മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രം 'അയ്യര്‍ ഇന്‍ അറേബ്യ' തിയേറ്ററുകളിലേക്ക്. സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു. ഫെബ്രുവരി രണ്ടിന് 'അയ്യര്‍ ഇൻ അറേബ്യ' പ്രേക്ഷകർക്കരികിൽ എത്തും (Iyer In Arabia movie to release on february 02).
മുകേഷും ഉർവശിയും ദമ്പതികളായി എത്തുന്ന ഈ ചിത്രത്തിൽ ഇവരുടെ മകന്‍റെ വേഷമാണ് ധ്യാൻ അവതരിപ്പിക്കുന്നത്. ദുര്‍ഗ കൃഷ്‌ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ എന്നിവരും 'അയ്യര്‍ ഇന്‍ അറേബ്യ'യിൽ പ്രധാന വേഷങ്ങളിലുണ്ട്. മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മുകേഷും ഉർവശിയും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'അയ്യര്‍ ഇന്‍ അറേബ്യ' ആക്ഷേപ ഹാസ്യമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും സംവിധായകൻ എം എ നിഷാദാണ്.