ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്‍റെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. ആഗോള തലത്തിൽ 12 കോടി 70 ലക്ഷത്തിന് മുകളിലാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രം 2 കോടിക്ക് മുകളിലാണ് ചിത്രം നേടിയെടുത്തത്. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നിട്ടുണ്ട്.
കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്‌തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിനം മുതൽ തന്നെ ചിത്രം സ്വന്തമാക്കിയത്. കേരളത്തിന് പുറത്തും വിദേശത്തും മികച്ച ബോക്‌സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. രണ്ടാം ദിനവും വലിയ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം മുന്നേറുന്നത്.
അതേസമയം ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദീപാവലി ദിനമായ ഇന്നലെ (ഒക്ടോബർ 31)യാണ് ആഗോള തലത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഒട്ടേറെ ട്വസ്റ്റുകളും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവ വികാസങ്ങളും ചിത്രത്തില്‍ ഉണ്ടെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ എക്‌സില്‍ കുറിക്കുന്നത്.
തെലുഗില്‍ വലിയ സാധ്യതയാണ് ദുല്‍ഖറിന് ഉള്ളതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ആദ്യ ഹിറ്റ് ദുൽഖർ സ്വന്തമാക്കിയെന്നും വളരെ മികച്ച തിരക്കഥയാണ് സിനിമയുടേതെന്നുമാണ് പ്രതികരണങ്ങൾ. ചിത്രത്തിലെ ദുൽഖറിന്‍റെ പ്രകടനത്തെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.
1992 ൽ ബോംബ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്‍റെ പശ്‌ചാത്തലത്തിൽ ഭാസ്‌കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിനെ കഥയാണ് ചിത്രം പറയുന്നത്.