'കണ്ണീർപ്പൂവിന്‍റെ കവിളിൽ തലോടി'.... (ETV Bharat) മലയാളിയുടെ ഉള്ളുപൊള്ളിച്ച സിനിമകളുടെ കൂട്ടത്തിൽ മോഹൻലാൽ - സിബിമലയിൽ കൂട്ടുകെട്ടിന്‍റെ 'കിരീടം' എക്കാലവും ഉണ്ടാകും. എല്ലാം നഷ്‌ടപ്പെട്ട സേതുമാധവന്‍റെ ജീവിത വ്യഥകളെ മലയാളി സിനിമാസ്വാദകർ സ്വന്തം അനുഭവങ്ങളായി ഏറ്റെടുക്കുകയായിരുന്നു. കണ്ണുകളെ ഈറനണിയിക്കാതെ ഇന്നും ഈ ചലച്ചിത്രം കണ്ടുതീർക്കാനാകില്ലെന്നുറപ്പ്.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ, കരയണോ വേണ്ടയോ എന്ന ചോദ്യമുയരുന്ന ഘട്ടത്തിൽ സംവിധായകൻ കൃത്യം ഒരു പാട്ട് തുന്നിച്ചേർത്ത് വച്ചിരിക്കുന്നു, 'കണ്ണീർപ്പൂവിന്‍റെ കവിളിൽ തലോടി'. റിലീസ് ചെയ്‌ത് 34 വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സിനിമയും ഗാനവും മലയാളിക്ക് വിങ്ങലാണ്. മോഹൻലാൽ അവിസ്‌മരണീയമാക്കിയ സേതുമാധവൻ എന്ന കഥാപാത്രത്തിന്‍റെ ജീവിത നഷ്‌ടങ്ങളിൽ മലയാളി ഇന്നും കണ്ണീർപൊഴിച്ച് കൊണ്ടേയിരിക്കുന്നു.
വിഖ്യാത സംഗീതജ്ഞൻ ജോൺസൺ മാഷാണ് കിരീടത്തിന് സംഗീതമൊരുക്കിയത്. എംജി ശ്രീകുമാറാണ് കണ്ണീർപ്പൂവിന് ശബ്‌ദമായത്. ഗാനരചന സാക്ഷാൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും.
ഇതിനിടെയാണ് ഈ പാട്ടിനെ കുറിച്ച് ഇതുവരെ തോന്നാത്ത ഒരു സംശയം സോഷ്യൽ മീഡിയയിൽ ചിലർക്ക് തോന്നിയത്. സംശയം ഇതാണ്- കണ്ണീർ, പൂവിന്‍റെ കവിളിൽ തലോടിയതാണോ അതോ കണ്ണീർപ്പൂവിന്‍റെ കവിളിൽ തലോടിയതാണോ ? കണ്ണീർ കഴിഞ്ഞ് കോമ വേണോ അതോ കണ്ണീർപ്പൂവ് ഒറ്റ വാക്കാണോ എന്നതിലാണ് കൺഫ്യൂഷൻ.
ഇപ്പോഴിതാ സംശയമെല്ലാം ഗാനരചിതാവ് കൈതപ്രം നമ്പൂതിരി തന്നെ തീർത്തിരിക്കുകയാണ്. ഒരു സംശയവും വേണ്ട കണ്ണീർപ്പൂവിന്‍റെ എന്നുള്ളത് ഒറ്റവാക്കാണ്. കൈതപ്രം ചർച്ചകൾക്കെല്ലാം ഒറ്റവാക്കിൽ ഫുൾ സ്റ്റോപ്പിട്ടു. കണ്ണീർപ്പൂവിന്‍റെയാണ് കവിളിൽ തലോടിയത്, അല്ലാതെ കണ്ണീര് പൂവിനെ തലോടുകയല്ല. തിരുവന്തപുരത്തെ പ്രശസ്‌ത ആർജെ വിഷ്‌ണുവാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരമൊരു വെറൈറ്റി ചോദ്യം ഉന്നയിച്ചത്. ഏതായാലും ഇങ്ങനെയൊരു സംശയം ഉള്ളിലുള്ളവർക്കൊക്കെ കൈതപ്രത്തിന്‍റെ മറുപടിയിലൂടെ ഉത്തരം ലഭിച്ചിരിക്കുകയാണ്.
ALSO READ:അത്യപൂർവ കഥ പറയാൻ അവർ വരുന്നു: 'ഗഗനചാരി' ട്രെയിലർ പുറത്ത്