കേരളം

kerala

ETV Bharat / entertainment

കമല്‍ ഹാസന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍; ലക്കി ഭാസ്‌കറിലൂടെ ഹാട്രിക്ക് ബ്ലോക്ക്‌ബസ്‌റ്റര്‍ - DULQUER SALMAAN HAT TRICK HIT

ദീപാവലി റിലീസായി തിയേറ്ററുകളിലെത്തി വന്‍ വിജയമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍റെ പാന്‍ ഇന്ത്യന്‍ തെലുഗു ചിത്രം ലക്കി ഭാസ്‌കര്‍ ബോക്‌സ്‌ ഓഫീസില്‍ കുതിക്കുമ്പോള്‍ ഹാട്രിക്ക് അടിച്ച് ദുല്‍ഖര്‍ സല്‍മാന്‍..

DULQUER SALMAAN TELUGU MOVIES  DULQUER SALMAAN RECORDS  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍ ഹാട്രിക്ക്
Dulquer Salmaan (ETV Bharat)

By ETV Bharat Entertainment Team

Published : Nov 5, 2024, 1:25 PM IST

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്‍റെ ഏറ്റവും പുതിയ തെലുഗു റിലീസ് 'ലക്കി ഭാസ്‌കർ' വമ്പൻ ഹിറ്റായി തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. ഒരേസമയം മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്‌ത ചിത്രം ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.

വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം ഇതിനോടകം 55 കോടിയിലധികം ആഗോള ഗ്രോസ് കളക്ഷന്‍ നേടിക്കഴിഞ്ഞു. 'ലക്കി ഭാസ്‌കർ' നേടുന്ന ഗംഭീര വിജയത്തോടെ തെലുങ്കിൽ തുടർച്ചയായി വിജയം നേടുന്ന ആദ്യത്തെ മലയാളി താരമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മാത്രമല്ല, കമൽ ഹാസന് ശേഷം ആദ്യമായാണ് തെലുങ്ക് ഇന്ഡസ്ട്രിക്ക് പുറത്ത് നിന്നെത്തിയ ഒരു താരം തെലുങ്കില്‍ തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്നത്.

ദുൽഖർ സല്‍മാന്‍ തെലുങ്കിൽ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളും ബ്ലോക്ക്‌ബസ്‌റ്റര്‍ വിജയമാണ് നേടിയത്. 2018ൽ നാഗ് അശ്വിൻ സംവിധാനം ചെയ്‌ത 'മഹാനടി' എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ജെമിനി ഗണേശന്‍ ആയാണ് ദുൽഖർ എത്തിയത്.

വമ്പൻ ഹിറ്റായി മാറിയ 'മഹാനടി'ക്ക് ശേഷം ദുൽഖർ സല്‍മാന്‍ തെലുങ്കിൽ നായകനായി എത്തിയ ചിത്രമാണ് 'സീതാ രാമം'. 2022ല്‍ ഹനു രാഘവപുടി സംവിധാനം ചെയ്‌ത ഈ റൊമാന്‍റിക് ഡ്രാമ, ദുൽഖർ സൽമാന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ 'സീതാ രാമ'ത്തെയും മറികടക്കാനൊരുങ്ങുകയാണ് 'ലക്കി ഭാസ്‌കര്‍'. 'ലക്കി ഭാസ്‌കറി'ലൂടെ തെലുങ്കിൽ ഹാട്രിക്ക് വിജയമെന്ന അപൂർവ റെക്കോർഡാണ് ദുൽഖറിനെ തേടി എത്തിയിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണിപ്പോള്‍ ദുല്‍ഖര്‍.

തെലുങ്കിലെ പ്രേക്ഷകരുമായി തനിക്ക് ദൈവികമായ ഒരു ബന്ധമാണ് തോന്നുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. 'ലക്കി ഭാസ്‌കര്‍' വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. 'ലക്കി ഭാസ്‌കറി'ന് ശേഷം പവൻ സാദിനേനി ഒരുക്കുന്ന 'ആകാസംലോ ഓക താര' എന്ന തെലുങ്ക് ചിത്രത്തിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുക.

ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലും ഗൾഫിലും വിതരണത്തിനെത്തിച്ചിരിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റര്‍ടെയിന്‍മെന്‍റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ശ്രീകര സ്‌റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Also Read: 4 ദിനം കൊണ്ട് 55 കോടി; ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ലക്കി ഭാസ്‌കര്‍

ABOUT THE AUTHOR

...view details