കൊല്‍ക്കൊത്ത:ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്ക്കർ നാഷണൽ അവാർഡിന് യുവ സംവിധായകനും ഫോക്ക്‌ലോര്‍ ഗവേഷകനുമായ ജിംസിത്ത് അമ്പലപ്പാട് അർഹനായി. വയനാടൻ ആദിവാസി വിഭാഗമായ പണിയ സമുദായത്തിന്‍റെ ജീവിത പശ്ചാത്തലവും അവരുടെ കലാരൂപമായ വട്ടക്കളിയും പ്രതിപാദിക്കുന്ന അദ്ദേഹത്തിന്‍റെ ഡോക്യുമെന്‍ററിയാണ് അവർഡിനായി പരിഗണിച്ചത്.
ദളിത് സാഹിത്യ അക്കാദമി കല, സാഹിത്യം, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിലെ പ്രതിഭകൾക്കാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 8 ന് ന്യൂഡൽഹി പഞ്ചശീൽ ആശ്രമത്തിലെ അംബേദ്‌ക്കര്‍ മണ്ഡപത്തിൽ നടക്കുന്ന ദളിത് സാഹിത്യ അക്കാദമിയുടെ നാൽപ്പതാമത് സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രതിനിധികളുടെയും, കലാസംസ്‌ക്കാരികരംഗത്തെ പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ യുവ സംവിധായാകനുള്ള പുരസ്‌ക്കാരം ജിംസിത്ത് അമ്പലപ്പാട് ഏറ്റുവാങ്ങും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആംഗീകാരം, കേരള മാപ്പിളകലാ അക്കാദമി അവാർഡ്(2022), മണിമുഴക്കം കലാഭവൻ മണി പുരസ്‌കാരം(2023) തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ജിംസിത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ചേളന്നൂർ അമ്പലപ്പാട് സ്വദേശി വിശ്വനാഥൻ നായരുടെയും പ്രേമവല്ലിയുടെയും മകനാണ്.