ഹൈദരാബാദ് :തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പ്രഭാസ് ചിത്രം കൽക്കി 2898 എഡി ഇന്ത്യയിൽ 14-ാം ദിവസം 7.5 കോടി രൂപ നേടിയതായി റിപ്പോര്‍ട്ട്. ഇൻഡസ്ട്രി ട്രാക്കർ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത് ചിത്രത്തിന്‍റെ മൊത്തം ആഭ്യന്തര വരുമാനം 536.75 കോടി രൂപയാണെന്നാണ്. 10.4 കോടി രൂപ നേടിയ രണ്ടാം തിങ്കളാഴ്‌ച ഏകദേശം 75 ശതമാനം ഇടിവുണ്ടായിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ചിത്രം തെലുഗു, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. സിനിമയ്‌ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഹിന്ദി പതിപ്പിൽ നിന്നാണ്. തെലുഗു പതിപ്പ് 14 ദിവസം 1.7 കോടി നേടിയപ്പോൾ ഹിന്ദി പതിപ്പ് 4.75 കോടി നേടി.
ചിത്രത്തിന്‍റെ തെലുഗു, ഹിന്ദി പതിപ്പുകൾ യഥാക്രമം 252.1 കോടിയും 229.05 കോടിയും നേടി. റിലീസ് ചെയ്‌ത് പതിനൊന്നാം ദിവസം ചിത്രം ആഗോളതലത്തിൽ 900 കോടി നേടിയതായി ചിത്രത്തിന്‍റെ നിർമാതാക്കളായ വൈജയന്തി ഫിലിംസ് അറിയിച്ചു.
കമൽ ഹാസൻ നായകനായ ഇന്ത്യന്‍ 2വുമായാണ് ദക്ഷിണേന്ത്യയില്‍ കല്‍ക്കിയുടെ മത്സരം. ഹിന്ദിയിൽ അക്ഷയ് കുമാറിന്‍റെ സർഫിറയുമായും പ്രഭാസ് ചിത്രം മത്സരിക്കുന്നുണ്ട്. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലകനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ഭൈരവയായി പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ സുമതിയായി പ്രത്യക്ഷപ്പെട്ടത് ദീപിക പദുക്കോണാണ്.
മികച്ച പ്രേക്ഷക അഭിപ്രായത്തോടെയാണ് കൽക്കി കേരളത്തിൽ പ്രദർശനം തുടരുന്നത്. 350 സ്‌ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. തീ പാറുന്ന ആക്ഷൻ രംഗങ്ങളും മികച്ച സൗണ്ട് ട്രാക്കും ഉൾപ്പെടുത്തി ദൃശ്യാവിഷ്‌കരിച്ച ചിത്രം സമാനതകളില്ലാത്ത തിയേറ്റർ എക്‌സ്‌പീരിയൻസാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ദത്ത് നിർമിച്ച കൽക്കി കേരളത്തിൽ വിതരണത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ ഉടമസ്ഥയിലുള്ള വേഫറർ ഫിലിംസാണ്.
Also Read : ബോക്‌സോഫിസില്‍ കസറി 'കല്‍ക്കി': ആദ്യവാരം നേടിയത് 800 കോടി; കേരളത്തിൽ 350 തിയേറ്ററുകളിൽ പ്രദർശനം - KALKI BOX OFFICE COLLECTION