കേരളം

kerala

ETV Bharat / entertainment

"ജന്‍മദിനാശംസകള്‍ ഗോവര്‍ദ്ധന്‍.. സത്യം ഇത്തവണ നിങ്ങളെ തേടിവരും", ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഒരുങ്ങി ഇന്ദ്രജിത്ത് - L2 EMPURAAN INDRAJITH POSTER

സ്‌റ്റീഫന്‍ നെടുമ്പള്ളി ഏറ്റവും അപകടകാരിയായ വ്യക്‌തി എന്നായിരുന്നു ഗോവര്‍ദ്ധന്‍റെ വെളിപ്പെടുത്തലുകളില്‍ ഒന്ന്.. ഫേസ്‌ബുക്ക് ലൈവ് സ്‌ട്രീമിലൂടെ വീണ്ടും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇന്ദ്രജിത്ത് സുകുമാരന്‍..

L2 EMPURAAN CHARACTER POSTER  INDRAJITH EMPURAAN CHARACTER POSTER  ഇന്ദ്രജിത്ത് എമ്പുരാന്‍ പോസ്‌റ്റര്‍  L2 എമ്പുരാന്‍
Indrajith Sukumaran character poster (ETV Bharat)

By ETV Bharat Entertainment Team

Published : 5 hours ago

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'L2 എമ്പുരാനാ'യുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. അടുത്ത വര്‍ഷം മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. റിലീസ് കാത്തിരിക്കുന്ന സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് 'എമ്പുരാന്‍' ടീം.

'എമ്പുരാനി'ലൂടെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ദ്രജിത്ത് സുകുമാരന്‍. ഇന്ദ്രജിത്തിന്‍റെ ജന്‍മദിനമായ ഇന്ന് (ഡിസംബര്‍ 17) നടന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

"സത്യം ഇത്തവണ നിങ്ങളെ തേടിവരും" എന്ന അടിക്കുറിപ്പോടു കൂടിയാണ് ഇന്ദ്രജിത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ 'എമ്പുരാന്‍' ടീം പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഫസ്‌റ്റ് ലുക്ക് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.

"ഹാപ്പി ബെര്‍ത്ത്ഡേ ഗോവര്‍ദ്ധന്‍.. ഇന്ദ്രജിത്ത് സുകുമാരന്‍. സത്യം ഇത്തവണ നിങ്ങളെ തേടി വരും. 2025 മാര്‍ച്ച് 27ന് L2 എമ്പുരാന്‍ ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക." -ഇപ്രകാരമായിരുന്നു ഇന്ദ്രജിത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനൊപ്പമുള്ള കുറിപ്പ്.

ഫേസ്‌ബുക്ക് ലൈവ് സ്‌ട്രീമിലൂടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഒരു സത്യാന്വേഷകനായിരുന്നു 'ലൂസിഫറി'ല്‍ ഇന്ദ്രജിത്ത് സുകുമാരന്‍ അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം. സ്‌റ്റീഫന്‍ നെടുമ്പള്ളി ഏറ്റവും അപകടകാരിയായ വ്യക്‌തി എന്നായിരുന്നു ഗോവര്‍ദ്ധന്‍റെ വെളിപ്പെടുത്തലുകളില്‍ ഒന്ന്.

'ലൂസിഫര്‍' ട്രൈലജിയിലെ രണ്ടാം ഭാഗമാണ് 'L2 എമ്പുരാന്‍'. യുഎസ്‌എ, യുകെ, യുഎഇ ഉള്‍പ്പെടെ നാല് രാജ്യങ്ങളിലും, ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലുമായാണ് 'എമ്പുരാന്‍റെ' ചിത്രീകരണം. അടുത്തിടെയാണ് 'എമ്പുരാന്‍റെ' ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഡിസംബര്‍ ആദ്യ വാരം മലമ്പുഴ റിസെര്‍വോയറില്‍ വച്ചായിരുന്നു 'എമ്പുരാന്‍റെ' അവസാന ഷോട്ട് പൂര്‍ത്തിയാക്കിയത്. ഇക്കാര്യം സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

'എമ്പുരാന്‍' പൂര്‍ത്തിയാക്കിയതോടെ ആശിര്‍വാദ് സിനിമാസിന്‍റെ 25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യം ആയെന്ന് പ്രതികരിച്ച് ആന്‍റണി പെരുമ്പാവൂരും രംഗത്തെത്തിയിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചില്ലായിരുന്നെങ്കില്‍ 'എമ്പുരാന്‍' സംഭവിക്കില്ലായിരുന്നു എന്നും ആന്‍റണി പറഞ്ഞിരുന്നു.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ്‌കുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

Also Read: "ലേ പൃഥ്വിരാജ്... ആരാണ്? എന്താണ്?", അണ്‍റൊമാന്‍റിക് ഭര്‍ത്താവെന്ന് സര്‍പ്രൈസുമായി എത്തിയ സുപ്രിയ; വീഡിയോ വൈറല്‍ - SUPRIYA MENON SURPRISES PRITHVIRAJ

ABOUT THE AUTHOR

...view details