കേരളം

kerala

ETV Bharat / entertainment

പറശ്ശിനിക്കടവ് മുത്തപ്പനും കൊരഗച്ഛയും ഒരേകാലത്ത് ജീവിച്ചിരുന്നവർ.. സുധീർ ആട്ടവാർ അഭിമുഖം - SUDHIR ATTAVAR

കൊരഗച്ഛ എന്ന പേരിൽ വടക്കൻ മലബാറിന്‍റെ കഥ പറയുന്ന പാൻ ഇന്ത്യൻ സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍ സുധീർ ആട്ടവർ. ദീർഘ നാളത്തെ റിസർച്ചിന് ശേഷമാണ് കൊരഗച്ഛ തന്‍റെ മനസ്സിൽ ഉദിക്കുന്നതെന്ന് സുധീര്‍ ആട്ടവാര്‍.

KANNADA DIRECTOR SUDHIR ATTAVAR  സുധീര്‍ ആട്ടവാര്‍  കൊരഗച്ഛ  KORAGAJJA
Sudhir Attavar (Etv Bharat)

By ETV Bharat Entertainment Team

Published : Nov 19, 2024, 3:14 PM IST

ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനും എഴുത്തുകാരനുമാണ് സുധീർ ആട്ടവാർ. സാഹിത്യ അക്കാദമി ജേതാവ് കൂടിയായ സുധീർ ആട്ടവാറിന്‍റെ സിനിമകൾ ദേശീയ അന്തർദേശീയ തലത്തില്‍ വളരെയധികം ചർച്ചയായിട്ടുണ്ട്.

'കൊരഗച്ഛ' എന്ന പേരിൽ വടക്കൻ മലബാറിന്‍റെ കഥ പറയുന്ന പാൻ ഇന്ത്യൻ സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍ അദ്ദേഹം. തന്‍റെ സിനിമ വിശേഷങ്ങൾ ഇടിവി ഭാരതിനോട്‌ പങ്കുവച്ചിരിക്കുകയാണ് സുധീർ ആട്ടവാർ.

കർണാടകയിലെ മാംഗ്ലൂരിലാണ് താമസമെങ്കിലും കേരളത്തിലെ കാസർഗോഡാണ് അദ്ദേഹത്തിന്‍റെ സ്വദേശം. കുട്ടിക്കാലം മുതൽ കലാമേഖലയോട് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന സുധീര്‍ ആട്ടവാര്‍ ആദ്യ കാലത്ത് 75 ഓളം നാടകങ്ങളിൽ പ്രവർത്തിക്കുകയും 50 ഓളം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തു.

ഇന്ത്യൻ ടെലികോം വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അന്ന് ജോലിക്കൊപ്പം നാടകങ്ങളും ചെയ്‌തിരുന്നു. എന്നാല്‍ ജീവിതത്തിന്‍റെ ഒരു ഘട്ടത്തിൽ സ്വന്തം പാഷന് പുറകെ പോകാൻ അദ്ദേഹം തീരുമാനിച്ചു. ഇതേതുടര്‍ന്ന് കേന്ദ്രസർക്കാർ ജോലി അദ്ദേഹം ഉപേക്ഷിച്ചിരുന്നു. വലിയ വരുമാനം കിട്ടുന്ന ജോലി ആയിരുന്നെങ്കിൽ കൂടിയും താൻ ഒരിക്കലും അതില്‍ സന്തോഷവാന്‍ ആയിരുന്നില്ലെന്നാണ് സുധീർ ആട്ടവാര്‍ പറയുന്നത്.

രാവിലെ ഒണ്‍പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ യാന്ത്രികമായി ജോലി ചെയ്യാൻ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജോലി ഉപേക്ഷിച്ച ശേഷം സുഹൃത്തുമായി ചേർന്ന് മുംബൈയിൽ ഒരു സ്‌റ്റുഡിയോ ആരംഭിച്ചിരുന്നു. അതിനിടെ വിഖ്യാത സംവിധായകൻ എംഎസ് സത്യുവുമായി ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

'കൊരഗച്ഛ'യുടെ വിശേഷങ്ങളും സംവിധായകന്‍ പങ്കുവച്ചു. ദീർഘ നാളത്തെ റിസർച്ചിന് ശേഷമാണ് 'കൊരഗച്ഛ' എന്ന സിനിമ തന്‍റെ മനസ്സിൽ ഉദിക്കുന്നതെന്ന് സുധീര്‍ ആട്ടവാര്‍ പറഞ്ഞു. മിത്തോളജിയുമായി വളരെ ചേർന്ന് നിൽക്കുന്ന ഒരു ആശയമാണ് ഈ സിനിമയുടേത്. കന്നഡ ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

Koragajja (ETV Bharat)

"കൊരഗച്ഛ എന്ന പേര് കന്നട സിനിമ ഇൻഡസ്ട്രിയയിലെ പല പ്രഗൽഭരായ സംവിധായകരും തങ്ങളുടെ സിനിമയ്ക്ക് നൽകാൻ ആഗ്രഹിച്ച ഒരു പേരാണ്. പക്ഷേ അവർക്കൊന്നും തന്നെ ഈ പേരിൽ ഒരു സിനിമ ഉടൻ ആരംഭിക്കാൻ സാധിച്ചില്ല. ഞാനീ ചിത്രത്തിന്‍റെ പേര് അനൗൺസ് ചെയ്‌തപ്പോൾ തന്നെ പല സംവിധായകരും എന്നെ വിളിച്ച് ഞങ്ങൾ ഈ പേരിൽ ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുകയാണെന്ന് അറിയിച്ചു.

കൊരഗച്ഛ ഒരു ദൈവത്തിന്‍റെ പേരാണ്. ശ്രീകൃഷ്‌ണന്‍റെ പേര് ഉപയോഗിച്ചും ശ്രീകൃഷ്‌ണന്‍റെ ആശയം ഉൾക്കൊണ്ടും എല്ലാവർക്കും സിനിമ ചെയ്യാം. അതിന് കോപ്പിറൈറ്റ് ഇല്ല. ഇത്തരത്തിലുള്ള മറുപടിയാണ് ഞാൻ എല്ലാവരോടും പറഞ്ഞത്. ഈ പേര് തങ്ങളുടെ സിനിമയ്ക്ക് നൽകാൻ പല സംവിധായകരും ആഗ്രഹിച്ചെങ്കിലും ഈ പേരിൽ ആദ്യം ഒരു ചിത്രം ചെയ്യാൻ ഭാഗ്യം ലഭിച്ചത് എനിക്കാണ്.

ബോളിവുഡിലെ പ്രഗൽഭരായ നടന്‍മാരാണ് കൊരഗച്ഛയുടെ ഭാഗമാകുന്നത്. മലയാളത്തിലെ മനോജ് പിള്ളയാണ് ഛായാഗ്രാഹകരിൽ ഒരാൾ. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന സിനിമയിലൂടെ പ്രശസ്‌തയായ ശ്രുതിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കബീർ ബേദിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്."-സുധീർ ആട്ടവാര്‍ പറഞ്ഞു.

Koragajja (ETV Bharat)

പറശ്ശിനിക്കടവ് മുത്തപ്പനും തനിയയും ഒക്കെ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നുവെന്ന് റിസർച്ചിലൂടെ താന്‍ മനസ്സിലാക്കിയതായി സുധീർ ആട്ടവാർ പറഞ്ഞു. തനിയ എന്ന ട്രൈബൽ യുവാവ് ആത്‌മീയ വഴിയെ സഞ്ചരിച്ച് ദൈവത്തിന്‍റെ പ്രതിരൂപമാകുന്നതാണ് ചിത്രത്തിലെ ആശയം. മുത്തപ്പനുമായി ചേർത്ത് വായിക്കാവുന്ന കഥയാണിതെന്നും സംവിധായകന്‍ പറഞ്ഞു.

"കൊരഗച്ഛ എന്ന ദൈവത്തിന്‍റെ കഥ പറയുന്നതിന് അടിസ്ഥാനപരമായുള്ള രേഖകൾ ഒന്നുമില്ല. കേട്ടുകേൾവിയാണ് കൂടുതലും. കർണാടകയുടെ തീരപ്രദേശങ്ങളിൽ ഈ ദൈവത്തെ വലിയ രീതിയിൽ ആരാധിക്കുന്നുണ്ട്. ഇതൊരു ട്രൈബൽ ഗോഡ് ആണ്. കൊറഗ എന്നത് ഒരു ട്രൈബൽ കമ്മ്യൂണിറ്റിയും. കർണാടകയുടെ കേരള അതിർത്തി മേഖലയിൽ കൊരഗച്ഛ ക്ഷേത്രമുണ്ട്.

കൊരഗച്ഛ എന്ന ദൈവം തനിയ എന്ന യുവാവിന് ദൈവ കടാക്ഷം ഉണ്ടായതാണ്. സത്യത്തിൽ തനിയ 23 വയസ്സുവരെ മാത്രമെ ജീവിച്ചിരുന്നുള്ളൂ. കൊറഗ ട്രൈബൽ കമ്മ്യൂണിറ്റിയിലെ ചില ആളുകളാണ് സിനിമയ്ക്ക് ആവശ്യമായ കൂടുതൽ വിശദാംശങ്ങൾ നൽകിയത്. 800 വർഷങ്ങൾക്ക് മുമ്പാണ് തനിയ ജീവിച്ചിരുന്നത്."-സുധീർ ആട്ടവാര്‍ വിശദീകരിച്ചു.

Koragajja (ETV Bharat)

കൊറഗ കമ്മ്യൂണിറ്റിയെയും കൊരഗച്ഛ ദൈവത്തെയും ആശയമാക്കി നിരവധി കലാസൃഷ്‌ടികള്‍ ഇറങ്ങിയിട്ടുണ്ട്. അതൊക്കെ തന്നെയും ആത്‌മാവില്ലാത്ത കലാരൂപങ്ങൾ ആണെന്നും കമ്മ്യൂണിറ്റിയെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിച്ചെന്നും സുധീർ ആട്ടവാർ വ്യക്തമാക്കി. ചിത്രീകരണ സമയത്തെ പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം പറഞ്ഞു.

"കൊരഗച്ഛ സിനിമയുടെ ചിത്രീകരണ വേളയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. കൊരഗച്ഛ ദൈവത്തിന്‍റെ കടാക്ഷം എനിക്ക് ലഭിച്ചത് കൊണ്ടാണ് ഈ ചിത്രം മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പൂർത്തിയാക്കാൻ സാധിച്ചത്. ഒരു ദിവസം ഞങ്ങൾ കേരള-മംഗലപുരം അതിർത്തിയിൽ സിനിമ ചിത്രീകരിക്കുന്നതിനിടെ ആ പ്രദേശത്തെ കുറേ ഗുണ്ടകൾ സെറ്റിലേക്ക് ഇരച്ചു കയറി. അവർ വലിയ പ്രശ്‌നം ഉണ്ടാക്കുകയും ചിത്രീകരണം തുടരാൻ അനുവദിക്കുകയില്ലെന്നും പറഞ്ഞു.

ഞങ്ങൾ സെറ്റിൽ സുരക്ഷയ്ക്കായി ബൗൺസേഴ്‌സിനെ വിന്യസിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഗുണ്ടകളുടെ ആക്രമണം നേരിടാനാകാതെ അവർ ഓടി രക്ഷപ്പെട്ടു. ഞങ്ങളുടെ സെറ്റ് വർക്കും കോസ്റ്റ്യൂമും എല്ലാം അവർ നശിപ്പിച്ചു. തുടർന്ന് ഞാൻ കർണാടക മംഗലാപുരം കമ്മീഷണർ ഓഫ് പൊലീസുമായി ബന്ധപ്പെട്ടു. പൊലീസിന്‍റെ പൂർണ്ണ പിന്തുണയോടെയാണ് തുടർ ചിത്രീകരണം സാധ്യമായത്. പിന്നീട് ഈ പ്രശ്‌നം ഉണ്ടാക്കിയ ഗുണ്ടകളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഒഫീഷ്യലായി ഒരു പരാതി കൊടുക്കുകയാണെങ്കിൽ ഇവരെ ജയിലഴിക്കുള്ളിൽ ആക്കാമെന്ന് പൊലീസ് അഭിപ്രായപ്പെട്ടു. എന്നാൽ ഞാൻ പരാതിപ്പെടാൻ തയ്യാറായില്ല. ഇവരൊക്കെ വെറും ഗുണ്ടകൾ മാത്രമാണ്. എന്‍റെ സിനിമയെ തകർക്കാൻ ഇവരെ അയച്ചവർ പിന്നണിയിലുണ്ട്. ശിക്ഷിക്കപ്പെടുകയാണെങ്കിൽ അവരാണ് ശിക്ഷിക്കപ്പെടേണ്ടത്. നിങ്ങളെക്കൊണ്ട് സാധിക്കുമെങ്കിൽ ആക്രമണത്തിലെ സൂത്രധാരൻമാരെ അറസ്‌റ്റ് ചെയ്യൂ. ഇപ്രകാരം ഞാനൊരു അഭിപ്രായം പൊലീസിനോട് പറഞ്ഞു."-സുധീർ ആട്ടവാര്‍ പറഞ്ഞു.

സിനിമയുടെ ക്ലൈമാക്‌സ്‌ നാല് പ്രാവശ്യം റീഷൂട്ട് ചെയ്‌തിട്ടുണ്ടെന്നും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാന്‍ ഒന്നര വർഷത്തോളമെടുത്തെന്നും അദ്ദേഹം പറഞ്ഞു. 'കൊരഗച്ഛ'യുടെ പോസ്‌റ്റ് വർക്കുകൾ കൊച്ചിയിലാണ് നടക്കുന്നതെന്നും അടുത്ത വർഷം ചിത്രം തിയേറ്ററിൽ എത്തുമെന്നും സുധീർ ആട്ടവാര്‍ അറിയിച്ചു.

സുധീർ ആട്ടവാറിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഗുലേബക്കാവള്ളി എന്ന കൃതിയാണ് അടുത്തതായി സിനിമയാക്കാൻ പോകുന്നതെന്നും സുധീർ ആട്ടവാർ വെളിപ്പെടുത്തി. ഈ നാടകം എട്ടാമത് ഒളിമ്പിക്‌സ് വേദിയിലെ തിയേറ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: അമ്മ എഴുതും, അച്ഛൻ സംഗീത സംവിധാനം ചെയ്യും, മകൾ അഭിനയിക്കും.. വീട്ടിൽ കലാകാരന്‍മാരെ തട്ടിയിട്ട് നടക്കാൻ വയ്യ..

ABOUT THE AUTHOR

...view details