ഉലകനായകൻ കമൽ ഹാസന്‍റേതായി രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. ഒന്ന് സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എഡി'. മറ്റൊന്ന് സംവിധായകൻ ഷങ്കറിനോടൊപ്പമുള്ള ഇന്ത്യൻ 2. നാഗ് അശ്വിന്‍റെ സംവിധാനത്തിൽ വമ്പൻ താരനിര അണിനിരക്കുന്ന കൽക്കി നാളെ (ജൂൺ 27) റിലീസിന് ഒരുങ്ങുകയാണ്. 'ഇന്ത്യൻ 2' ജൂലൈ 12നും തിയേറ്ററുകളിലേക്കെത്തും.
രണ്ട് സിനിമകളുടെയും പ്രൊമോഷൻ തിരക്കുകളിലാണ് കമൽ ഹാസൻ ഇപ്പോൾ. മുംബൈയിൽ ഇന്ത്യൻ 2 പ്രൊമോഷനിടെയുള്ള താരത്തിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സർക്കാരിനെ വെല്ലുവിളിക്കുന്ന സിനിമകൾ നിർമിക്കുന്നതിലെ 'റിസ്‌ക്' തുറന്ന് സമ്മതിക്കുകയാണ് താരം. പൗരന്മാരെന്ന നിലയിൽ കലാകാരന്മാർക്ക് അധികാരികളെ ഉത്തരവാദികളാക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.
1996ലെ ബ്ലോക്ക്‌ബസ്റ്റർ ചിത്രം ഇന്ത്യന്‍റെ തുടർച്ചയാണ് ഇന്ത്യൻ 2. ഇന്ത്യൻ 2ൻ്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുന്നതിനിടെ സേനാപതി എന്ന തൻ്റെ വേഷം വീണ്ടും അവതരിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യയിലെ അഴിമതിക്കെതിരെ ജാഗ്രത പുലർത്തുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയായാണ് കമൽ ഈ ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തെ കുറിച്ചുള്ള തൻ്റെ ചിന്തകൾ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചു.
ഇന്നത്തെ കാലത്ത് സർക്കാരിനെ വിമർശിക്കുന്ന സിനിമകൾ നിർമിക്കുന്നത് ബുദ്ധിമുട്ടാണോ എന്ന ചോദ്യത്തിന് ഈ വെല്ലുവിളി ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 'അക്കാലത്തും ആളുകൾ സിനിമകൾ നിർമിക്കുന്നുണ്ടായിരുന്നു. അത്തരം സിനിമകൾ ഞങ്ങൾ തുടർന്നും നിർമിക്കും, മുകളിലുള്ളത് ആരാണെന്നത് പ്രശ്‌നമല്ല. അത് സിനിമാക്കാരന് മാത്രമല്ല, ആ ചോദ്യങ്ങൾ ചോദിക്കാൻ ഓരോ പൗരനും അവകാശമുണ്ട്' അദ്ദേഹം പറഞ്ഞു.