കണ്ണൂർ:900 ത്തോളം സിനിമ ഗാനങ്ങളുടെ ജാതകം മനപ്പാഠമാക്കിയ കണ്ണൂർ പയ്യന്നൂരിലെ അരവിന്ദന്‍റെ ജീവിതം കയറ്റവും ഇറക്കവും ഏറിയതാണ്. 3 വർഷത്തെ ഇടവേളയ്ക്കു ശേഷം അരവിന്ദൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുവരികയാണ്. ആരാണ് അരവിന്ദൻ എന്നല്ലേ?
1955 മുതൽ ഇങ്ങോട്ടുള്ള സിനിമാ ഗാനങ്ങളുടെ ജാതകം മനപാഠമാക്കിയവൻ. ഏത് പാട്ടിന്‍റെയും ആദ്യ വരി പറഞ്ഞു നൽകിയാൽ മതി. സിനിമ ഏതെന്നും, പുറത്തിറങ്ങിയ വർഷം എന്തെന്നും, പാട്ട് എഴുതിയത് ആരെന്നും, സംഗീതം നൽകിയത് ആരെന്നും, പാടിയത് ആരെന്നും സെക്കന്‍റുകൾക്ക് ഉള്ളിൽ അരവിന്ദൻ പറഞ്ഞു തരും.
അരവിന്ദന്‍റെ കലാപ്രകടനം പാട്ടിൽ ഒതുങ്ങുന്നത് അല്ല. മിമിക്രി താരം, സിനിമ താരം എന്ന് വേണ്ട സർവത്ര രംഗത്തും തിളങ്ങിയ കലാകാരൻ. കൊടിയ ദാരിദ്ര്യത്തിന്‍റെയും ഇല്ലായ്‌മയുടെയും കുടുംബ പശ്ചാത്തലത്തിൽ തന്‍റെ പന്ത്രണ്ടാം വയസിൽ തന്നെ വീടിനടുത്തുള്ള അരി മുറുക്ക് നിർമാണ തൊഴിലാളിയായി പോകേണ്ടി വന്ന അരവിന്ദന്‍റെ ജീവിതം സഞ്ചരിച്ചത് തന്നെ പാട്ടുകളിലൂടെയും സിനിമകളിലൂടെയും ആയിരുന്നു.