക്കുന്നത്.

മോഹിത് ശർമ്മയുടെ ശവശരീരം കണ്ടെടുത്ത പട്ടാള ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയ ഒരു സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. മൂന്ന് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് മഞ്ഞിന്‍റെ അടിയിൽ പുതഞ്ഞു കിടന്ന മോഹിത് ശർമയുടെ ശവശരീരം കണ്ടെത്താനായത്. അദ്ദേഹത്തിന്‍റെ ശവശരീരം കിടന്നിരുന്ന സ്ഥലത്തിന്‍റെ ചുറ്റുമായി 12 തീവ്രവാദികളുടെ ശവശരീരങ്ങൾ കിടക്കുന്നുണ്ടായിരുന്നു.

മോഹിത്തിന്‍റെ ശരീരത്തിൽ നിറയെ വെടിയുണ്ടകൾ തറഞ്ഞു കയറിയിരുന്നു. യഥാർത്ഥ നായകൻ. ആന്‍ അണ്‍സംഗ് ഹീറോ.. അക്കാലത്ത് ഈ സംഭവം ബോംബെ താജ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയില്ല. രണ്ട് സംഭവത്തിലും ജീവത്യാഗം ചെയ്‌ത പട്ടാള ഉദ്യോഗസ്ഥർക്ക് അശോകചക്ര നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. അതൊരുപക്ഷേ സാധ്യമായത് അക്കാലത്തെ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ കൊണ്ടാണ്. പിൽക്കാലത്ത് മോഹിത് ശർമയ്ക്കും രാജ്യം അശോകചക്ര സമർപ്പിച്ചു."-മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

തനിക്ക് മോഹിത് ശർമ്മ എന്ന യുവ പട്ടാളക്കാരനെ വളരെ വ്യക്‌തിപരമായി അറിയാമെന്നും മേജര്‍ രവി. തന്നെ ശ്രീനഗറിൽ വന്ന് പരിചയപ്പെട്ട് കഴിഞ്ഞ് കൃത്യം എട്ട് മാസം കഴിയുമ്പോഴാണ് കുപ്പുവാര സംഭവത്തിൽ മോഹിത് വീരമൃത്യു വരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുരുക്ഷേത്ര എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ ഉണ്ടായിരുന്ന സമയത്ത് മോഹിത് ശർമ എന്നെ കാണാനായി എത്തിച്ചേർന്നിരുന്നു. സുമുഖ സുന്ദരനായ ചെറുപ്പക്കാരൻ. ഒരു പട്ടാളക്കാരന് ആവശ്യമായത്ര ഉയരം അദ്ദേഹത്തിന് ഇല്ല. പരമാവധി അഞ്ചടി ഏഴ് ഇഞ്ച്.

പക്ഷേ അയാളുടെ മുഖത്ത് എന്തിനെയും നേരിടാനുള്ള ഒരു പോരാട്ട വീര്യം ഉണ്ടായിരുന്നു. മാധ്യമങ്ങൾ വലിയ വാർത്തയാക്കിയ ചിലർ മാത്രമല്ല രാജ്യത്തിന്‍റെ നായകന്‍മാർ. നിങ്ങൾ അറിയാത്ത എത്രയോ പേർ സ്വന്തം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്‌തിരിക്കുന്നു."-മേജർ രവി പറഞ്ഞു.

Also Read: വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കാന്‍ സൈനിക യൂണിഫോമിലെത്തി; മേജര്‍ രവിക്കെതിരെ പരാതി - Complaint filed against Major Ravi

ABOUT THE AUTHOR

...view details