തിരുവനന്തപുരം:കിരീടം, ചെങ്കോല്‍ എന്നീ ചിത്രങ്ങളിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടന്‍ മോഹന്‍ രാജ് അന്തരിച്ചു.
ഇന്ന് (ഒക്‌ടോബര്‍ 3) ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മലയാളം തമിഴ് തെലുഗു എന്നീ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ മോഹൻ രാജിനെ അലട്ടിയിരുന്നു. സംസ്‌കാരം നാളെ നടക്കും.
ചെപ്പു കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ്, ട്വന്‍റി -20 , നരസിംഹം, നരന്‍, വിഷ്‌ണു, മായാവി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കിരീക്കാടന്‍ ജോസ്
ശ്വാസമടക്കിപ്പിടിച്ചാണ് ഓരോ പ്രേക്ഷകനും കിരീടത്തിലെ സംഘട്ടന രംഗം കണ്ടിട്ടുണ്ടാവുക. ചോരകണ്ണും മുറിപ്പാടുകള്‍ നിറഞ്ഞ മുഖവുമായി സേതുമാധവന്‍റെ നേരെ പാഞ്ഞടുക്കുന്ന കീരിക്കാടന്‍ ജോസിനേയും എല്ലാം നഷ്‌ടപ്പെട്ട് നിസ്സഹാതയോടെ നില്‍ക്കുന്ന സേതുമാധവനേയും കാണുമ്പോള്‍ തിയേറ്റര്‍ ഇളകി മറിയുമായിരുന്നു. ഏതൊരു പ്രേക്ഷകനും ഈ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ മനസ്സ് ഒന്ന് നീറും.
ഈ ചിത്രം സംവിധാനം ചെയ്‌തത് സിബി മലയില്‍ ആണ്. തിരക്കഥ ഒരുക്കിയത് ലോഹിതദാസും. വില്ലന്‍ കഥാപാത്രം ചെയ്യാന്‍ അഭിനയം അറിയാത്ത ഒരാള്‍ വേണമെന്ന് ലോഹിതദാസിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ മോഹന്‍ രാജിനെ കണ്ടുമുട്ടി. ആളെ കണ്ടപ്പാടെ സംവിധായകനും തിരക്കഥാകൃത്തിനും ബോധ്യപ്പെട്ടു. പക്ഷേ ചിത്രത്തിന്‍റെ കഥയെ കുറിച്ചൊന്നും മോഹന്‍ രാജിന് ആദ്യം ധാരണയുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ ആര്യനാടു വച്ചാണ് കിരീടത്തിന്‍റെ സംഘട്ടന രംഗം ചിത്രീകരിച്ചത്.