ഹൈദരാബാദ് :ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ സിനിമയാണ് 'കൽക്കി 2898 എഡി'. തെലുഗു താരം പ്രഭാസ് നായകനാകുന്ന ഈ ചിത്രത്തിൽ ബോളിവുഡിലെ താരസുന്ദരി ദീപിക പദുകോൺ ആണ് നായികയായി എത്തുന്നത്. ഒപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി തുടങ്ങി വൻ താരനിരയും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. നാഗ് അശ്വിൻ ആണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ സംവിധായകൻ.
'കൽക്കി 2898 എഡി'യിൽ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്- ബുജ്ജി എന്ന റോബോട്ട്. ബുജ്ജിയുടെ യഥാർഥ രൂപം എന്തെന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇന്നലെയാണ് അവസാനമായത്. തങ്ങളുടെ പ്രത്യേക റോബോട്ടായ ബുജ്ജിയെയും പ്രഭാസ് അവതരിപ്പിച്ച പ്രധാന കഥാപാത്രമായ ഭൈരവയെയും ബുധനാഴ്‌ച (മെയ് 22) നിർമ്മാതാക്കൾ വെളിപ്പെടുത്തി.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ആഡംബര പ്രി-റിലീസ് ഇവൻ്റിൽ ആയിരുന്നു പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഭൈരവയെയും ബുജ്ജിയെയും പ്രത്യേക ടീസറിലൂടെ അണിയറക്കാർ വെളിപ്പെടുത്തിയത്. ബുജ്ജി എന്ന ഈ വാഹനവും കൽക്കിയുടെ അവിഭാജ്യ ഘടകമാണ് എന്നുറപ്പ്.
ബുജ്ജിയുമൊത്തുള്ള ഭൈരവയുടെ യാത്ര ഏറെ രസകരമായിരുന്നു എന്ന് ചടങ്ങിൽ പ്രഭാസ് പറഞ്ഞു. മൂന്ന് വർഷം താന്‍ ഈ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു എന്നും താരം പറഞ്ഞു. ബുജ്ജി വാഹനം ഓടിച്ചാണ് പ്രഭാസ് വേദിയിൽ എത്തിയത്.
"ഇന്ത്യയെ തന്നെ പ്രചോദിപ്പിച്ച പ്രകടനം കാഴ്‌ചവച്ച അഭിനേതാക്കളാണ് അമിതാഭ് ബച്ചനും കമൽഹാസനും. ഇത്രയും മികച്ച നടന്മാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണ്. അമിതാഭ് ബച്ചനെപ്പോലൊരു നടൻ നമ്മുടെ നാട്ടിൽ ഉള്ളതിൽ അഭിമാനിക്കുന്നു.