സംവിധായകൻ ലോകേഷ് കനകരാജിന്‍റെ പ്രൊഡക്ഷൻ ഹൗസായ 'ജി സ്‌ക്വാഡ്' ആദ്യമായി അവതരിപ്പിച്ച ചിത്രമാണ് 'ഫൈറ്റ് ക്ലബ്'. ഡിസംബർ 15 ന് ആണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ 'ഫൈറ്റ് ക്ലബ്' ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് (Fight Club OTT Release).
പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് 'ഫൈറ്റ് ക്ലബ്' സ്‌ട്രീമിംഗ് ആരംഭിച്ചത്. തമിഴ് ഒറിജിനലിന് പുറമെ തെലുഗു, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ഹോട്ട്സ്റ്റാറില്‍ ചിത്രം കാണാം (Fight Club streaming on Disney plus Hotstar). അബ്ബാസ് എ റഹ്‍മത്ത് സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ വിജയ് കുമാര്‍ ആയിരുന്നു നായകന്‍. ഉറിയടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജയ് കുമാര്‍ തകർപ്പൻ പ്രകടനമാണ് 'ഫൈറ്റ് ക്ലബി'ൽ കാഴ്‌ചവച്ചത്.
മലയാളിയായ മോനിഷ നായികയായ ചിത്രത്തിൽ കാർത്തികേയൻ സന്താനം, ശങ്കർ ദാസ് തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ അണിനിരന്നു. ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പ് തന്നെ വാർത്തകളിൽ നിറഞ്ഞ സിനിമയായിരുന്നു 'ഫൈറ്റ് ക്ലബ്'. ശശിയുടെ കഥയ്‌ക്ക് സംവിധായകൻ അബ്ബാസ് എ റഹ്‍മത്ത് തന്നെയാണ് തിരക്കഥ ഒരുക്കിയതും.