ഏറെ ആകാംക്ഷയോടെയാണ് സൂര്യ നായകനായ കങ്കുവയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്നത്. ഏകദേശം രണ്ടര വര്‍ഷത്തോളം ആ കാത്തിരിപ്പ് തുടരുകയും ചെയ്‌തു. രണ്ടു ദിവസം മുന്‍പാണ് സിരുത്തൈ ശിവ സംവിധാനം ചെയ്‌ത കങ്കുവ പ്രേക്ഷകരുടെ മുന്നിലെത്തിയത്. ചിത്രത്തിന്‍റെ തുടക്കം മുതല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതെങ്കിലും ചിത്രം നേരിട്ട പ്രധാന വിമര്‍ശനം തിയേറ്ററില്‍ അനുഭവപ്പെട്ട അമിത ശബ്ദമായിരുന്നു. തിയേറ്ററില്‍ ആകെ അലര്‍ച്ച മാത്രമാണെന്നാണ് പ്രേക്ഷകരുടെ പരാതി.
അസഹ്യമായ ശബ്ദമാണെന്നും തലവേദനിക്കുന്നുവെന്നും കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെട്ടതോടെ ട്രോളുകളും സജീവമായി. പിന്നാലെയാണ് ഓസ്‍കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് പ്രതികണവുമായി എത്തിയത്.
പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.
വിമർശനങ്ങള്‍ വ്യാപകമായതോടെ ചിത്രത്തിന്‍റെ ശബ്‌ദം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കങ്കുവയുടെ നിര്‍മാതാവായ കെ ഇ ജ്ഞാനവേൽ. തിയേറ്ററുകളില്‍ സിനിമയുടെ വോളിയം മൈനസ് രണ്ട് ആയി കുറയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്‌ച മുതല്‍ പുതിയ സൗണ്ട് ക്വാളിറ്റിയിലാകും സിനിമയെത്തുകയെന്ന് ജ്ഞാനവേല്‍ രാജ അറിയിച്ചു.
എല്ലാ വലിയ സിനിമകൾക്കു നേരെയും 'ആന്‍റി ഫാൻസ്' ഉയർത്തുന്ന വിമർശനങ്ങൾ പോലെ മാത്രമേ കങ്കുവയ്ക്കു നേരെ ഉയരുന്ന ട്രോളുകളെയും കാണാനാവൂ, ചിത്രത്തിന് ഇതുവരെ പ്രതീക്ഷിച്ചതിലേറെ തീയേറ്റർ കളക്ഷൻ നേടാനായിട്ടുണ്ടെന്നും സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയാണെന്നും നിർമാതാവ് അവകാശപ്പെട്ടു.